Latest News

ബാബരി: സമുദായത്തിനും കോണ്‍ഗ്രസിനുമിടയില്‍ കണ്ണു പൊത്തിക്കളിക്കാന്‍ ലീഗിന്റെ തലവിധി

ബാബരി: സമുദായത്തിനും കോണ്‍ഗ്രസിനുമിടയില്‍ കണ്ണു പൊത്തിക്കളിക്കാന്‍ ലീഗിന്റെ തലവിധി
X

പിസി അബ്ദുല്ല

കോഴിക്കോട്: ബാബരിയുടെ ദുരന്ത നാള്‍വഴികളില്‍ സമുദായത്തിനും കോണ്‍ഗ്രസിനുമിടയില്‍ കണ്ണു പൊത്തിക്കളിക്കാന്‍ തന്നെ മുസ്‌ലിം ലീഗിന്റെ ദുര്‍വിധി. അധികാര രാഷ്ട്രീയത്തിന്റെ നിക്ഷിപ്ത സമവാക്യങ്ങളില്‍ ആദര്‍ശ രാഷ്ട്രീയം കടങ്കഥയാവുന്ന സ്വത്വ പ്രതിസന്ധി ചരിത്രത്തിന്റെ തിരിച്ചടിയെന്നോണം ലീഗിനെ വിടാതെ വേട്ടയാടുകയാണ്.

ബിജെപിക്കു ബദലായി നെഞ്ചേറ്റിയ കോണ്‍ഗ്രസ് അനുദിനം ഹിന്ദുത്വ വത്കരിക്കപ്പെടുമ്പോള്‍ മുസ്‌ലിം ലീഗിനു മുന്നില്‍ മറ്റു പോം വഴികളില്ല എന്നതില്‍ തീരുന്നില്ല ആ പാര്‍ട്ടിയുടെ നിസ്സഹായത. രാജീവ് ഗാന്ധിയുടെ ശിലാന്യാസ അനുമതി ചരിത്രപരമായ ചതിയാണെന്നു വിളിച്ചു പറയാനും രാജ്യം കണ്ട ഏറ്റവും നീചനായ വഞ്ചകനാണ് നരസിംഹ റാവുവെന്ന് ഗര്‍ജ്ജിക്കാനും അന്ന് ലീഗിന്റെ അമരത്ത് ഒരു 'മെഹ്ബൂബെ മില്ലത്ത്' ഉണ്ടായിരുന്നു. കോണ്‍ഗ്രസ് നിലപാടുകള്‍ തിരുത്തിയില്ലെങ്കിലും സമുദായത്തിലലയടിച്ച കോണ്‍ഗ്രസ് വിരുദ്ധവികാര വേലിയേറ്റം സേട്ടു സാഹിബ് എന്ന പ്രതീകത്തിലൂടെ വലിയ പ്രതിഷേധമായി സാക്ഷാത്കരിക്കപ്പെടുകയെങ്കിലും ചെയ്തു.

എന്നാല്‍, രാജീവ് ഗാന്ധിയുടെ ശിലാന്യാസവഞ്ചന, മകള്‍ പ്രിയങ്കാ ഗാന്ധിയുടെ ഭൂമിപൂജ ആശംസയിലൂടെ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ആര്‍ജവത്തോടെ പ്രതികരിക്കാനുള്ള നേതൃശേഷി പോലും ലീഗിനില്ല.

