Latest News

കള്ളപ്പണം: കള്ളനും കാവലും ആര്‍.എസ്.എസ് തന്നെ

കള്ളപ്പണം: കള്ളനും കാവലും  ആര്‍.എസ്.എസ് തന്നെ
X

സി.എ. റഊഫ്

'സ്‌നേഹവാല്‍സല്യങ്ങളുള്ള മാതൃഭൂമി, ഞാന്‍ എന്നന്നേക്കും നിന്നെ നമിക്കുന്നു. അല്ലയോ ഹിന്ദുക്കളുടെ പ്രഭോ, നീയെന്നെ സൗഖ്യത്തോടെ വളര്‍ത്തി. അല്ലയോ വിശുദ്ധഭൂമി, നന്മയുടെ ശ്രേഷ്ഠയായ സ്രഷ്ടാവേ, ഞാന്‍ എന്റെയീ ശരീരം നിനക്കായി സമര്‍പ്പിക്കട്ടെ. ഞാന്‍ വീണ്ടും വീണ്ടും നിന്നെ നമിക്കുന്നു. അല്ലയോ സര്‍വശക്തേ, ഹിന്ദുരാഷ്ട്രത്തിലെ അവിഭാജ്യ ഘടകങ്ങളായ ഞങ്ങള്‍ ആദരപൂര്‍വം നിന്നെ വണങ്ങുന്നു. നിനക്കു വേണ്ടി ഞങ്ങള്‍ അര ചുറ്റിക്കെട്ടട്ടേ. ഹിന്ദുരാഷ്ട്രം സാധ്യമാവുന്നതിനു ഞങ്ങളെ അനുഗ്രഹിക്കൂ.' ആര്‍.എസ്.എസില്‍ അംഗത്വമെടുത്തവര്‍ നടത്തുന്ന പ്രാര്‍ഥനയിലെ വരികളാണിത്. ഹിന്ദുത്വ രാഷ്ട്രം എന്ന തിന്മയുടെ സ്ഥാപനത്തിനായി 'ഭാരതമാതാവിനോട്' കാണിക്കുന്ന സ്‌നേഹവും വാല്‍സല്യവും ഈ പ്രാര്‍ഥനയില്‍ നിറഞ്ഞൊഴുകുന്നുണ്ട്. ഈ പ്രാര്‍ഥന സഫലീകരിക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് ആര്‍.എസ്.എസും ബി.ജെ.പിയും. അതിനായി അവര്‍ രാജ്യത്തെ അപ്പാടെ കൊള്ള ചെയ്യുകയാണ്. കൊള്ളക്കാരും ഭരണകൂടവും ഒന്നാവുന്നതാണ് ബി.ജെ.പി അധികാരത്തിലേറിയതിലൂടെ രാജ്യത്തു സംഭവിച്ചിട്ടുള്ളത്. അധികാരത്തിന്റെ സര്‍വ മേഖലകളെയും കോര്‍പറേറ്റുകളെ ഉപയോഗിച്ചുള്ള കൊള്ളയ്ക്ക് ഉപയോഗപ്പെടുത്തുകയാണ് കഴിഞ്ഞ ഏഴു വര്‍ഷത്തെ മോദി ഭരണം ചെയ്തത്. അതിനു സമാന്തരമായി കള്ളപ്പണത്തിന്റെയും കള്ളനോട്ടിന്റെയും ദേശീയ കുത്തക ബി.ജെ.പിയിലേക്കും കേന്ദ്രീകരിച്ചിരിക്കുകയാണ്. കൊടുങ്ങല്ലൂരിലെ യുവമോര്‍ച്ച നേതാവ് രാജേഷ് മുതല്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന്‍ വരെയുള്ളവര്‍ സംസ്ഥാനത്ത് ഈ ഇടപാടിനെ നിയന്ത്രിക്കുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.

കുഴലിന്റെ നീളം

തൃശൂര്‍ ജില്ലയിലെ കൊടകരയില്‍ നിന്നു പിടിച്ചെടുത്ത മൂന്നരക്കോടിയുടെ ഹവാല പണം ബി.ജെ.പിയെ സംബന്ധിച്ചു മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. സംസ്ഥാനത്തെ നടുക്കിയ ഹവാല പണം പിടികൂടിയിട്ട് എത്ര നിസ്സാരമായാണ് ബി.ജെ.പി നേതാക്കള്‍ അതിനെ കൈകാര്യം ചെയ്യുന്നത്. 400 കോടി ഹവാല ആരോപണം നേരിടുന്ന സുരേന്ദ്രനും കള്ളനോട്ട് അടിച്ച കേസില്‍ പിടിക്കപ്പെട്ട രാജേഷിനും ഒരേ ആത്മവിശ്വാസമാണ് കാണുന്നത്.

