Latest News

പാണ്ടിക്കാട് വന്‍ കഞ്ചാവ്‌വേട്ട; രാജസ്ഥാന്‍ സ്വദേശിയടക്കം രണ്ട് പേര്‍ പിടിയില്‍

പാണ്ടിക്കാട് വന്‍ കഞ്ചാവ്‌വേട്ട; രാജസ്ഥാന്‍ സ്വദേശിയടക്കം രണ്ട് പേര്‍ പിടിയില്‍
X

പെരിന്തല്‍മണ്ണ: പതിനാറു കിലോഗ്രാം കഞ്ചാവുമായി പാണ്ടിക്കാട് രണ്ടു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. രണ്ട് പേരില്‍ ഒരാള്‍ രാജസ്ഥാന്‍ സ്വദേശിയാണ്. ആന്ധ്ര, ഒറീസ സംസ്ഥാനങ്ങളില്‍ നിന്നും ഇതര സംസ്ഥാന തൊഴിലാളികള്‍ മുഖേന വന്‍തോതില്‍ കഞ്ചാവ് ട്രയിന്‍ മാര്‍ഗം കേരളത്തിലേക്ക് കടത്തുന്നതായും ആവശ്യക്കാര്‍ക്ക് വിലപറഞ്ഞുറപ്പിച്ച് പറയുന്ന സ്ഥലത്തേക്ക് എത്തിച്ചുകൊടുക്കുന്നതായും മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസ്സിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പുഴക്കാട്ടിരി മണ്ണുംകുളം സ്വദേശി ചെമ്മല സുരേഷ് (52), രാജസ്ഥാന്‍ സ്വദേശി ഉദയ് സിംഗ്(30) എന്നിവരെ കഴിഞ്ഞ ദിവസം രാത്രിയില്‍ പാണ്ടിക്കാട് ടൗണ്‍ പരിസരത്തുവച്ച് പിടികൂടിയത്.

പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ് കുമാര്‍, സിഐ മുഷമ്മദ് റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ പാണ്ടിക്കാട് എസ്‌ഐ അരവിന്ദന്‍, ജില്ലാ ആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡ് എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് കാറില്‍ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് കണ്ടെത്തിയത്.

ബീഹാര്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേക്കുവരുന്ന ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്ക് കമ്മീഷന്‍ വ്യവസ്ഥയില്‍ വിലപറഞ്ഞുറപ്പിച്ചാണ് ബാഗുകളിലും മറ്റും ഒളിപ്പിച്ച് കേരളത്തിലെത്തിക്കുന്നത്. പിന്നീട് കിലോഗ്രാമിന് 30,000 മുതല്‍ 35,000 രുപ വരെ വിലയിട്ട് ഏജന്റുമാര്‍ മുഖേന വിറ്റഴിക്കുന്നു. അങ്ങനെ വിലയുറപ്പിച്ച് ബൈക്കിലും മറ്റും എത്തിക്കുന്നവരാണ് ഇപ്പോള്‍ പിടിയിലായത്. മറ്റുള്ളവരെകുറിച്ച് വിവരം ലഭിച്ചതായും അവരെ നിരീക്ഷിച്ചു വരികയാണെന്നും ഡിവൈഎസ്പി എം സന്തോഷ് കുമാര്‍ അറിയിച്ചു.

സുരേഷ് പെരിന്തല്‍മണ്ണ പോലിസ് സ്‌റ്റേഷനില്‍ 2012ല്‍ കഞ്ചാവ് കേസില്‍ പിടിയിലായി ഒന്നര വര്‍ഷം ജയില്‍ശിക്ഷയനുഭവിച്ച് പുറത്തിറങ്ങിയതാണ്. ഉദയ്‌സിംഗ് നാട്ടില്‍ വധശ്രമക്കേസില്‍ ജയില്‍ ശിക്ഷയനുഭവിച്ച് ജാമ്യത്തിലിറങ്ങിയതാണ്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

ജില്ലാപോലിസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസ്സിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം സന്തോഷ്‌കുമാര്‍, പാണ്ടിക്കാട് സിഐ മുഹമ്മദ് റഫീഖ്, എസ്‌ഐ അരവിന്ദന്‍, ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡിലെ സി പി മുരളീധരന്‍, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ്കുമാര്‍, പ്രശാന്ത് പയ്യനാട്, കെ പ്രബുല്‍, ദിനേഷ് കെ, പാണ്ടിക്കാട് സ്‌റ്റേഷനിലെ എഎസ്‌ഐ സെബാസ്റ്റ്യന്‍, എസ്‌സിപിഒമാരായ ഗോപാലകൃഷ്ണന്‍, ശശികുമാര്‍, സിപിഒമാരായ ജയന്‍, രജീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it