Latest News

പൗരത്വ ബില്ലിനെതിരേ പ്രതിഷേധം കനത്തു; അമിത് ഷാ ഷില്ലോങ് സന്ദര്‍ശനം റദ്ദാക്കി

ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

പൗരത്വ ബില്ലിനെതിരേ പ്രതിഷേധം കനത്തു; അമിത് ഷാ ഷില്ലോങ് സന്ദര്‍ശനം റദ്ദാക്കി
X

ന്യൂഡല്‍ഹി: മേഘാലയയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രതിഷേധം ശക്തമായതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഷില്ലോങ് സന്ദര്‍ശനം റദ്ദാക്കി. വടക്ക് കിഴക്ക് പോലിസ് അക്കാദമിയിലേക്കുള്ള സന്ദര്‍ശനമാണ് റദ്ദാക്കിയത്. ജാര്‍ഖണ്ഡിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകാനുള്ള പദ്ധതിയും ഉപേക്ഷിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാജ്യസഭ, പൗരത്വ ഭേദഗതി ബില്ലിന് അനുമതി കൊടുത്തതിനു ശേഷം വടക്ക് കിഴക്ക് സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. അസമില്‍ ആരംഭിച്ച പ്രതിഷേധം തുടര്‍ന്ന് ത്രിപുരയിലേക്കും ഇപ്പോള്‍ മേഘാലയിലേക്കും പടര്‍ന്നിരിക്കുകയാണ്. 2015 നു മുന്‍പ് ഇന്ത്യയിലെത്തിയ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അമുസ്ലിം കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള ബില്ലിന് രാജ്യസഭ അനുമതി നല്‍കിയതോടെയാണ് പ്രക്ഷോഭം ശക്തമായത്.

മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങില്‍ പ്രതിഷേധക്കാരും പോലിസും പരസ്പരം ഏറ്റുമുട്ടി. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഷില്ലോങില്‍ രാജ്ഭവന് അടുത്തുവച്ചാണ് പ്രതിഷേധക്കാരും പോലിസും പരസ്പരം ഏറ്റുമുട്ടിയത്. തെരുവിലിറങ്ങിയ ആയിരക്കണക്കിന് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ശ്രമിച്ച പോലിസിനെതിരേ കനത്ത കല്ലേറും നടന്നു. ചിലയിടങ്ങളില്‍ ടോര്‍ച്ച് ലൈറ്റ് റാലികള്‍ നടക്കുന്നതായും റിപോര്‍ട്ടുകളുണ്ട്.

പുറത്തുവന്ന ചില സെല്‍ഫോണ്‍ ദൃശ്യങ്ങള്‍ നല്‍കുന്ന വിവരമനുസരിച്ച് പരിക്കേറ്റ നിരവധി പേരെ തൊട്ടടുത്ത സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.

ഷില്ലോങില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ വില്യംനഗര്‍ ടൗണില്‍ മുഖ്യമന്ത്രി കൊനാര്‍ഡ് സാങ്മയുടെ വാഹനവ്യൂഹത്തെ പ്രക്ഷോഭകര്‍ തടഞ്ഞു. സ്ത്രീകളും കുട്ടികളും പങ്കെടുത്ത റാലിയില്‍ കൊനാര്‍ഡ് തിരിച്ചുപോവുക എന്ന മുദ്രാവാക്യം മുഴങ്ങിയിരുന്നെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


Next Story

RELATED STORIES

Share it