Latest News

ശതകോടീശ്വരന്മാര്‍ വര്‍ധിച്ചു; 84 ശതമാനം കുടുംബങ്ങളുടെയും വരുമാനത്തില്‍ ഇടിവ്; രാജ്യത്തെ അസമത്വത്തിന്റെ തീവ്രത വെളിപ്പെടുത്തി ഓക്‌സ്ഫാം റിപോര്‍ട്ട്

ശതകോടീശ്വരന്മാര്‍ വര്‍ധിച്ചു; 84 ശതമാനം കുടുംബങ്ങളുടെയും വരുമാനത്തില്‍ ഇടിവ്; രാജ്യത്തെ അസമത്വത്തിന്റെ തീവ്രത വെളിപ്പെടുത്തി ഓക്‌സ്ഫാം റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: 2021 വര്‍ഷത്തില്‍ രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം 102ല്‍ നിന്ന് 142 ആയി വര്‍ധിച്ചു. 84 ശതമാനം കുടുംബങ്ങളുടെയും വരുമാനം ഇടിഞ്ഞു. ദാവോസ് ലോക സാമ്പത്തിക ഫോറത്തിന്റെ മുന്നോടിയായി പുറത്തുവിട്ട ഓക്‌സ്ഫാം ഇന്ത്യ റിപോര്‍ട്ടാണ് രാജ്യം അനുഭവിക്കുന്ന കടുത്ത അസമത്വം വെളിപ്പെടുത്തിയത്.

രാജ്യത്തെ ഏറ്റവും ധനികരായ നൂറ് പേരുടെ ആകെ ആസ്തി 57.3 ലക്ഷം കോടി രൂപയാണ്. കൊവിഡ് കാലത്ത് സമ്പന്നരുടെ ആസ്തി വര്‍ധിച്ചതായും റിപോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്. 2020 മാര്‍ച്ച് മുതല്‍ 2021 നവംബര്‍ 30 വരെയുളള കാലത്ത് ആസ്തി 23.14 ലക്ഷം കോടിയില്‍ നിന്ന് 53.16 ലക്ഷം കോടിയായി വര്‍ധിച്ചു. 4.6 കോടി ഇന്ത്യക്കാര്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. യുഎന്‍ കണക്കനുസരിച്ച് ലോകത്തെ പുതിയ ദരിദ്രരില്‍ പകുതിയും ഇന്ത്യയിലാണ്.

രാജ്യത്തെ 10 ശതമാനം ധനികരില്‍ 1 ശതമാനം സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുകയാണെങ്കില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ ഉയര്‍ന്ന നിക്ഷേപം, സാര്‍വത്രിക ആരോഗ്യ സംരക്ഷണം, എല്ലാ ഇന്ത്യക്കാര്‍ക്കും പ്രസവാവധി, ശമ്പളത്തോടുകൂടിയ അവധികള്‍, പെന്‍ഷന്‍ തുടങ്ങിയ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ പോലുള്ള അസമത്വത്തിനെതിരായ നടപടികള്‍ക്കുള്ള പണം ലഭിക്കും. അസമത്വത്തെ മാത്രമല്ല, ദാരിദ്ര്യത്തെയും വര്‍ധിപ്പിക്കുന്ന തരത്തിലാണ് സമ്പദ്ഘടനയും സാമ്പത്തിക നയവും പ്രവര്‍ത്തിക്കുന്നത്. ഇത് മാറ്റി സമത്വവും സുസ്ഥിരതയും ഉറപ്പുവരുത്തുന്ന സാമ്പത്തിക സംവിധാനമൊരുക്കണം- ഓക്‌സഫാം സിഇഒ അമിതാഭ് ബെഹര്‍ അഭിപ്രായപ്പെട്ടു.

ഓരോ ദിവസവും കുറഞ്ഞത് 21,000 ആളുകളുടെ മരണത്തിന് അസമത്വം കാരണമാവുന്നുണ്ട്. ഓരോ നാല് സെക്കന്‍ഡിലും ഒരാള്‍ വീതം മരിക്കുന്നതിനും ഇത് കാരണമാവുന്നു. നിലവില്‍ 99 വര്‍ഷം പുറകിലായിരുന്ന ലിംഗസമത്വം കൊവിഡിനുശേഷം 135 വര്‍ഷം പുറകിലേക്ക് പോയി. സ്ത്രീകള്‍ക്ക് 2020ല്‍ കൊവിഡ് മൂലം നഷ്ടപ്പെട്ടത് 59.11 ലക്ഷം കോടിയാണ്. 2019നേക്കാള്‍ 1.3 കോടി കുറവ് സ്ത്രീകളാണ് ഇപ്പോള്‍ തൊഴിലെടുക്കുന്നത്. കൊവിഡ് അവരുടെ തൊഴില്‍സാധ്യതകള്‍ ഇടിച്ചു.

സമ്പത്ത് ധനികരില്‍ നിന്ന് ദരിദ്രരിലേക്ക് കൈമാറാന്‍ ജനാധിപത്യ സംവിധാനം പര്യാപ്തമാണെന്ന് ഇന്ത്യക്ക് ലോകത്തെ ബോധ്യപ്പെടുത്താനാവണമെന്ന് സിഇഒ നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it