Latest News

സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ക്ക് പിന്നില്‍ അന്താരാഷ്ട്ര ശാഖകളുള്ള തിമിംഗലങ്ങള്‍: സരിത എസ് നായര്‍

പിസി ജോര്‍ജ്, സ്വപ്‌ന സുരേഷ്, ക്രൈം നന്ദകുമാര്‍ എന്നിവരാണ് ഗൂഢാലോചന നടത്തിയത്

സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ക്ക് പിന്നില്‍ അന്താരാഷ്ട്ര ശാഖകളുള്ള തിമിംഗലങ്ങള്‍: സരിത എസ് നായര്‍
X

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന നടത്തിയ അന്താരാഷ്ട്ര ശാഖകളുള്ള തിമിംഗലങ്ങളാണെന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. തന്നെ ഇതിലേക്ക് കൊണ്ടുവന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്നാണ് അറിയേണ്ടത്. തന്റെ പക്കല്‍ തെളിവുകളുണ്ട്. ഇതിന് പിന്നില്‍ രാഷ്ട്രീയക്കാരല്ലെന്നും അവര്‍ പറഞ്ഞു.

ഗൂഢാലോചനയില്‍ പിസി ജോര്‍ജ്, സ്വപ്‌ന സുരേഷ്, ക്രൈം നന്ദകുമാര്‍, ചില രാഷ്ട്രീയക്കാരുമുണ്ട്. രാഷ്ട്രീയക്കാരുടെ വിവരം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. തന്റെ മകളെയടക്കം സമൂഹമാധ്യമങ്ങളില്‍ വലിച്ചിഴച്ച് അവഹേളിച്ചു. അങ്ങിനെയായപ്പോള്‍ വെറുതെയിരുന്നാല്‍ ശരിയാവില്ലെന്ന് കരുതി. പിസി ജോര്‍ജിനെ ആരെങ്കിലും യൂസ് ചെയ്തതാണോയെന്ന് അന്വേഷിച്ചാലേ മനസിലാകൂ. താന്‍ അന്വേഷിച്ച് കണ്ടെത്തിയ കാര്യങ്ങള്‍ക്ക് തന്റെ പക്കല്‍ തെളിവുകളുണ്ട്. വിവാദങ്ങളില്‍ ഏറെ മാനസിക ബുദ്ധിമുട്ടുണ്ടായെന്നും സരിത പറഞ്ഞു.

ഗൂഢാലോചനയ്ക്ക് പിന്നിലെ സൂത്രധാരന്‍ പിസി ജോര്‍ജ്ജ് അല്ല. അദ്ദേഹത്തിന് പിന്നില്‍ വലിയ തിമിംഗലങ്ങളുണ്ട്. തന്നെ സമീപിച്ചത് പിസി ജോര്‍ജ്ജാണ്. വരും ദിവസങ്ങളില്‍ സത്യാവസ്ഥ മനസിലാകും. 2015 തൊട്ട് തുടങ്ങിയ സംഭവമാണ്. ചെറിയ സാമ്പത്തിക തിരിമറിയാണ് ഇതിനെല്ലാം പുറകില്‍. പണം കൊടുത്ത് വാങ്ങിയ സാധനം കിട്ടാതിരുന്നാല്‍ ആളുകള്‍ ചോദിക്കില്ലേ, അതാണിതും. അന്താരാഷ്ട്ര ശാഖകള്‍ വരെയുള്ള സംഘമാണ് ഇതിനെല്ലാം പിന്നില്‍. ഇത് രാജ്യദ്രോഹമാണെങ്കിലും സപ്പോര്‍ട്ട് ചെയ്യാന്‍ ആളുണ്ടെന്നും സരിത പറഞ്ഞു.

ചിലരെ രക്ഷപ്പെടുത്താന്‍ മറ്റ് ചിലരെ ഉപയോഗിക്കുകയാണ് സ്വപ്നയെന്ന് അവര്‍ കുറ്റപ്പെടുത്തി. ഇത് രാഷ്ട്രീയപ്രേരിതം മാത്രമല്ല, സ്വപ്ന നിലനില്‍പ്പിനായാണ് ശ്രമിക്കുന്നത്. സാധാരണ നിലയ്ക്ക് ഒരു സ്ത്രീയെ കൊണ്ട് സാധിക്കുന്ന കാര്യമല്ല അവര്‍ക്ക് മുന്നിലുള്ളത്. അതിനാല്‍ കൂടുതല്‍ സുരക്ഷിതമെന്ന് തോന്നിയ വഴി അവര്‍ തിരഞ്ഞെടുത്തിരിക്കാം. അവര്‍ക്ക് മുന്നിലുള്ള രണ്ട് ഉപായങ്ങളിലൊന്ന് അവര്‍ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും സരിത പറഞ്ഞു.

Next Story

RELATED STORIES

Share it