Latest News

ഏഷ്യാനെറ്റ് വിലക്ക്: കേന്ദ്ര സഹമന്ത്രി വി മുരളീധരന്റേത് സത്യപ്രതിജ്ഞ ലംഘനമെന്ന് കേരള ടെലിവിഷന്‍ ഫെഡറേഷന്‍

നടപടി ഏകപക്ഷീയവും ജനാധിപത്യ വിരുദ്ധമെന്നും കേരള ടെലിവിഷന്‍ ഫെഡറേഷന്‍

ഏഷ്യാനെറ്റ് വിലക്ക്: കേന്ദ്ര സഹമന്ത്രി വി മുരളീധരന്റേത് സത്യപ്രതിജ്ഞ ലംഘനമെന്ന് കേരള ടെലിവിഷന്‍ ഫെഡറേഷന്‍
X

തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ വാര്‍ത്താചാനലുകളിലൊന്നായ എഷ്യാനെറ്റ്ന്യൂസിനെ ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ വിലക്കിയ കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെനടപടിയില്‍ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രതിഷേധിച്ചു. മന്ത്രിയുടെ നടപടി അത്യന്തം പ്രതിലോമകരവും ജനാധിപത്യവിരുദ്ധവുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ കഴിഞ്ഞദിവസം ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വിളിച്ച്‌ചേര്‍ത്തവാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒഴിവാക്കിയിരുന്നു.

ഡല്‍ഹിയിലെ മലയാളമാധ്യമങ്ങളുടെ പ്രതിനിധികളെ മന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള ഔദ്യോഗിക വിവരങ്ങള്‍ അറിയിക്കുന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് പോലും എഷ്യാനെറ്റ് ന്യൂസ് പ്രതിനിധികളെ പുറത്താക്കി. ബിജെപി കേരളഘടകം പ്രസ്തുത മാധ്യമസ്ഥാപനത്തിന് നേരെ പ്രഖ്യാപിച്ചിരിക്കുന്ന നിസ്സഹകരണത്തിന്റെ ഭാഗമായാണത്രെ കേന്ദ്രസഹമന്ത്രിയുടെ നടപടി. കേന്ദ്രമന്ത്രിപദത്തിന് യോജിച്ചതാണോ ഈ സമീപനം എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി താന്‍ ബിജെപി നേതാവ് കൂടിയാണ്,കേരള ബിജെപി ഘടകം നിസ്സഹകരിക്കാന്‍ തീരുമാനിച്ചിട്ടുള്ള ഒരു മാധ്യമത്തെ താന്‍ വിളിച്ചിട്ടില്ല എന്ന മറുപടിയാണ് മന്ത്രി നല്‍കിയത്. കൊവിഡ് വ്യാപനസാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ജനങ്ങളിലെത്തി

ക്കുന്നതിനെ തടസ്സപ്പെടുത്തുന്നത് കൂടിയാണ് പരോക്ഷമായി മന്ത്രിയുടെ നടപടി. പൊതു പദവിയിലിരിക്കുന്ന കേന്ദ്രമന്ത്രി ഒരു മാധ്യമത്തിന് നേരെ സ്വീകരിക്കുന്ന ഈ നിലപാട് അത്യന്തം ജനാധിപത്യവിരുദ്ധവും അപലപനീയവുമാണ്. കേന്ദ്രമന്ത്രി വിളിക്കുന്ന വാര്‍ത്താസമ്മേളനം ഔദ്യോഗികപരിപാടിയാണ്. അതില്‍ വിവേചനപൂര്‍വം ഒരു മാധ്യമത്തെ വിലക്കുകയും മറ്റുള്ളവരെ ക്ഷണിക്കുകയുമാണ് മന്ത്രി ചെയ്തിട്ടുള്ളത്. ക്ഷണിച്ചവരോട് സ്‌നേഹവും വിലക്കിയവരോട് വിദ്വേഷവും പ്രകടിപ്പിക്കുകയുമാണ് മന്ത്രി . ചുമതലകള്‍ സ്‌നേഹമോവിദ്വേഷമോ കൂടാതെ നിറവേറ്റും എന്ന സത്യപ്രതിജ്ഞയുടെ ലംഘനം കൂടിയാണ് യഥാര്‍ഥത്തില്‍ മന്ത്രി ചെയ്തിരിക്കുന്നത്.മാധ്യമങ്ങള്‍ക്ക് മാത്രമല്ല പൊതുസമൂഹത്തിനും ബോധ്യപ്പെടാത്ത കേന്ദ്രമന്ത്രിയുടെ ഈ ഏകപക്ഷീയമായ നിലപാട് തിരുത്തണമെന്നും ഏഷ്യാനെറ്റ് ന്യൂസിനുള്ള വിലക്ക്അവസാനിപ്പിക്കണമെന്നും ഫെഡറേഷന്‍ പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാര്‍ എംപിയും സെക്രട്ടറി ബേബി മാത്യു സോമതീരവും ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it