Latest News

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി

ആറാമത് ഇന്ത്യന്‍ ഓഷ്യന്‍ ഡയലോഗ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി അബ്ദുല്‍ മോമന്‍ ഇന്ന് വൈകീട്ട് അഞ്ചിന് ഇന്ത്യയിലെത്തുമെന്നാണ് അറിയിച്ചിരുന്നത്.

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി
X

ധക്ക: അസമിലെ ഗുവാഹത്തിയില്‍ പൗരത്വ ബില്ലിനെതിരേയുള്ള പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ കെ അബ്ദുല്‍ മോമന്‍ ഇന്ത്യ സന്ദര്‍ശനം ഒഴിവാക്കി. ഡിസംബര്‍ 12 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ നടക്കുന്ന ആറാമത് ഇന്ത്യന്‍ ഓഷ്യന്‍ ഡയലോഗ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി അബ്ദുല്‍ മോമന്‍ ഇന്ന് വൈകീട്ട് അഞ്ചിന് ഇന്ത്യയിലെത്തുമെന്നാണ് അറിയിച്ചിരുന്നത്.

രാജ്യസഭ അനുമതി കൊടുത്ത പൗരത്വ ബില്ലിനെതിരേയുള്ള പ്രക്ഷോഭം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. അസം തലസ്ഥാനമായ ഗുവാഹത്തിയാണ് പ്രക്ഷോഭങ്ങളുടെ കേന്ദ്രമായി കരുതപ്പെടുന്നത്. അവിടെത്തന്നെയാണ് ഉച്ചകോടിയും ആസൂത്രണം ചെയ്തിരുന്നത്. ഉച്ചകോടിയില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിനോസ് അബെയും പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു.

പ്രതിഷേധം ശക്തമാവുകയും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്ത ശേഷം ഉച്ചകോടി ഒഡീഷയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഒരു ദിവസം കൊണ്ട് ആവശ്യമായ തയ്യാറെടുപ്പുകള്‍ എടുക്കാനുള്ള ബുദ്ധിമുട്ട് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നെന്ന് ഇന്ന് രാവിലെ ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ബംഗ്ലാദേശ് രക്തസാക്ഷി ദിനത്തില്‍ രാജ്യത്ത് തന്റെ സാന്നിദ്ധ്യം ആവശ്യമായതുകൊണ്ടും വിദേശകാര്യ സെക്രട്ടറി ഹേഗിലേക്ക് പോയ സാഹചര്യത്തിലുമാണ് തന്റെ തീരുമാനമെന്നാണ് എ കെ അബ്ദുല്‍ മോമന്‍ ഇന്ത്യയെ അറിയിച്ചിരിക്കുന്നത്. അസമിലെ പ്രതിരോധത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ബോധപൂര്‍വം ഒഴിവാക്കിയിരിക്കുകയാണ്.

ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നില്ലെന്ന് ഇന്നലെ എ കെ അബ്ദുല്‍ മോമന്‍ ധക്കയില്‍ പ്രതികരിച്ചിരുന്നു. 'ഇന്ത്യ ചരിത്രപരമായി തന്നെ സഹിഷ്ണുതയുള്ള ഒരു രാഷ്ട്രമാണ്. മതേതരത്വത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രവും. അതില്‍ നിന്ന് വ്യതിചലിക്കുകയാണെങ്കില്‍ മതേതരത്വത്തിന് കോട്ടം വരും' മോമന്‍ പറഞ്ഞു. 'ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ നല്ല ബന്ധമാണ്. തങ്ങളുടെ രാജ്യത്ത് അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നും ഇന്ത്യയില്‍ ഉണ്ടാവില്ലെന്നാണ് ബംഗ്ലാദേശി ജനതയുടെ പ്രതീക്ഷ. ബംഗ്ലാദേശില്‍ മതപീഡനമുണ്ടെന്ന പ്രചാരണം തെറ്റാണ്.' ബംഗ്ലാദേശില്‍ ജനങ്ങളെ അവരുടെ മതത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കാറില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Next Story

RELATED STORIES

Share it