സാമ്പത്തിക രംഗത്തെ ഈ രാജ്യവിരുദ്ധ ഇടപാട് ഇപ്പോള്‍ മാത്രം ഉണ്ടായതല്ല. സമ്പത്താണ് ജനാധിപത്യത്തെ നിയന്ത്രിക്കുന്നതെന്നും അതിന്റെ കേന്ദ്രീകരണത്തോടെ രാജ്യം തന്നെ കീഴ്‌പ്പെടുത്താമെന്നും മറ്റാരെക്കാളും ആര്‍.എസ്.എസിനു നല്ല ബോധ്യമുണ്ട്. അധികാരം കിട്ടിയ സമയങ്ങളിലൊക്കെ ഇതു നാം കണ്ടിട്ടുമുണ്ട്.

ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് അധികാരത്തിലേറിയ ആദ്യ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്തുതന്നെ കോടികളുടെ കോഴ ഇടപാട് നടന്നത് ഈ സമയത്ത് ഓര്‍ക്കുന്നത് നന്നാവും. വെസ്റ്റ് എന്‍ഡ് ഇന്റര്‍നാഷനല്‍ എന്ന ഇല്ലാത്ത കമ്പനിയുമായി കോടികളുടെ ആയുധ കരാറില്‍ ഒപ്പിട്ടവരാണ് വാജ്‌പേയിയുടെ കാലത്തെ ബി.ജെ.പി നേതാക്കള്‍. 'തെഹല്‍ക'യുടെ റിപോര്‍ട്ടര്‍മാര്‍ നടത്തിയ സ്റ്റിങ് ഓപറേഷനില്‍ ഇല്ലാത്ത കമ്പനിയുമായി കരാര്‍ ഒപ്പിട്ട് കോഴയുടെ വിഹിതം പറ്റിയത് ബി.ജെ.പിയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന ബംഗാരു ലക്ഷ്മണ ഉള്‍പ്പെടെയുള്ള പ്രമുഖരാണ്. ഇതേ സമയത്തു തന്നെയാണ് ശവപ്പെട്ടി കുംഭകോണവും നടക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം കൊണ്ടുവരുന്നതിനായി ശവപ്പെട്ടി വാങ്ങുന്നതിലും വലിയ അഴിമതിയാണ് ബി.ജെ.പി സര്‍ക്കാര്‍ നടത്തിയത്. രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച സൈനികരുടെ മൃതദേഹം ഉള്‍പ്പെടെ കിട്ടാവുന്ന സകല സാധ്യതകളെയും ഉപയോഗിച്ചാണ് 'ഭാരത മാതൃഭൂവിന്' കാവലിരിക്കാന്‍ പ്രതിജ്ഞ ചെയ്ത ഈ കൊള്ളസംഘം അഴിമതി നടത്തിയത്.

വര്‍ഗീയതയുടെ മറവില്‍ അഴിമതിയുടെ തുടര്‍ച്ച

അരനൂറ്റാണ്ട് ഭരിച്ച കോണ്‍ഗ്രസ് കാലത്ത് നടന്ന ആകെ അഴിമതിയുടെ റെക്കോഡാണ് അഞ്ചു വര്‍ഷം കൊണ്ടു ബി.ജെ.പി സര്‍ക്കാര്‍ മറികടന്നത്. ബി.ജെ.പിയുമായി ബന്ധപ്പെട്ട സകല ഇടപാടുകളിലും ഇതു കാണാനാവും. റഫേല്‍ വിമാന ഇടപാട് മുതല്‍ കര്‍ണാടകയിലെ കല്‍ക്കരിഖനി ഇടപാട് വരെ ഇതില്‍ പെടും. 58,000 കോടി രൂപയ്ക്ക് 126 വിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയിട്ട മുന്‍സര്‍ക്കാരിന്റെ തീരുമാനത്തെ അട്ടിമറിച്ചാണ് അതേ തുകയ്ക്ക് 36 വിമാനങ്ങള്‍ വാങ്ങാന്‍ ഫ്രാന്‍സുമായി ബി.ജെ.പി സര്‍ക്കാര്‍ ധാരണയുണ്ടാക്കിയത്. മാത്രമല്ല, ഈ കരാര്‍ സവര്‍ണ ഗുജറാത്തിയും ആര്‍.എസ്.എസിന്റെ ഇഷ്ട തോഴനുമായ മുകേഷ് അംബാനിയുടെ തട്ടിക്കൂട്ടിയ കമ്പനിക്കു നല്‍കുകയും ചെയ്തു.

