Latest News

ആരിഫ് മുഹമ്മദ് ഖാന്‍ മതം പറയേണ്ട; ഗവര്‍ണറുടെ പണി ചെയ്താല്‍ മതിയെന്ന് മുസ് ലിം ലീഗ് എംഎല്‍എ കെപിഎ മജീദ്

ആരിഫ് മുഹമ്മദ് ഖാന്‍ മതം പറയേണ്ട; ഗവര്‍ണറുടെ പണി ചെയ്താല്‍ മതിയെന്ന് മുസ് ലിം ലീഗ് എംഎല്‍എ കെപിഎ മജീദ്
X

കോഴിക്കോട്; ഗവര്‍ണര്‍ പദവിക്ക് നിരക്കാത്ത രീതിയില്‍ കക്ഷിരാക്ഷീയത്തിന്റെ ഭാഗമായി അഭിപ്രായം പറയുന്ന കേരള ഗവര്‍ണറെ വിമര്‍ശിച്ച് മുസ് ലിം ലീഗ് നേതാവും എംഎല്‍എയുമായ കെപിഎ മജീദ്. മതം പറയുന്നത് ഗവര്‍ണറുടെ പണിയല്ലെന്നും അതിനിവിടെ മതപണ്ഡിതരുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു.

ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ അഭിപ്രായങ്ങള്‍ കടുത്ത വിമര്‍ശനത്തിനു കാരണമായിരുന്നു. ഹിജാബ് വിവാദം ഗുഢാലോചനയാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തിയിരുന്നു.

''മതം പറയാന്‍ ഇവിടെ പണ്ഡിതന്മാരുണ്ട്. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറുടെ പണി ചെയ്താല്‍ മതി. മത വിശ്വാസമില്ലാത്ത, മതാചാരങ്ങള്‍ പാലിക്കാത്ത വ്യക്തി മത നിയമങ്ങളില്‍ അഭിപ്രായം പറയുകയോ ഖുര്‍ആന്‍ വ്യാഖ്യാനിക്കുകയോ ചെയ്യേണ്ട കാര്യമില്ല''- ഗവര്‍ണര്‍ സംഘപരിവാര്‍ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

''സംഘ്പരിവാറിന്റെ താളത്തിനൊത്ത് തുള്ളുകയും രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുകയും ചെയ്യുന്ന പ്രവണത ഇതിനു മുമ്പും കേരള ഗവര്‍ണറില്‍നിന്ന് ഉണ്ടായിട്ടുണ്ട്. കര്‍ണാടകയിലെ ഹിജാബ് വിവാദം രാജ്യത്തിനകത്തും പുറത്തും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളാണ് കര്‍ണാകട സര്‍ക്കാരില്‍നിന്ന് ഉണ്ടായിട്ടുള്ളത്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിട്ടുകൊണ്ടിരിക്കുകയാണ്.

''കേരളത്തില്‍ നിലവില്‍ ഹിജാബുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളൊന്നുമില്ല. എന്നാല്‍ മതേതര കേരളത്തെയും വര്‍ഗീയമായി തരംതിരിക്കാനാണ് കേരള ഗവര്‍ണര്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേ വരെ ഒരു ഗവര്‍ണറും രാഷ്ട്രീയ വിവാദങ്ങളില്‍ ഇടപെട്ടിട്ടില്ല. എന്നാല്‍ നിരന്തരം വിവാദമുണ്ടാക്കുന്നത് ആരിഫ് മുഹമ്മദ് ഖാന്‍ പതിവാക്കിയിരിക്കുകയാണ്. സംഘ്പരിവാര്‍ അജണ്ടകള്‍ കേരളത്തില്‍ നടപ്പില്ലെന്ന് അദ്ദേഹം ഓര്‍ക്കുന്നത് നല്ലതാണ്. ഇസ് ലാമിക ശരീഅത്തിനെതിരായ കാമ്പയിനില്‍ ഇന്ത്യയിലെ മുസ് ലിംകള്‍ക്കെതിരെ നിലകൊണ്ട വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഹിജാബ് വിഷയം മുതലെടുത്ത് ഈ ചരിത്രം ആവര്‍ത്തിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഭരണഘടനാ പദവിയില്‍ ഇരുന്ന് കൊണ്ട് മതത്തെയും മതനിയമങ്ങളെയും വിമര്‍ശിക്കുന്ന നിലപാട് ഗവര്‍ണര്‍ അവസാനിപ്പിക്കണം. എല്ലാ മതങ്ങളെയും മതാചാരങ്ങളെയും ബഹുമാനിക്കുന്ന പാരമ്പര്യമാണ് കേരളത്തിനുള്ളത്''-അദ്ദഹം പറഞ്ഞു.



Next Story

RELATED STORIES

Share it