പാണക്കാട്ട് ഇന്നു ചേര്‍ന്ന ലീഗ് ദേശീയ നേതൃയോഗത്തിന്റെ തീരുമാനം അത് വ്യക്തമാക്കുന്നു. പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവന അനവസരത്തിലെന്ന് പ്രമേയം പാസാക്കുക മാത്രമാണ ലീഗ് ദേശീയ നേതൃയോഗത്തിലുണ്ടായത്. അണികളുടെ കണ്ണില്‍ പൊടിയിടാനുള്ള ചെപ്പടിവിദ്യ എന്നതിനപ്പുറമുള്ള പ്രസക്തിയോ ഗൗരവമോ ഇന്നത്തെ ലീഗ് ദേശീയ നേതൃയോഗത്തിനുണ്ടായില്ല. ലീഗിന്റെ അതൃപ്തി അറിഞ്ഞ് കെ സി വേണു ഗോപാല്‍ പാണക്കാട് തങ്ങളെ വിളിച്ചു എന്ന ആശ്വസം ആ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഒരു 'പൊന്‍തൂവല്‍' കൂടി ആയി മാറിയേക്കാം എന്നതു മാത്രമാണ് പുതിയ വിശേഷം.

മുസ്‌ലിം സമുദായത്തോടുള്ള കോണ്‍ഗ്രസിന്റെ ചതികളോട് നിരന്തരമായി കലഹിച്ച് ഒടുവില്‍ ഉപജാപങ്ങളാല്‍ തിരസ്‌കൃതനാക്കപ്പെട്ട സേട്ട് സാഹിബ് എന്ന സാത്വികന്‍ ബംഗളൂരു നഗരപ്രാന്തത്തിലെ ഖുദ്ദുസ് സാഹിബ് ഖബര്‍സ്ഥാനില്‍ അധികമാരാലും സ്മരിക്കപ്പെടാതെ അന്തിയുറങ്ങുന്നുണ്ട്. അദ്ദേഹത്തിന്റെ ശാപം തന്നെയാവാം ഒന്നര പതിറ്റാണ്ടിനിപ്പുറവും കേരള മുസ്‌ലിം ലീഗിനെ പിന്തുടരുന്നത്.

1989 നവംബര്‍ 9ന്, ലോക്‌സഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍മാത്രം ശേഷിക്കെ ഹിന്ദുത്വ വോട്ടുകള്‍ മുന്നില്‍ കണ്ടാണ് രാജീവ്ഗാന്ധി സര്‍ക്കാര്‍ ബാബരി മസ്ജിദിന്റെ വഖഫ് ഭൂമിയില്‍ രാമക്ഷേത്ര ശിലാന്യാസത്തിന് അനുമതി നല്‍കിയത്. ബാബരിയുടെ മണ്ണിലാണ് ശിലാന്യാസത്തിന് അനുമതി നല്‍കിയതെന്ന് ആദ്യമായി ലോകത്തോട് വിളിച്ചു പറഞ്ഞത് സേട്ട് സാഹിബാണ്. എന്നാല്‍, വഖഫ് ഭൂമിയിലല്ല ശിലാന്യാസമെന്ന പെരും നുണയോടൊപ്പമായിരുന്നു കേരളത്തിലെ ലീഗ് നേതൃത്വവും അതിന്റെ ജിഹ്വയും. സേട്ട് സാഹിബ് പറഞ്ഞതാണ് സത്യമെന്ന് കാലം ബോധ്യപ്പെടുത്തിയിട്ടും ലീഗിന് കുറ്റബോധം തോന്നിയില്ല. ആ നുണവാര്‍ത്ത 'ചന്ദ്രിക' തിരുത്തിയുമില്ല.

1949 ഡിസംബര്‍ 22 ന് ഇശാഅ് നമസ്‌കാരം കഴിഞ്ഞ് ഇമാം പോയ ശേഷം ബാബരി മസ്ജിദിനകത്ത് അതിക്രമിച്ചുകയറി മിഹ്‌റാബിനുള്ളില്‍ രാമവിഗ്രഹങ്ങള്‍ സ്ഥാപിച്ചതു മുതല്‍ അരങ്ങേറിയ ഹിന്ദുത്വ ഭീകരതയില്‍ നിര്‍ണായക ഘട്ടങ്ങളിലെല്ലാം കോണ്‍ഗ്രസ് ഭൂരിപക്ഷ വര്‍ഗീയതക്ക് ഒത്താശ ചെയ്തു.

