Latest News

വായു മലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍, പിയുസി ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നിരോധിച്ചു

വായു മലിനീകരണം രൂക്ഷം; ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍, പിയുസി ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നിരോധിച്ചു
X

ന്യൂഡല്‍ഹി: വായു മലിനീകരണം ഗുരുതരമായ തുടരുന്ന സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. ബിഎസ്-6 നിലവാരത്തിനു താഴെയുള്ള കാറുകള്‍ക്ക് ഡല്‍ഹിയില്‍ പ്രവേശനം വിലക്കിയതോടൊപ്പം, പുകപരിശോധന സര്‍ട്ടിഫിക്കറ്റ് (പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ പിയുസി) ഇല്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കാന്‍ പാടില്ലെന്ന ഉത്തരവും ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. പെട്രോള്‍ പമ്പുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ (എഎന്‍പിആര്‍) ക്യാമറകളുടെ സഹായത്തോടെ വാഹനങ്ങളുടെ പിയുസി നില പരിശോധിക്കും. വോയിസ് അലേര്‍ട്ട് സംവിധാനം വഴി പമ്പ് ജീവനക്കാരെ വിവരം അറിയിക്കുന്നതോടൊപ്പം, ആവശ്യമായാല്‍ പോലിസിന്റെ സഹായവും ഉറപ്പാക്കും.

നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനായി അതിര്‍ത്തി എന്‍ട്രി പോയിന്റുകള്‍ ഉള്‍പ്പെടെ 126 ചെക്ക് പോയിന്റുകളിലായി 580 പോലിസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. പെട്രോള്‍ പമ്പുകളിലും അതിര്‍ത്തികളിലും ഗതാഗത വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. സിഎന്‍ജി, ഇലക്ട്രിക് വാഹനങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍, അവശ്യവസ്തുക്കള്‍ എത്തിക്കുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല.

നിയന്ത്രണം കര്‍ശനമാക്കിയതോടെ ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നിന്നായി പ്രതിദിനം ഡല്‍ഹിയിലേക്ക് എത്തുന്ന ഏകദേശം 12 ലക്ഷം വാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കില്ലെന്നാണ് കണക്കുകൂട്ടല്‍. ശൈത്യകാലത്ത് ഡല്‍ഹിയില്‍ ഉണ്ടാകുന്ന മലിനീകരണത്തില്‍ ഏകദേശം 20 ശതമാനം പങ്ക് വാഹനങ്ങളില്‍ നിന്നുള്ള വിഷവാതകങ്ങളാണെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി ശക്തമാക്കിയത്. നവംബര്‍ മധ്യത്തോടെ തന്നെ മലിനീകരണ തോത് കുത്തനെ ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ വായു ഗുണനിലവാര സൂചിക (എക്യുഐ) 350നു മുകളിലെത്തി.

മലിനീകരണ സാഹചര്യം കണക്കിലെടുത്ത് പ്രൈമറി സ്‌കൂളുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ക്ലാസുകളാക്കി. സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് ഹൈബ്രിഡ് രീതിയിലാണ് പഠനം. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും 50 ശതമാനം വര്‍ക്ക് ഫ്രം ഹോം സംവിധാനം നടപ്പാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it