സവര്‍ണ ഇന്ത്യക്കാരായ നീരവ് മോദി, വിജയ് മല്യ, ലളിത് മോദി തുടങ്ങിയ കോര്‍പറേറ്റുകളെ ആയിരക്കണക്കിനു കോടികളുടെ തട്ടിപ്പ് നടത്തിയ ശേഷം സുരക്ഷിതമായി മുങ്ങാന്‍ അനുവദിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്തത്. എന്നാല്‍, രാജ്യം ചര്‍ച്ച ചെയ്യേണ്ട അഴിമതി ആരോപണം വന്നപ്പോഴൊക്കെ വര്‍ഗീയ പ്രചാരണത്തിലൂടെ അതിനെ മറികടക്കുകയാണ് ആര്‍.എസ്.എസ് ചെയ്തത്. പശുവും പൗരത്വവും ലൗജിഹാദും ഉള്‍പ്പെടെ അതിവൈകാരിക വിഷയങ്ങള്‍ മാറിമാറി ആര്‍.എസ്.എസ് ഉപയോഗിച്ചു.

ബി.ജെ.പിയുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കും വ്യക്തികളെ ബി.ജെ.പിയിലേക്ക് ആകര്‍ഷിക്കാനും ഇക്കാലയളവില്‍ നടത്തിയ സാമ്പത്തിക ഇടപാട് നിരവധിയാണ്.

1. ബി.ജെ.പി മുന്‍ പ്രസിഡന്റും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത്ഷായുടെ മകന്റെ കമ്പനിക്ക് മോദി ഭരണത്തിനു കീഴില്‍ 16,000 ഇരട്ടിയാണ് വളര്‍ച്ചയുണ്ടായത്. ഇയാളുടെ കീഴിലുള്ള കുസും ഫിന്‍സെര്‍വ്, ടെമ്പിള്‍ എന്റര്‍പ്രൈസസ് എന്നീ കമ്പനികള്‍ വായ്പകള്‍ നേടാനായി ലാഭത്തില്‍ കൃത്രിമം കാണിച്ചുവെന്ന വാര്‍ത്തയും വന്നിട്ടുണ്ട്.

2. കര്‍ണാടകയില്‍ ജെ.ഡി.എസ് എം.എല്‍.എ ആയ ഗൗരി ശങ്കറിന് ബി.ജെ.പി വാഗ്ദാനം ചെയ്തത് മന്ത്രിപദവിയും 60 കോടി രൂപയുമാണ്.

3. ഖനി അഴിമതിക്കേസില്‍പ്പെട്ട കര്‍ണാടകയിലെ ബി.ജെ.പി നേതാവ് യെദ്യൂരപ്പ തന്നെ മുഖ്യന്ത്രിയാക്കാന്‍ 1800 കോടി രൂപയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനും കേസുമായി ബന്ധപ്പെട്ട ജഡ്ജിമാര്‍ക്കും വാഗ്ദാനം ചെയ്തതെന്നു കാരവാന്‍ രേഖകള്‍ സഹിതം റിപോര്‍ട്ട് ചെയ്യുന്നുണ്ട്.

4. കര്‍ണാടകയില്‍ തന്നെയാണ് ബി.ജെ.പി നേതാവ് ജനാര്‍ദന റെഡ്ഡിക്കെതിരേ കോടികളുടെ അഴിമതി ആരോപണം ഉയര്‍ന്നത്. ഇയാളുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചതിന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരേ നടപടിയും ഉണ്ടായി. ഇതേ ജനാര്‍ദന റെഡ്ഡി ബെല്ലാരിയിലെ അഴിമതിക്കേസില്‍ അനുകൂല വിധി നേടാന്‍ മുന്‍ ചീഫ് ജസ്റ്റിസിന്റെ മരുമകന് 160 കോടി നല്‍കിയെന്ന ആരോപണവും നിലവിലുണ്ട്. ഖനി കേസില്‍പ്പെട്ട യെദ്യൂരപ്പയും ജഡ്ജിമാര്‍ക്ക് പണം കൊടുത്തുവെന്ന വാര്‍ത്ത ഇതോടൊപ്പം ചേര്‍ത്തുവായിക്കണം.

5. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനിടെയാണ് അധികാരം നേടാന്‍ എന്‍.സി.പി നേതാവ് ശരത്പവാറിന്റെ ബന്ധു അജിത്പവാറിന്റെ അഴിമതി ആരോപണക്കേസ് സര്‍ക്കാര്‍ ഒഴിവാക്കുന്നത്. ബി.ജെ.പിയിലേക്ക് കൂറു മാറുന്നതോടെ 70,000 കോടിയുടെ അഴിമതി ആരോപിച്ചുള്ള ഒമ്പതു കേസുകളില്‍ നിന്നാണ് അജിത്പവാര്‍ രക്ഷപ്പെട്ടത്.

6. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനും ഭാര്യക്കുമെതിരേ 900 കോടിയുടെ അഴിമതിക്കേസ് ആരോപിക്കപ്പെട്ടു. സഞ്ജീവനി ക്രെഡിറ്റ് കോര്‍പറേറ്റീവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ രാജസ്ഥാന്‍ ഹൈക്കോടതിയിലാണുള്ളത്.

അടുത്തിടെയുണ്ടായ ഏതാനും കേസുകള്‍ മാത്രമാണ് ഇവിടെ പരാമര്‍ശിച്ചത്. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ 450 കോടിയുടെ അഴിമതിക്കേസ്, അരുണാചല്‍പ്രദേശ് ബി.ജെ.പി പ്രസിഡന്റ് തപിന്‍ ഗവോയുടെ 10.5 ലക്ഷം ഉള്‍പ്പെടെ ഈ ലിസ്റ്റ് നീണ്ടതാണ്.

ഒട്ടും പിറകിലല്ലാതെ കേരള ബി.ജെ.പിയും

മറ്റു സംസ്ഥാനങ്ങളെപ്പോലെ നിയമസഭാ പ്രാതിനിധ്യമില്ലെങ്കിലും കള്ളനോട്ടിന്റെയും കള്ളപ്പണത്തിന്റെയും ഇടപാടുകളില്‍ ആനുപാതിക പ്രാതിനിധ്യത്തെക്കാള്‍ മുന്നിലാണ് കേരളത്തിലെ ബി.ജെ.പി. അതു കൊടകരയില്‍ കണ്ടെടുത്ത മൂന്നരക്കോടിയിലോ കണ്ടെടുക്കാനുള്ള 400 കോടിയിലോ മാത്രം ഒതുങ്ങുന്നതല്ല. ശോഭാ സുരേന്ദ്രന്‍ മുതല്‍ കെ. സുരേന്ദ്രന്‍ വരെയുള്ള ബി.ജെ.പിയുടെ ഉയര്‍ന്ന നേതാക്കളുടെ അടുത്തിടെ പുറത്തുവന്ന ഫോണ്‍ കോളുകളില്‍ കോടികളുടെ ഇടപാടുകളാണ് പറയുന്നത്. ബി.ജെ.പിക്കുള്ളില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ പണത്തിന്റെ പേരില്‍ മാത്രമായിരിക്കുന്നു. അവര്‍ യോഗങ്ങള്‍ ചേരുന്നതുതന്നെ പണത്തിന്റെ വീതംവയ്പ് ചര്‍ച്ച ചെയ്യാനാണെന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങള്‍.

കൊടകരയില്‍ നിന്നു കണ്ടെടുത്ത പണം ബി.ജെ.പിയുടെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കാണ് വന്നതെന്നു പറയുമ്പോള്‍ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അതിനെ നിഷേധിക്കുന്നതിനു പകരം തിരഞ്ഞെടുപ്പു കമ്മീഷന്‍ അനുവദിച്ച രീതിയിലുള്ള പ്രചാരണത്തിനു സ്ഥാനാര്‍ഥികള്‍ക്ക് പാര്‍ട്ടി ഫണ്ട് നല്‍കിയിട്ടുണ്ടെന്നു ന്യായീകരിക്കുകയാണ് ചെയ്തത്. അതുപ്രകാരം തന്നെ എത്ര കോടികള്‍ ആകെ ചെലവഴിച്ചു എന്നത് ഇനിയും പുറത്തുവരാനുണ്ട്. മറ്റു സാമ്പത്തിക തട്ടിപ്പുകേസുകള്‍ ഇതിനു പുറമെയാണ്.

