Latest News

മണിപ്പൂരില്‍ സായുധാക്രമണം; രണ്ട് സായുധ സംഘടനകള്‍ ഉത്തരവാദിത്തമേറ്റെടുത്തു

മണിപ്പൂരില്‍ സായുധാക്രമണം; രണ്ട് സായുധ സംഘടനകള്‍ ഉത്തരവാദിത്തമേറ്റെടുത്തു
X

ചുര്‍ചന്‍പുര്‍: മണിപ്പൂരില്‍ അസം റൈഫിള്‍സ് യൂനിറ്റിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം രണ്ട് സായുധ സംഘടനകള്‍ ഏറ്റെടുത്തു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും (പിഎല്‍എ) മണിപ്പൂര്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ടും (എംഎന്‍പിഎഫ്) സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.

മണിപ്പുരിലെ ചുര്‍ചന്‍പുര്‍ ജില്ലയില്‍ അസം റൈഫിള്‍സ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഏഴ് പേര്‍ മരിച്ചിരുന്നു. 46 അസം റൈഫിള്‍സ് കമാന്‍ഡിങ് ഓഫിസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും കുടുംബവും നാല് സൈനികരുമാണ് മരിച്ചത്. ത്രിപാഠിയും ഭാര്യയും മകനും സംഭവസ്ഥലത്തുതന്നെ മരിച്ചു.

സായുധര്‍ ആദ്യം ഐഇഡി ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. തുടര്‍ന്ന് വാനവ്യൂഹത്തിനുനേരെ വെടിയുതിര്‍ത്തു. ത്രിപാഠിയും സംഘവും ബറ്റാലിയന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് തിരികെവരുന്നതിനിടയിലാണ് ആക്രമണം നടന്നത്.

ആക്രമണം നടന്ന സാഹചര്യത്തില്‍ മണിപ്പൂര്‍ അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് കമാന്‍ഡോകളെയും സുരക്ഷാ സേനയെയും വിന്യസിപ്പിച്ചു.

മണിപ്പുര്‍ മുഖ്യമന്ത്രി ബൈറണ്‍ സിങ് സായുധാക്രമണത്തെ അപലപിച്ചു. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ഇത്തരം ചതിപ്രയോഗങ്ങളിലൂടെയുള്ള ആക്രമണങ്ങള്‍ നടത്തുന്നവരെ വെറുതേ വിടില്ലെന്നും നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവരും ആക്രമണത്തെ അപലപിച്ചു.

Next Story

RELATED STORIES

Share it