Latest News

മതംമാറ്റ നിരോധന നിയമം: കര്‍ണാടക മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സ്പീക്കര്‍ക്കുമെതിരേ പരാതി

മതംമാറ്റ നിരോധന നിയമം: കര്‍ണാടക മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സ്പീക്കര്‍ക്കുമെതിരേ പരാതി
X

റായ്ച്ചൂര്‍: മതംമാറ്റനിരോധന നിയമം അവതരിപ്പിച്ച് പാസ്സാക്കിയെടുത്ത ബിജെപി എംഎല്‍എമാര്‍ക്കും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കും ആഭ്യന്തര മന്ത്രി ആരാഗ ജനേന്ദ്രക്കും സ്പീക്കര്‍ വിശ്വേശ്വര ഹെഗ്‌ഡെ കഗേരിക്കുമെതിരേ പരാതി. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെ മോശമായി ചിത്രീകരിച്ചുവെന്നാരോപിച്ചാണ് ഇവര്‍ക്കെതിരേ റായ്ച്ചൂര്‍ ജില്ലയിലെ ലിംഗസുഗുര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. സാമൂഹിക പ്രവര്‍ത്തകനായ ആര്‍ മനയ്യയാണ് പരാതിക്കാരന്‍. നിയമം പാസ്സാക്കാന്‍ ശ്രമം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരേയും പരാതിയുണ്ട്.

കര്‍ണാടക മതസ്വാതന്ത്ര്യ ബില്ല്, 2021 എന്ന പേരില്‍ നിയമസഭയില്‍ അവതരിപ്പിച്ച മതംമാറ്റനിരോധന നിയമം പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളെ മോശമായി ചിത്രീകരിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

''പട്ടികജാതി, പട്ടിക വര്‍ഗ സമുദായങ്ങളിലെ അംഗങ്ങളെ അലഞ്ഞുതിരിയുന്നവരും യാചകരുമായാണ് ബില്ല് കാണിച്ചിരിക്കുന്നത്. പണം, തുണി, പ്രലോഭനം, സംഭാവനകള്‍ എന്നിവ ഉപയോഗിച്ച് മറ്റ് മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവരായി അവരെ ചിത്രീകരിക്കുകയും ചെയ്തിരിക്കുന്നു.'- പരാതിയില്‍ പറയുന്നു.

ഈയടുത്ത് നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച കര്‍ണാടക മതസ്വാതന്ത്ര്യത്തിനുള്ള അവകാശ സംരക്ഷണ ബില്ലില്‍ പ്രത്യേക സമുദായങ്ങളെ മോശമായി ചിത്രീകരിച്ചിരിക്കുന്നു. അതിനെതിരേ നടപടിയെടുക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.

ആഭ്യന്തര മന്ത്രി ആരാഗ ജനേന്ദ്രയാണ് ബില്ല് സഭയില്‍ വച്ചത്. എല്ലാ ബിജെപി എംഎല്‍എമാരും ബില്ലിനെ കയ്യടിച്ച് സ്വാഗതം ചെയ്തു.

1989ലെ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമമനുസരിച്ച് കേസെടുക്കണമെന്നാണ് ആവശ്യം.

വിവാദമായ ഈ നിയമം ഡിസംബര്‍ 23ന് നിയമസഭ ശബ്ദവോട്ടടെ പാസ്സാക്കി. അടുത്തതായി കൗണ്‍സിലില്‍ അവതരിപ്പിക്കും. 2022 ജനുവരിയിലോ ഫെബ്രുവരിയിലോ ആയിരിക്കും ബില്ല് അവതരിപ്പിക്കുക.

Next Story

RELATED STORIES

Share it