1. ബി.ജെ.പി സമര്‍പ്പണനിധി സമാഹരണ പദ്ധതിയില്‍ പിരിച്ച പണം പൂര്‍ണമായും തിരിച്ചടയ്ക്കാത്തത് നേരത്തേ വിവാദമായിരുന്നു. തൃശൂര്‍ ജില്ലയില്‍ നിന്നു പിരിച്ചുനല്‍കിയ 50 ലക്ഷത്തില്‍ 10 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് എഴുതിയതാണ് സംഭവം. ജില്ലാ പ്രസിഡന്റായിരുന്ന ശ്രീശനെതിരേ ബി.ജെ.പി നടപടിയെടുത്താണ് ജില്ലയിലെ ഗ്രൂപ്പ് പോരിന് ആക്കം കൂട്ടിയ ആ സംഭവത്തെ ബി.ജെ.പി ഒതുക്കിയത്. പക്ഷേ, അതവിടെ നിന്നില്ല. ജില്ലയിലെ നേതാക്കളും തനിക്കെതിരേ നടപടിയെടുക്കാന്‍ കാരണക്കാരുമായ നാഗേഷ്, ഗോപാലകൃഷ്ണന്‍ എന്നിവരുടെ സാമ്പത്തിക സ്രോതസ്സും സ്വത്ത് സമ്പാദനവും അന്വേഷിക്കണമെന്നു പത്രസമ്മേളനം വഴി ആവശ്യപ്പെട്ടാണ് ശ്രീശന്‍ ഇതിനെതിരേ പ്രതികാരം ചെയ്തത്.

2. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണം കൊഴുക്കുന്നതിനിടെയാണ് 'ഇലക്ഷന്‍ അര്‍ജന്റ്' എന്ന ബോര്‍ഡ് വച്ച കാറിലെത്തി 94 ലക്ഷം രൂപ കൊണ്ടുപോയ സംഭവം ഉണ്ടാവുന്നത്. ഈ അന്വേഷണം ചെന്നെത്തിയതും കവര്‍ച്ചയ്ക്ക് ഉപയോഗിച്ച കാര്‍ കണ്ടെടുത്തതും ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടിലാണ്.

3. 500, 1000 നോട്ട് നിരോധിച്ച സമയത്ത് തിരുവനന്തപുരത്തെ ബി.ജെ.പി നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് വഴി 500 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തതായും ആരോപണം ഉയര്‍ന്നിരുന്നു. അതിനു നേതൃത്വം നല്‍കിയതാവട്ടെ തിരുവനന്തപുരം ജില്ലയുടെ പ്രധാന ചുമതല വഹിക്കുന്ന ആളാണത്രേ.

4. ബി.ജെ.പി സ്ഥാനാര്‍ഥിയുടെ തിരുവമ്പാടി ദേവസ്വവുമായി ബന്ധപ്പെട്ട വാടക കുടിശ്ശിക കേസ് വിവാദമായിരുന്നു. നാലു കോടിയുടെ ബാധ്യതയുണ്ടായിരുന്ന ഒരാള്‍ വേഗത്തില്‍ വാടക കുടിശ്ശിക തിരിച്ചടച്ചത് എങ്ങനെയാണെന്ന ആക്ഷേപം ഉയര്‍ന്നപ്പോള്‍ അതിനെ ന്യായീകരിക്കാന്‍ മറ്റൊരു കള്ളക്കഥ മെനയുകയാണ് ചെയ്തത്. ഫഌറ്റ് വിറ്റ പണമാണെന്ന ന്യായീകരണം പറയാന്‍ ശ്രമിച്ചെങ്കിലും ഇല്ലാത്ത ഫഌറ്റ് വിറ്റു എന്ന നുണ ആരും വിശ്വസിച്ചില്ല. ഈ ആരോപണവും ആര്‍.എസ്.എസ് ഇടപെടലിലൂടെ ഒതുക്കുകയാണ് ചെയ്തത്.

