Latest News

വയോമിത്രം പദ്ധതിയ്ക്ക് 2 കോടി രൂപ അനുവദിച്ചു

വയോമിത്രം പദ്ധതിയ്ക്ക് 2 കോടി രൂപ അനുവദിച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്ത് വയോജനക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന വയോമിത്രം പദ്ധതിയ്ക്ക് 2 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കൊവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തില്‍ വയോജനങ്ങളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ട പ്രത്യേക സംവിധാനങ്ങള്‍ക്ക് കൂടിയാണ് തുകയനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.

വയോജനക്ഷേമ രംഗത്ത് ആരോഗ്യ പരിരക്ഷയും മാനസിക ഉല്ലാസവും നല്‍കുകയെന്ന ലക്ഷ്യത്തോടുകൂടി സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് വയോമിത്രം. പദ്ധതി നടപ്പിലാക്കുന്ന പ്രദേശത്തെ വയോജനങ്ങളുടെ മാനസികോല്ലാസത്തിന് വേണ്ടിയുള്ള വിവിധ പരിപാടികളും വയോജന സ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് പ്രത്യേക കരുതല്‍ നല്‍കുന്ന തരത്തിലുള്ള വിവിധ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് പദ്ധതി പ്രദേശത്ത് മൊബൈല്‍ ക്ലിനിക്കും കൗണ്‍സിലിംഗും വൈദ്യസഹായവും മരുന്നും സൗജന്യമായി നല്‍കുന്നു. കിടപ്പ് രോഗികള്‍ക്ക് പാലിയേറ്റിവ് ഹോം കെയര്‍ നല്‍കുന്നു. ആശുപത്രികളില്‍ വയോജനങ്ങളെ കൊണ്ടുപോകുന്നതിനും തിരിച്ചുകൊണ്ട് പോകുന്നതിനും സൗജന്യ ആംബുലന്‍സ് സേവനം നല്‍കുന്നു. വയോജനങ്ങള്‍ക്കായി ഹെല്‍പ്പ് ഡെസ്‌കുകളും പ്രവര്‍ത്തിക്കുന്നു.

ലോകത്ത് കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വയോജനങ്ങള്‍ക്കായി വലിയ കരുതലോടെയുള്ള പ്രവര്‍ത്തനങ്ങളാണ് സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പുകള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. വയോമിത്രം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വയോജനങ്ങള്‍ക്ക് മരുന്നുകളും മറ്റും കൃത്യമായി വീട്ടിലെത്തിച്ചു വരുന്നു. 47 ലക്ഷം വയോജനങ്ങളുമായി അങ്കണവാടി പ്രവര്‍ത്തകര്‍ ബന്ധപ്പെടുകയും അവരുടെ ക്ഷേമത്തിനായി തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. വയോജനങ്ങളുടെ സമഗ്ര പരിരക്ഷയ്ക്കായി ഗ്രാന്റ്കെയര്‍ പദ്ധതിയും ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it