Latest News

നിയമനം യുജിസി നിയമമനുസരിച്ച്: മുസ്‌ലിം സംസ്‌കൃത അധ്യാപകന്റെ നിയമനത്തെ പിന്താങ്ങി ബനാറസ് ഹിന്ദു സര്‍വകലാശാല

കോളജ് സ്ഥാപിക്കുന്ന സമയത്ത് അവിടെ എന്ത് എഴുതിവച്ചുവെന്നു നോക്കിയല്ല നിയമനങ്ങള്‍ നടത്തുന്നതെന്നും യുജിസി നിയമമാണ് പാലിക്കുന്നതെന്നും സര്‍വകലാശാല

നിയമനം യുജിസി നിയമമനുസരിച്ച്: മുസ്‌ലിം സംസ്‌കൃത അധ്യാപകന്റെ നിയമനത്തെ പിന്താങ്ങി ബനാറസ് ഹിന്ദു സര്‍വകലാശാല
X

ബനാറസ്: മുസ്‌ലിമായ ഉദ്യോഗാര്‍ത്ഥിയെ സംസ്‌കൃതം ഫാക്കല്‍ട്ടിയില്‍ അസി. പ്രഫസറായി നിയമിച്ചതിനെതിരേ നടക്കുന്ന പ്രതിഷേധത്തെ തള്ളി ബനാറസ് ഹിന്ദു സര്‍വകലാശാല. സംസ്‌കൃത അധ്യാപകനായി നിയമിക്കപ്പെട്ട ഫിറോസ് ഖാന്‍, മുസ്‌ലിം ആയതിന്റെ പേരിലാണ് ആര്‍എസ്എസ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നത്. ഫിറോസ് ഖാന്റെ നിയമനം റദ്ദു ചെയ്യണമെന്നാണ് ആവശ്യം.

പ്രതിഷേധക്കാര്‍ വൈസ് ചാന്‍സലര്‍ രാകേഷ് ഭട്ട്‌നാഗര്‍, വകുപ്പ് തലവന്‍ ഉമാകാന്ത് ചതുര്‍വേദി എന്നിവരുമായി ചര്‍ച്ച നടത്തി. നിയമനം റദ്ദ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ വഴങ്ങിയില്ല. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ സ്ഥാപിച്ച ഒരു സ്തൂഭത്തില്‍ ജൈന, ബുദ്ധ, ആര്യ സമാജക്കാര്‍ എന്നിവരൊഴിച്ച് അഹിന്ദുക്കളെ സംസ്‌കൃത വിഭാഗത്തില്‍ നിയമിക്കരുതെന്ന് രേഖപ്പെടുത്തിയതായി വിദ്യാര്‍ത്ഥികള്‍ അവകാശപ്പെട്ടു. തങ്ങള്‍ മുസ്്‌ലിമായ അധ്യാപകനെതിരല്ലെന്നും മറിച്ച് മദന്‍ മോഹന്‍ മാളവ്യയുടെ മൂല്യത്തില്‍ വിശ്വസിക്കുന്നുവെന്നും പ്രതിഷേധക്കാര്‍ പറയുന്നു. കൈക്കൂലി വാങ്ങി യോഗ്യതയില്ലാത്ത ആളെ നിയമിച്ചെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നുണ്ട്.

കോളജ് സ്ഥാപിക്കുന്ന സമയത്ത് അവിടെ എന്ത് എഴുതിവച്ചുവെന്നു നോക്കിയല്ല നിയമനങ്ങള്‍ നടത്തുന്നതെന്നും യുജിസി നിയമമാണ് പാലിക്കുന്നതെന്നും പ്രഫ. ചതുര്‍വേദി മാധ്യമങ്ങളോട് പറഞ്ഞു. ഫിറോസ് ഖാന്റെ കാര്യത്തില്‍ എല്ലാ നിയമങ്ങളും കൃത്യമായി പിന്തുടര്‍ന്നിട്ടുണ്ട്. പഠനത്തിലും അധ്യാപനത്തിലും തുല്യഅവസരമെന്ന മൂല്യമുയര്‍ത്തിയാണ് ബനാറസ് ഹിന്ദു സര്‍വ്വകലാശാല രൂപീകൃതമായതെന്നും രാഷ്ട്രനിര്‍മ്മാണത്തിന്റെ ഭാഗമാണിതെന്നും സര്‍വ്വകലാശാല വ്യക്തമാക്കി.

ഇന്റര്‍വ്യൂ ബോര്‍ഡ് ഐക്യകണ്‌ഠേനയാണ് ഫിറോസ് ഖാനെ സംസ്‌കൃത വിദ്യാധര്‍മ്മ കേന്ദ്ര സര്‍വ്വകലാശാലയുടെ സംസ്‌കൃത സാഹിത്യവിഭാഗത്തില്‍ അസി. പ്രഫസറായി നിയമിച്ചത്. ലിസ്റ്റിലെ ഏറ്റവും യോഗ്യതയുള്ളയാളുമായിരുന്നു അദ്ദേഹം. വൈസ് ചാന്‍സ്‌ലര്‍ കൂടി അംഗമായ സ്‌ക്രീനിങ് കമ്മറ്റിയാണ് നിയമനം നടത്തിയത്.

രണ്ടാം ക്ലാസ് മുതല്‍ സംസ്‌കൃതം പഠിച്ചയാളാണ് ഫിറോസ് ഖാന്‍ എന്ന് പത്രങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

Next Story

RELATED STORIES

Share it