5. കള്ളനോട്ട് അടിച്ച കേസില്‍ ബി.ജെ.പി നേതാവ് അറസ്റ്റിലായത് മൂന്നു തവണയാണ്. യുവമോര്‍ച്ച ശ്രീനാരായണപുരം മേഖലാ പ്രസിഡന്റ് എരാശ്ശേരി രാജേഷാണ് കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ചു നോട്ടടിക്കുന്ന കേന്ദ്രം തുടങ്ങിയത്. ലക്ഷങ്ങളുടെ കള്ളനോട്ടും കള്ളനോട്ട് അടിക്കുന്ന യന്ത്രവുമായാണ് 2017 ജൂണ്‍ 22ന് രാജേഷിനെ പോലിസ് ആദ്യം പിടികൂടുന്നത്. രാജേഷ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജയിലില്‍ നിന്നിറങ്ങുകയും കള്ളനോട്ടടി തുടരുകയും ചെയ്തു. പണം പലിശയ്ക്കു കൊടുക്കുന്ന പണിയായിരുന്നത്രെ ഇയാള്‍ ചെയ്തിരുന്നത്. രണ്ടു തവണ പിടിക്കപ്പെട്ടിട്ടും മൂന്നാമതും കള്ളനോട്ടടി തുടരണമെങ്കില്‍ തനിക്കെതിരേ ഒരു നടപടിയും ഉണ്ടാവില്ലെന്ന ഉറപ്പ് രാജേഷിന് ഉണ്ടായിരുന്നിരിക്കണം. അതിനെ ബലപ്പെടുത്തുന്നതാണ് കേരളാ പോലിസ് പ്രസ്തുത കേസുകളില്‍ സ്വീകരിച്ച നടപടികള്‍.

സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്തു ബി.ജെ.പിയുടെ കുറ്റിയാടി മണ്ഡലം നേതാവ് എം.പി. രാജന്‍, മെഡിക്കല്‍ കോളജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടു ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് രാജേഷ് തുടങ്ങിയവര്‍ നടത്തിയ ലക്ഷങ്ങളുടെ കോഴക്കേസ് ഇതിനു പുറമെയാണ്.

കോര്‍പറേറ്റ് സഹായം ബി.ജെ.പിക്ക് മാത്രമായി

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോര്‍പറേറ്റ് ഫണ്ട് ലഭിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് ബി.ജെ.പി. അധികാരത്തിലേറിയ 2014 മുതലുള്ള അഞ്ചു വര്‍ഷം ഏറ്റവും കൂടുതല്‍ കോര്‍പറേറ്റ് ഫണ്ട് ലഭിച്ചത് ബി.ജെ.പിക്കാണ്. 2319.5 കോടി രൂപയാണ് ഇക്കാലയളവില്‍ ലഭിച്ചത്. ഇതാവട്ടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച ആകെ ഫണ്ടിന്റെ 85 ശതമാനത്തോളം വരും.

കോര്‍പറേറ്റ് ഫണ്ട് അനിയന്ത്രിതമായി സ്വീകരിക്കുന്നതിനു നരേന്ദ്രമോദി സര്‍ക്കാര്‍ നിബന്ധനകളില്‍ തന്നെ ഭേദഗതി വരുത്തിയിട്ടുണ്ട്. കമ്പനികളുടെ മൊത്ത ലാഭത്തിന്റെ 7.5 ശതമാനം മാത്രമേ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്യാന്‍ നേരത്തേ അനുവാദമുണ്ടായിരുന്നുള്ളൂ. മോദി സര്‍ക്കാര്‍ ഈ നിബന്ധന എടുത്തുകളഞ്ഞു. പുതുക്കിയ നിയമപ്രകാരം ഒരു കമ്പനിക്ക് എത്ര രൂപ വേണമെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്യാനാവും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി സംഭാവന ചെയ്ത പണത്തിന്റെ വിവരങ്ങള്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന നിബന്ധനയും നേരത്തേ ഉണ്ടായിരുന്നു. മോദി സര്‍ക്കാര്‍ ഈ നിബന്ധനയും എടുത്തുകളഞ്ഞു. അഥവാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബിനാമി ബിസിനസ് നേരിട്ടു നടത്താന്‍ കഴിയുന്ന വിധമാണ് സുപ്രധാനമായ ഈ ഭേദഗതി കോര്‍പറേറ്റ് ഫണ്ടിങ്ങിന്റെ കാര്യത്തില്‍ ബി.ജെ.പി വരുത്തിയത്.

