Latest News

ബാങ്കിങ് മേഖലയിലെ ശമ്പളപരിഷ്‌കരണം കമ്പോളനിയമങ്ങള്‍ക്ക് അനുസൃതമായി മാറ്റിയെഴുതപ്പെടുന്നു: ബെഫി

ബാങ്കിങ് മേഖലയിലെ ശമ്പളപരിഷ്‌കരണം കമ്പോളനിയമങ്ങള്‍ക്ക് അനുസൃതമായി മാറ്റിയെഴുതപ്പെടുന്നു: ബെഫി
X

തിരുവനന്തപുരം: ബാങ്കിങ് മേഖലയിലെ വേതന പരിഷ്‌കരണം കമ്പോള നിയമങ്ങള്‍ക്കനുസൃതമായി മാറ്റിയെഴുതപ്പെടുകയാണെന്നും സര്‍ക്കാരുകള്‍ എല്ലാ മേഖലയില്‍ നിന്നും പിന്മാറണം എന്ന നവലിബറല്‍ സമീപനം നടപ്പിലാക്കപ്പെടുകയാണെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച വെബിനാര്‍ അഭിപ്രായപ്പെട്ടു. ബാങ്കുകളുടെ പക്കല്‍ പണമില്ലാത്തതോ പണം നല്‍കാന്‍ കഴിയാത്തതോ അല്ല അടിസ്ഥാന പ്രശ്നം. മറിച്ച് ഭരണാധികാരികളും ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും സ്വീകരിക്കുന്ന നയസമീപനങ്ങളാണ് ബാങ്കിംഗ് മേഖലയിലെ ജീവനക്കാര്‍ക്ക് അര്‍ഹമായ വേതനപരിഷ്‌കരണത്തെ തുരങ്കം വെയ്ക്കുന്നത്.

പെന്‍ഷനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കപ്പെടുന്ന അടിസ്ഥാന ശമ്പളത്തില്‍ വര്‍ദ്ധന വരുത്തുവാന്‍ വിമുഖത കാണിക്കുകയും തങ്ങള്‍ നല്‍കുന്ന നാമമാത്രമായ വര്‍ദ്ധന തന്നെ അലവന്‍സുകളില്‍ ഒതുക്കുകയും ചെയ്യുന്ന തന്ത്രമാണ് അവര്‍ പ്രയോഗിക്കുന്നത്. സ്വകാര്യവല്‍ക്കരിക്കപ്പെട്ട ബാങ്കിംഗ് മേഖലയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന വേതനഘടനയ്ക്ക് അടിസ്ഥാനമിടാനാണ് പതിനൊന്നാം കരാറിലെ വിവിധ നിലപാടുകളിലൂടെ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും കേന്ദ്ര ഭരണാധികാരികളും ശ്രമിച്ചിട്ടുള്ളത്.

ശമ്പള പരിഷ്‌കരണ ചര്‍ച്ചകളിലെ പ്രധാന ഇനങ്ങളായിരുന്ന പഞ്ച ദിന ബാങ്കിംഗ്, അടിസ്ഥാന ശമ്പളത്തില്‍ കൂടുതല്‍ ലോഡിംഗ്, പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍ പരിഷ്‌കരണം, എന്‍.പി.എസിനു പകരം സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍, പെര്‍ഫോര്‍മന്‍സ് ലിങ്ക്ഡ് ഇന്‍സന്റീവ് സ്പെഷ്യല്‍ അലവന്‍സ് മെര്‍ജര്‍, എന്നിവയില്‍ ഒന്നും തന്നെ അനുകൂലമായ തീരുമാനം ഉണ്ടാകാതെയാണ് ധാരണാപത്രം ഒപ്പിട്ടത്. ബെഫി ഒപ്പിടാതെ മാറി നിന്നതിന്റെ പശ്ചാത്തലവും ഇതാണ്.

കേരള ബാങ്കിന്റെ മുന്നോട്ടുള്ള പോക്കിന് സഹായകമാകുന്ന തരത്തിലുള്ള നിലപാടുകളിലൂടെ ഇടതുപക്ഷ സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുവാനും ആ മേഖലയിലെ പ്രശ്നങ്ങള്‍ പരസ്പര ചര്‍ച്ചയിലൂടെ ജീവനക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുണകരമായ രീതിയില്‍ പരിഹരിക്കുവാനും ബെഫി സംഘടനകള്‍ ശ്രമിക്കുമെന്നും വെബിനാര്‍ സൂചിപ്പിച്ചു. രാജ്യത്തെ സഹകരണമേഖലയുടെ മാതൃകാപരമായ വളര്‍ച്ചയ്ക്ക് കേരളത്തിന്റെ സഹകരണമേഖല വലിയ തോതില്‍ ദിശാബോധം നല്‍കുമെന്നും വെബിനാറിന്റെ ഭാഗമായി നടന്ന ചര്‍ച്ചകള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ബാങ്കിങ് മേഖലയിലെ വേതന പരിഷ്‌കരണ ചര്‍ച്ചകള്‍, കേരള ബാങ്ക് രൂപീകരണത്തിന് ശേഷമുള്ള സഹകരണമേഖല എന്നീ വിഷയങ്ങള്‍ അധികരിച്ച് നടന്ന വെബിനാറില്‍ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അഖിലേന്ത്യാ പ്രസിഡന്റ് സ.സി.ജെ.നന്ദകുമാര്‍ ശമ്പള പരിഷ്‌കരണത്തെക്കുറിച്ചും ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ബി.പദ്മകുമാര്‍, കേരള സംസ്ഥാന സഹകരണബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ആര്‍.രമേഷ് എന്നിവര്‍ സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു. ബെഫി സംസ്ഥാന പ്രസിഡന്റ് ടി.നരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എസ്.എസ്.അനില്‍, ബെഫി അഖിലേന്ത്യാ ജോ.സെക്രട്ടറി സി.രാജീവന്‍, സംസ്ഥാന സെക്രട്ടറി എന്‍.സനില്‍ ബാബു, ഉള്‍പ്പെടെ വിവിധ നേതാക്കള്‍ വെബിനാറില്‍ പങ്കെടുത്തു.




Next Story

RELATED STORIES

Share it