Latest News

ഇരട്ട പൗരത്വ വിവാദം: രാഹുല്‍ ഗാന്ധിക്കെതിരേ അന്വേഷണം വേണമെന്ന് അലഹബാദ് ഹൈക്കോടതി

ഇരട്ട പൗരത്വ വിവാദം: രാഹുല്‍ ഗാന്ധിക്കെതിരേ അന്വേഷണം വേണമെന്ന് അലഹബാദ് ഹൈക്കോടതി
X

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വം ഉണ്ടെന്ന പരാതിയില്‍ അന്വേഷണം വേണമെന്ന് അലഹബാദ് ഹൈക്കോടതി. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ഉത്തരവിട്ടത്. അന്വേഷണം സ്വയം നടത്തുകയോ അല്ലെങ്കില്‍ ഒരു കേന്ദ്ര ഏജന്‍സിക്ക് കൈമാറുകയോ ചെയ്യണമെന്ന് കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിര്‍ദേശം.

ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച രേഖകള്‍ വളരെ രഹസ്യ സ്വഭാവമുള്ളതിനാല്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കരുതെന്ന് കേന്ദ്രത്തെ പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ എസ് ബി പാണ്ഡെ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷം, ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി വിവേക് മിശ്രയും അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ പ്രണവ് റായിയും ബന്ധപ്പെട്ട രേഖകളുമായി കോടതിയില്‍ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

ജനുവരി 28ന് ലഖ്നൗവിലെ പ്രത്യേക കോടതി വിധിയെ ചോദ്യം ചെയ്ത് ബിജെപി പ്രവര്‍ത്തകനായ എസ് വിഘ്നേഷ് ശിശിറാണ് ഹരജി സമര്‍പ്പിച്ചത്. ഇരട്ട പൗരത്വ ആരോപണവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി കീഴ്ക്കോടതി നേരത്തെ തള്ളിയിരുന്നു.

രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്നതിന് തെളിവുകള്‍ കൈവശമുണ്ടെന്നായിരുന്നു ശിശിറിന്റെ അവകാശവാദം. ഇതുമായി ബന്ധപ്പെട്ട്, യുകെ സര്‍ക്കാരിന്റെ ചില രഹസ്യ ഇ-മെയിലുകളും തന്റെ പക്കലുണ്ടെന്ന് ശിശിര്‍ അവകാശപ്പെട്ടു. വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ശിശിര്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

റായ് ബറേലിയിലെ പ്രത്യേക കോടതിയിലാണ് ആദ്യം പരാതി ഫയല്‍ ചെയ്തത്. 2025 ഡിസംബര്‍ 17ന് അലഹബാദ് ഹൈക്കോടതി കേസ് ലഖ്നൗവിലേക്ക് മാറ്റി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലഖ്നൗ കോടതി നല്‍കിയ ഹരജി തള്ളിയതിനെ തുടര്‍ന്ന് ഹരജിക്കാരന്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it