Latest News

പറയനും പുലയനും പൂജിക്കാന്‍ അര്‍ഹതയില്ല, ബ്രാഹ്മണന്‍ പൂജിച്ചാല്‍ മതി; ദലിത് പൂജാരിക്ക് ക്രൂരമര്‍ദ്ദനം

തിരുവനന്തപുരം ഒറ്റശേഖരമംഗലം വാഴിച്ചാല്‍ അയ്യപ്പ ക്ഷേത്രത്തിലെ ശാന്തിയായ രഞ്ജിത്തിനെയാണ് ക്ഷേത്ര ഉപദേശക സമിതിയംഗങ്ങള്‍ മര്‍ദ്ദിച്ച് മുറിയില്‍ പൂട്ടിയിട്ടത്.

പറയനും പുലയനും പൂജിക്കാന്‍ അര്‍ഹതയില്ല, ബ്രാഹ്മണന്‍ പൂജിച്ചാല്‍ മതി; ദലിത് പൂജാരിക്ക് ക്രൂരമര്‍ദ്ദനം
X

തിരുവനന്തപുരം: പറയനും പുലയനും പൂജിക്കാന്‍ അര്‍ഹതയില്ലെന്ന് ആക്രോശിച്ച് ദലിത് പൂജാരിയെ ക്രൂരമായി മര്‍ദ്ദിച്ചു. തിരുവനന്തപുരം ഒറ്റശേഖരമംഗലം വാഴിച്ചാല്‍ അയ്യപ്പ ക്ഷേത്രത്തിലെ ശാന്തിയായ രഞ്ജിത്തിനെയാണ് മര്‍ദ്ദിച്ച് മുറിയില്‍ പൂട്ടിയിട്ടത്. ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ശിവലാലും, ഉപദേശകസമിതിയംഗമായ അനിയും മറ്റ് രണ്ട് പേരും ചേര്‍ന്നാണ് ക്രൂരമായി മര്‍ദ്ദിച്ചത്.

ക്ഷേത്ര ഉപദേശക സമിതിയുടെ ആഹ്വാനപ്രകാരമായിരുന്നു ദലിത് പൂജാരിയായ രജ്ഞിത്തിനെ മര്‍ദ്ദിച്ച് മുറിയില്‍ പൂട്ടിയിട്ടത്.

'പറയനും പുലയനും ഇവിടെ പൂജിക്കാന്‍ അര്‍ഹതയില്ല, ഇവിടെ ബ്രാഹ്മണന്‍ പൂജിച്ചാല്‍ മതി' എന്നായിരുന്നു ആക്രോശം. രാവിലെ അഞ്ചരമണിക്ക് ക്ഷേത്രത്തിലെത്തിയ രഞ്ജിത്തിനെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. തനിക്ക് കൊടിയ മര്‍ദ്ദനവും അപമാനവുമാണ് ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയവരുടെ മുന്നില്‍വെച്ച് നേരിടേണ്ടി വന്നതെന്ന് രഞ്ജിത്ത് പറഞ്ഞു.

രാവിലെ അഞ്ചരയ്ക്ക് നട തുറക്കുന്നതുകൊണ്ട് അഞ്ച് മണിക്ക് തന്നെ ക്ഷേത്രത്തിലെത്തും. നേരത്തെ ആറുമണിക്കാണ് നട തുറന്നുകൊണ്ടിരുന്നത്. ഓഫിസര്‍മാരുടെ തീരുമാന പ്രകാരമാണ് സമയം അഞ്ച് മണിയാക്കിയത്. രാവിലെ ക്ഷേത്രത്തിലെത്തിയ സമയത്താണ് ഉപദേശക കമ്മിറ്റി സെക്രട്ടറിയായ ശിവലാലിന്റെയും കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ 'നീ ഇവിടെ പൂജ ചെയ്യണ്ട' എന്ന് പറഞ്ഞ് മര്‍ദ്ദിക്കുന്നത്. പൂട്ടിയിട്ടതിന് ശേഷം പോലിസിനെയോ പട്ടാളത്തെയോ ആരെ വേണമെങ്കിലും വിളിക്ക് എന്നാണ് പറഞ്ഞതെന്നും രഞ്ജിത്ത് പറയുന്നു.

