Latest News

'ഐഷ പോറ്റിയുടെ നിലപാട് അവസരവാദപരം'; സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

എംഎല്‍എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആക്കിയത് പാര്‍ട്ടി

ഐഷ പോറ്റിയുടെ നിലപാട് അവസരവാദപരം; സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി
X

കൊല്ലം: കോണ്‍ഗ്രസിലെത്തിയ കൊട്ടാരക്കരയിലെ മുന്‍ എംഎല്‍എ ഐഷ പോറ്റിയുടെ രാഷ്ട്രീയ നിലപാടുകള്‍ അവസരവാദപരമാണെന്ന് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി. ഐഷ പോറ്റിയെ എംഎല്‍എ ആക്കിയതും ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കിയതും പാര്‍ട്ടിയാണെന്ന വസ്തുത ജില്ലാ കമ്മിറ്റി ഓര്‍മ്മിപ്പിച്ചു. അധികാരം ഇല്ലാത്തപ്പോള്‍ ഒഴിഞ്ഞുമാറുന്നത് പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് ചേര്‍ന്നതല്ലെന്നും വിമര്‍ശനം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ഐഷ പോറ്റി പാര്‍ട്ടിയില്‍ സജീവമല്ലാതായി. പാര്‍ട്ടി നല്‍കിയ ചുമതലകല്‍ നിര്‍വഹിക്കണമെന്ന് നേതാക്കള്‍ ഐഷ പോറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഏത് സാഹചര്യത്തിലാണ് ഐഷ പോറ്റി കോണ്‍ഗ്രസിലേക്ക് പോയതെന്ന് മനസിലാകുന്നില്ലെന്നും അവസരവാദപരമായ നിലപാട് കൊട്ടാരക്കരയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മനസ്സിലാക്കുമെന്നും സിപിഎം ജില്ലാ കമ്മിറ്റി കൂട്ടിചേര്‍ത്തു.

പാര്‍ട്ടിയേയും ഇടതുപക്ഷത്തേയും സ്നേഹിക്കുന്നവരാണ് ഐഷ പോറ്റിയെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചതെന്ന് മറന്നുപോയത് ഖേദകരമാണെന്ന് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറയുന്നു. എങ്ങനേയും അധികാരം നേടുക എന്ന യുഡിഎഫിന്റെ കുതന്ത്രങ്ങളേയും വില കുറഞ്ഞ പ്രചരണങ്ങളേയും കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളയുമെന്ന് ജില്ലാ കമ്മിറ്റി പറഞ്ഞു.

കൊട്ടാരക്കരയില്‍ നിന്ന് മൂന്നു തവണ എംഎല്‍എയായ ഐഷ പോറ്റി സിപിഎമ്മുമായുള്ള മൂന്നു പതിറ്റാണ്ട് നീണ്ട ബന്ധം ഉപേക്ഷിച്ചാണ് കോണ്‍ഗ്രസിലെത്തിയത്. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ രാപ്പകല്‍ സമരവേദിയിലെത്തിയാണ് ഐഷപോറ്റി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. പ്രതിപക്ഷനേതാവുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമായിരുന്നു ഐഷ പോറ്റിയുടെ കോണ്‍ഗ്രസ് പ്രവേശം. കൊട്ടാരക്കരയില്‍ ഐഷ പോറ്റി സ്ഥാനാര്‍ഥിയാകും.

Next Story

RELATED STORIES

Share it