Latest News

കൊവിഡ്; രാജ്യത്ത് ഒറ്റ ദിവസത്തില്‍ 5611 പുതിയ കേസുകള്‍; 140 മരണം

കൊവിഡ്; രാജ്യത്ത് ഒറ്റ ദിവസത്തില്‍ 5611 പുതിയ കേസുകള്‍; 140 മരണം
X

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക് ഡൗണ്‍ നാലാംഘട്ടത്തില്‍ എത്തുമ്പോഴും ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടാവുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ വിവിധ സംസ്ഥാനങ്ങളിലായി 5,611 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 140 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1.06 ലക്ഷമായി ഉയര്‍ന്നു. ഇതുവരെ 3,303 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. 42,298 പേര്‍ സുഖം പ്രാപിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലം അറിയിച്ചു.

മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങളിലാണ് കേസുകള്‍ കൂടുതലുള്ളത്. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 2,033 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 51 പേര്‍ മരിക്കുകയും ചെയ്തു. മഹാരാഷ്ട്രയ്ക്ക് ശേഷം ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ ഉള്ള സംസ്ഥാനമായി തമിഴ്നാട് മാറി. ഇന്നലെ മാത്രം സംസ്ഥാനത്ത് പുതുതായി 688 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. മൊത്തം 12,448 കേസുകള്‍. രാജസ്ഥാന്‍ 338, മധ്യപ്രദേശ് 229, ഉത്തര്‍പ്രദേശ് 321, ഡല്‍ഹി 500, അസം 46, കേരളം 12 എന്നിങ്ങനയാണ് ഇന്നലെ മാത്രം പുതുതായി രോഗം സ്ഥിരീകരിച്ചത്.

അതേസമയം ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാന തലസ്ഥാനമായ ലഖ്നോവില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെയുള്ള യുപിയിലെ ബസ്തി ജില്ലയിലാണ് നാട്ടിലേക്ക് മടങ്ങിയ അമ്പത് കുടിയേറ്റക്കാരെ കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. സംസ്ഥാനത്ത് 4,926 കൊവിഡ് കേസുകളാണ് ഉള്ളത്.


Next Story

RELATED STORIES

Share it