Latest News

ആരോഗ്യസേതു ആപ്പ്: ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

കൊല്ലം കടയ്ക്കല്‍ സ്വദേശി ഷമീര്‍ ആണ് ഹര്‍ജി നല്‍കിയത്

ആരോഗ്യസേതു ആപ്പ്: ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി
X

കൊല്ലം: ആരോഗ്യ സേതു ആപ്പിലെ ഉപഭോക്താവ് അനുമതി നല്‍കേണ്ട കരാറില്‍ സ്വകാര്യതയുമായി ബന്ധപ്പെട്ട മൗലികാവകാശങ്ങളെ ഹനിക്കുന്ന രീതിയിലുള്ള ചട്ടങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സേതു മൊബൈല്‍ ആപ്ലിക്കേഷന്‍ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപന ജീവനക്കാര്‍ ജോലി സ്ഥലങ്ങളില്‍ നിര്‍ബന്ധമായും ഉപയോഗിക്കണം എന്ന ചട്ടത്തിനെതിരേ പൊതു പ്രവര്‍ത്തകനായ കൊല്ലം കടയ്ക്കല്‍ സ്വദേശി ഷമീര്‍ പ്ലാച്ചിറവട്ടം നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഹൈക്കോടതി ഇക്കാര്യത്തില്‍ വാക്കാല്‍ ആശങ്ക അറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഈ ആശങ്കകള്‍ ദൂരീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു.

ജീവനക്കാര്‍ ആപ്പ് ഉപയോഗിച്ചില്ലെങ്കില്‍ സ്ഥാപന ഉടമകള്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ക്രിമിനല്‍ നടപടികള്‍ എടുക്കാം എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ചട്ടങ്ങളില്‍ പറയുന്നത്. ഈ നിയമങ്ങള്‍ പ്രകാരം 2 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

നിര്‍ബന്ധമായും ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കാന്‍ നിഷ്‌കര്‍ഷിക്കുന്നത് ഭരണഘടന ഉറപ്പുതരുന്ന മൗലികാവകാശമായ സ്വകാര്യതയും ജോലി തുടര്‍ന്നുകൊണ്ടുപോകാന്‍ ഉള്ള അവകാശത്തെയും ഹനിക്കും എന്നാണ് ഹര്‍ജിയിലെ വാദം. ആരോഗ്യ സേതു ആപ്പ് സ്മാര്‍ട്ട് ഫോണുകളിലൂടെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ എന്നുള്ളത് 130 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ വിരലിലെണ്ണാവുന്ന ഒരുവിഭാഗത്തെ മാത്രം കണക്കില്‍ എടുത്തിട്ടുള്ളത് ആയതിനാല്‍ അത് ഭരണഘടനയുടെ തുല്യത എന്ന മൗലികാവകാശത്തെ ഹനിക്കുന്നു എന്നും ഹര്‍ജിയില്‍ പറയുന്നു.

ഇതിന്റെ ഒരു പ്രായോഗിക പ്രശ്‌നം ഇന്ത്യയില്‍ എല്ലാ തൊഴിലാളികള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ ഉണ്ട് എന്ന രീതിയിലാണ് നിയമം ഉണ്ടാക്കിയിരിക്കുന്നത്. നിലവില്‍ 10 കോടി ആള്‍ക്കാരാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്.

ആരോഗ്യസേതു ആപ്പിന്റെ ഉള്ളിലുള്ള നിലവിലെ കരാര്‍ പ്രകാരം കൊറോണ പ്രതിരോധത്തിന് മാത്രമല്ല, അതിനു ശേഷവും ആള്‍ക്കാര്‍ നല്‍കുന്ന വ്യക്തിപരമായ വിവരങ്ങള്‍ സര്‍ക്കാരിന് ഉപയോഗിക്കാന്‍ സാധിക്കും. മാത്രമല്ല വ്യക്തി വിവരങ്ങള്‍ നല്‍കിയതിന് ശേഷം ഈ കരാര്‍ പ്രകാരം കരാറിലെ വ്യവസ്ഥകള്‍ മാറ്റുവാന്‍ സാധിക്കും, ഇത്തരത്തില്‍ ഇതില്‍ വ്യവസ്ഥകള്‍ മാറുന്ന ഒരു ആപ്പ് നിര്‍ബന്ധം ആകുന്നു എന്നാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ഒരു നിയമത്തിന്റെ പിന്‍ബലമില്ലാതെ ഇത്തരം ഒരു ആപ്പ് നിര്‍ബന്ധം ആകുമ്പോള്‍ നിയമത്തിന്റെ ചട്ടക്കൂടുകള്‍ ഇല്ലാതെ സര്‍ക്കാരിന് അവരുടെ സ്വയം ഇഷ്ടപ്രകാരം ഈ വിവരങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും. അഭിഭാഷകനായ എസ് കെ ആദിത്യന്‍ മുഖാന്തരമാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

Next Story

RELATED STORIES

Share it