സമാനമായ ഒരു നീക്കമാണ് ഇലക്ടറല്‍ ബോണ്ടുകള്‍ കൊണ്ടുവന്ന തീരുമാനവും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരാള്‍ക്ക് 2000 രൂപയ്ക്കു മുകളില്‍ സംഭാവന പണമായി നല്‍കുന്നത് നിര്‍ത്തലാക്കുകയാണ് ആദ്യം ചെയ്തത്. പണമിടപാട് സുതാര്യമാക്കുന്നതിനു ഡിജിറ്റല്‍ പണമിടപാട് തന്നെ വേണമെന്ന ന്യായമാണ് ഇതിനായി ആദ്യം പറഞ്ഞത്. എന്നാല്‍, അതിനു പകരമായി ഇലക്ടറല്‍ ബോണ്ട് കൊണ്ടുവരുകയാണ് പിന്നീട് ചെയ്തത്. ആരാണ് പണം നല്‍കിയതെന്നു വ്യക്തമാക്കാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കാനുള്ള അവസരമാണ് ഇലക്ടറല്‍ ബോണ്ട് അഥവാ തിരഞ്ഞെടുപ്പു ബോണ്ട്. സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളില്‍ നിന്നു നിശ്ചിത തുകയ്ക്കുള്ള ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങണം. പാര്‍ട്ടികള്‍ക്ക് അവരവരുടെ അക്കൗണ്ടുകള്‍ മുഖേന അതു പണമായി മാറ്റിയെടുക്കാനാവും.

ആയിരം, പതിനായിരം, ലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നീ തുകകളുടെ ഗുണിതങ്ങളായി വിവിധ മൂല്യങ്ങളുള്ള ഇലക്ടറല്‍ ബോണ്ടുകളാണ് വാങ്ങാനാവുക. ബോണ്ടുകള്‍ ആരാണ് നല്‍കുന്നതെന്നു പാര്‍ട്ടികളോ നല്‍കിയവരോ വെളിപ്പെടുത്തേണ്ടതില്ല. വിവരാവകാശ നിയമപ്രകാരം പോലും ബോണ്ടുകളുടെ അവകാശികള്‍ ആരാണെന്നറിയാന്‍ കഴിയില്ല. അഥവാ വലിയ തോതിലുള്ള സാമ്പത്തിക അട്ടിമറി ഇതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പു ഫണ്ടില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സുതാര്യത ഇല്ലാതാക്കുകയാണ് ഇലക്ടറല്‍ ബോണ്ടുകള്‍ ചെയ്യുന്നതെന്നു തിരഞ്ഞെടുപ്പു കമ്മീഷണറായിരുന്ന ഖുറേഷി തന്നെ അഭിപ്രായപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പു ബോണ്ടിന്റെ 95 ശതമാനവും ബി.ജെ.പിക്കാണ് ലഭിച്ചതെന്ന വസ്തുത കൂടി അറിയുമ്പോഴേ ആസൂത്രിതമായ ഈ തട്ടിപ്പിന്റെ ആഴം മനസ്സിലാവൂ.

കോര്‍പറേറ്റുകളും ഭരണകൂടവും അടങ്ങുന്ന ഈ കൊള്ളസംഘത്തില്‍ നിന്നു രാജ്യത്തിനു രക്ഷപ്പെടണമെങ്കില്‍ നന്നേ വിയര്‍ക്കേണ്ടി വരും. കോര്‍പറേറ്റുവല്‍ക്കരണത്തിലൂടെ സമാന്തര സാമ്പത്തിക സംവിധാനമാണ് ആര്‍.എസ്.എസ് നടപ്പാക്കുന്നത്. തങ്ങള്‍ക്ക് ഇഷ്ടമുള്ള കോര്‍പറേറ്റുകളെ വളര്‍ത്തി വലുതാക്കി റിസര്‍വ് ബാങ്കിനെപ്പോലും അപ്രസക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സജീവമാണ്.

Next Story

RELATED STORIES

Share it