പോലിസ് എത്തിയാണ് രഞ്ജിത്തിനെ മുറിയില്‍ നിന്ന് തുറന്നുവിട്ടത്. കടുത്ത ജാതി വിവേചനം മാത്രമല്ല തൊഴില്‍ പ്രശ്‌നം കൂടി കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ രഞ്ജിത്ത് നേരിടുന്നുണ്ട്. ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ഒരു നേരമാണ് രഞ്ജിത്ത് ശാന്തി ജോലി ചെയ്യേണ്ടത്. എന്നാല്‍ ക്ഷേത്ര കമ്മിറ്റി ഇടപെട്ട് രഞ്ജിത്തിനെ രണ്ട് നേരം ശാന്തി ചെയ്യിപ്പിക്കുമെങ്കിലും നാല് മാസത്തെ ശമ്പളം മാത്രമാണ് കമ്മിറ്റി നല്‍കിയതെന്നും രഞ്ജിത്ത് പറയുന്നു.



ഏഴു മണിക്ക് അമ്പലം തുറന്നാല്‍ മതിയെന്നാണ് ഉത്തരവെങ്കിലും പുലര്‍ച്ചെ അഞ്ചിന് തന്നെ നടതുറക്കണം. നേരത്തെ ക്ഷേത്രം തുറന്നില്ലെന്ന് പറഞ്ഞ് രഞ്ജിത്തിനെ ക്ഷേത്ര ഉപദേശക സമിതിയിലുള്ളവര്‍ മര്‍ദ്ദിച്ചിരുന്നു.

താന്‍ നേരിട്ട അപമാനത്തെക്കുറിച്ച് രഞ്ജിത്ത് മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. നിരന്തരമായ ജാതി അധിക്ഷേപത്തെ തുടര്‍ന്ന് ജോലി ഉപേക്ഷിച്ച് പോകാന്‍ പലവട്ടം തോന്നിയെങ്കിലും തനിക്ക് പിന്നിലുള്ളവരെ ഓര്‍ത്താണ് അത് ചെയ്യാത്തതെന്ന് രഞ്ജിത്ത് പറയുന്നു.

നിരന്തരം അപമാനിക്കുന്നതിനെതിരേ രജ്ഞിത്ത് പോലിസില്‍ പരാതി നല്‍കി. 'ഞാന്‍ നേരിട്ട അധിക്ഷേപങ്ങളെകുറിച്ചെല്ലാം എന്റെ മേലധികാരികളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ദേവസ്വം അധികാരികള്‍ ശിവലാലിന്റെ സ്വാധീനം കൊണ്ട് എന്റെ പരാതികള്‍ക്കൊന്നും ചെവികൊടുത്തിട്ടില്ല. എനിക്കുമേല്‍ അധികാരികളുടെ ശകാരം മാത്രം മിച്ചം. ജാതീയമായി ഒറ്റപ്പെട്ട് മനോബലം തന്നെ നഷ്ടപ്പെടുന്നു. എന്റെ കുടുംബത്തിലെ ഏക വരുമാന മാര്‍ഗമാണ് എന്റെ ശാന്തി ജോലി. എന്റെ കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്താന്‍ തക്കവിധത്തില്‍ എന്നെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ജോലിക്ക് തടസം നില്‍ക്കുകയും ചെയ്യുന്നു. ഈ പരാതിക്കുമേല്‍ വകുപ്പു തല നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു-രജ്ഞിത്ത് പരാതിയില്‍ പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ചരിത്രത്തില്‍ ആദ്യമായി ആറ് ദലിതര്‍ക്കടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിക്കാന്‍ ദേവസ്വം ബോര്‍ഡ് ശുപാര്‍ശ ചെയ്യുന്നത് 2017 ഒക്ടോബര്‍ അഞ്ചിനാണ്. പിഎസ്‌സി മാതൃകയില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയായിരുന്നു പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ഇറക്കിയത്.

പൂജാരിയായി നിയമനം ലഭിച്ച അബ്രാഹ്മണര്‍ ജാതി അധിക്ഷേപവും അപമാനവും നേരിടുന്നത് ഒറ്റപ്പെട്ട സംഭവമല്ല. 2017 ഒക്‌ടോബര്‍ 29ന് തന്നെ മറ്റൊരു ദലിത് യുവാവിന്റെ പൂജാരി നിയമനത്തിനെതിരെ സംഘപരിവാര സംഘടനകള്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ പൂജാരിയായി നിയമനം ലഭിച്ച യദുകൃഷ്ണനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

യദുകൃഷ്ണന്‍ പൂജാ കാര്യങ്ങളില്‍ വീഴ്ച വരുത്തിയെന്നും പൂജ മുടക്കിയെന്നുമുള്ള ആരോപണങ്ങളായിരുന്നു ഉയര്‍ത്തിയത്. എന്നാല്‍ ഒക്ടോബര്‍ 26ന് ലീവ് എഴുതികൊടുത്തിരുന്നുവെന്നും പൂജ മുടങ്ങാതിരിക്കാന്‍ പകരം ഒരാളെ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നുവെന്ന് യദുകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.


Next Story

RELATED STORIES

Share it