Latest News

ജഡ്ജിമാരെ ഭയപ്പെടുത്തി അനുകൂല വിധി നേടാനുള്ള ശ്രമം: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിക്കെതിരേ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്ന് ബാര്‍ അസോസിയേഷന്‍

ജഡ്ജിമാരെ ഭയപ്പെടുത്തി അനുകൂല വിധി നേടാനുള്ള ശ്രമം: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിക്കെതിരേ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്ന് ബാര്‍ അസോസിയേഷന്‍
X

ന്യൂല്‍ഡല്‍ഹി: സുപ്രിംകോടതി ജസ്റ്റിസ് എന്‍ വി രമണയ്‌ക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയെ കോടതി അലക്ഷ്യ കേസില്‍ വിചാരണ ചെയ്യണമെന്ന് അഖിലേന്ത്യാ ബാര്‍ അസോസിയേഷന്‍. ജസ്റ്റിസ് രമണയ്‌ക്കെതിരേ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദയ്ക്ക് വ്യാജപരാതിയയച്ച മുഖ്യമന്ത്രി ജഗ്‌മോഹന്‍ ആരോപണമുന്നയിച്ചത് അടുത്ത ചീഫ് ജസ്റ്റിസ് ആകേണ്ടയാളെയാണെന്നും ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. ആദര്‍ശ് സി അഗ്ഗര്‍വാല പറഞ്ഞു. സുപ്രിംകോടതിയിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയാണ് ജസ്റ്റിസ് എന്‍ വി രമണ.

നിരവധി കള്ളപ്പണ, അഴിമതിക്കേസുകള്‍ നേരിടുന്ന ഒരാളില്‍ നിന്നുള്ള പരാതി കോടതി നടപടികളെ അട്ടിമറിക്കുന്നതിനുള്ള ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു. ജഡ്ജിമാരെ ഒറ്റപ്പെടുത്തിയും ഭയപ്പെടുത്തിയും തങ്ങള്‍ക്ക് അനുകൂലമായ വിധി നേടിയെടുക്കാനാണ് ശ്രമം. മുഖ്യമന്ത്രിയുടേത് നിയമവ്യവസ്ഥയെ പൂര്‍ണമായും തളളിക്കളഞ്ഞുകൊണ്ടുള്ള നീക്കമാണ്. ഭരണഘടന നല്‍കുന്ന അപ്പീല്‍ പോലുളള അവകാശങ്ങള്‍ ഉപയോഗിക്കാതെ ജഡ്ജിക്കെതിരേ ആരോപണമുന്നയിക്കുകയാണ്. ഇത്തതരം നീക്കങ്ങള്‍ നിയമവ്യവസ്ഥയുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കും. മാത്രമല്ല, വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും- ബാര്‍ കൗണ്‍സില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതിയുടെ രീതിയും സ്വഭാവും സമയവും വച്ചുകൊണ്ട് തനിക്ക് അനുകൂലമായ വിധി നേടിയെടുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വ്യക്തമാണെന്നും ബാര്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

ജസ്റ്റിസ് രമണ ആന്ധ്ര ഹൈക്കോടതിയിലെ ജഡ്ജിമാരെ സ്വാധീനിക്കുന്നുവെന്നും തെലുങ്കുദേശം പാര്‍ട്ടി നേതാക്കളും പ്രത്യേകിച്ച് മുന്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവുമായും ബന്ധം പുലര്‍ത്തുന്നുവെന്നും ആരോപിച്ചുകൊണ്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗ് മോഹന്‍ റെഡ്ഡി ചീഫ് ജസ്റ്റിസ് ബോബ്ദെയ്ക്ക് എഴുതിയ തുറന്ന കത്താണ് വിവാദത്തിനു പിന്നില്‍.

മുഖ്യമന്ത്രിക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പൊതുതാല്‍പ്പര്യ ഹരജികളും പരാതികളും ഇതോടകം പലരും സമര്‍പ്പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it