മസ്ജിദിനകത്തേക്ക് വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തുന്നതിന് നേതൃത്വം കൊടുത്ത ഹിന്ദുമഹാസഭാ നേതാക്കള്‍ യു പിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ കൂടിയായിരുന്നു. ബാബാ രാഘവദാസ്, ദ്വിഗ്‌വിജയ്‌നാഥ്, സ്വാമി സര്‍പത്‌നി തുടങ്ങിയ ഹിന്ദുമഹാസഭാ നേതാക്കളുടെ കാര്‍മികത്വത്തില്‍ നടന്ന അഖണ്ഡരാമായണ പരിപാടിയുടെ സമാപനം കുറിച്ചുകൊണ്ടാണ് ഹിന്ദുത്വര്‍ പള്ളിക്കകത്തേക്ക് അതിക്രമിച്ചു കടന്നത്.

യു പിയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ഗോവിന്ദ വല്ലഭ പന്തിന്റെ സഹായവും അനുഗ്രഹാശിസുകളും ഉദാരമായിതന്നെ ഈ കൊടുംപാതകത്തിന് ലഭിച്ചു.

വിഗ്രഹങ്ങള്‍ എടുത്ത് സരയൂ നദിയിലേക്ക് എറിയാന്‍ നെഹ്‌റു, ഗോവിന്ദ്‌വല്ലഭ പന്തിനോട് ആവശ്യപ്പെട്ടു. നെഹ്‌റുവിന്റെ അഭ്യര്‍ഥനകളെ ഹിന്ദുത്വവാദികള്‍ക്കുവേണ്ടി നിരസിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി സര്‍ക്കാര്‍ ചെലവില്‍ പൂജ നടത്താന്‍ ഹിന്ദുത്വവാദികള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുകയാണുണ്ടായത്. നെഹ്‌റു ജീവിച്ചിരിക്കുന്ന കാലത്തുതന്നെയാണതു സംഭവിച്ചത്.

1950 ജനുവരിയില്‍ വിഗ്രഹം നീക്കുന്നതു കോടതി തടഞ്ഞപ്പോഴും നമസ്‌കാരം തടഞ്ഞ് വിഗ്രഹാരാധന നടക്കുമ്പോഴും 1961ല്‍ വിഗ്രഹം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വഖ്ഫ് ബോര്‍ഡ് കോടതിയിലെത്തെമ്പോഴുമൊക്കെ കോണ്‍ഗ്രസ് തന്നെയായിരുന്നു യുപിയിലും കേന്ദ്രത്തിലും അധികാരത്തില്‍. ഒടുവില്‍, 1992 ഡിസംബര്‍ ആറിന് ഹിന്ദുത്വര്‍ ബാബരി മസ്ജിദിന്റെ അവസാന അടിക്കല്ലും ഇളക്കിയെടുക്കുന്നതുവരെ കോണ്‍ഗ്രസ് പ്രധാനമന്ത്രി പൂജാ മുറിയില്‍ ഒളിച്ചിരുന്നു. കോണ്‍ഗ്രസിന്റെ വലിയ ചതിയും വെളിവാക്കപ്പെട്ട ആ പകല്‍ മുതല്‍ രാജ്യം കത്തിയെരിഞ്ഞു തുടങ്ങി. കറുത്ത ഡിസംബറിന്റെയും അടുത്ത ജനുവരിയുടേയുമൊക്കെ ഭീതിദമായ ദിനങ്ങളില്‍ രാജ്യത്തെ ന്യൂനപക്ഷ സമുദായം ഹിന്ദുത്വ പൈശാചികതയുടെ പെരും പട്ടടകളിലേക്ക് നിര്‍ദ്ദയം എടുത്തെറിയപ്പെട്ടു. അപ്പോഴും, കേരളത്തിലെ മുസിലിം ലീഗ് നേതൃത്വം കോണ്‍ഗ്രസിനൊപ്പം അധികാരത്തിന്റെ സുഖദമായ ഇടനാഴികളില്‍ അഭിരമിക്കുകയായിരുന്നു..!

Next Story

RELATED STORIES

Share it