Latest News

അഹമ്മദാബാദ് വിമാനാപകടം: അന്തരിച്ച പൈലറ്റിന്റെ അനന്തരവനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് പ്രതിഷേധാര്‍ഹമെന്ന് പൈലറ്റ്‌സ് ഫെഡറേഷന്‍

അഹമ്മദാബാദ് വിമാനാപകടം: അന്തരിച്ച പൈലറ്റിന്റെ അനന്തരവനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് പ്രതിഷേധാര്‍ഹമെന്ന് പൈലറ്റ്‌സ് ഫെഡറേഷന്‍
X

ന്യൂഡല്‍ഹി: പൈലറ്റിന്റെ അനന്തരവനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ നടപടിക്കെതിരേ പ്രതിഷേധിച്ച് പൈലറ്റുമാരുടെ സംഘടന. അന്തരിച്ച ക്യാപ്റ്റന്‍ സുമീത് സബര്‍വാളിന്റെ അനന്തരവന്‍ ക്യാപ്റ്റന്‍ വരുണ്‍ ആനന്ദിനെയാണ് ചോദ്യെ ചെയ്യലിനായി വിളിപ്പിച്ചത്.

എയര്‍ ഇന്ത്യയിലെ തന്നെ പൈലറ്റായ ക്യാപ്റ്റന്‍ വരുണ്‍ ആനന്ദിനോട് ജനുവരി 15-ന് ഹാജരാകാനാണ് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ വിളിപ്പിച്ചതെന്നോ, ഈ അന്വേഷണത്തില്‍ അദ്ദേഹത്തിന് എന്ത് പ്രസക്തിയാണുള്ളതെന്നോ നോട്ടിസില്‍ വ്യക്തമാക്കിയിട്ടില്ലെന്ന് പൈലറ്റുമാരുടെ സംഘടന ചൂണ്ടിക്കാട്ടി.

അപകടവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളാണ് ക്യാപ്റ്റന്‍ വരുണ്‍ ആനന്ദ്. മതിയായ മുന്നറിയിപ്പില്ലാതെ അദ്ദേഹത്തെ വിളിപ്പിക്കുന്നത് തികച്ചും അനാവശ്യമാണെന്നും വ്യക്തിപരമായ വലിയൊരു നഷ്ടത്തിന് പിന്നാലെ ഇത്തരത്തില്‍ നോട്ടിസ് നല്‍കുന്നത് മാനസിക പീഡനമാണെന്നും പൈലറ്റുമാര്‍ നല്‍കിയ കത്തില്‍ പറയുന്നു. ചോദ്യം ചെയ്യല്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തെയും സല്‍പ്പേരിനെയും ദോഷകരമായി ബാധിക്കുമെന്നും പൈലറ്റ്‌സ് ഫെഡറേഷന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 12-നാണ് എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം തകര്‍ന്നുവീണത്. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നു വീണത്. അഹമ്മദാബാദിലെ മേഘാനി നഗറിലുള്ള ബി ജ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം പതിച്ചത്. മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ള വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാര്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആകെയുണ്ടായിരുന്ന 242 യാത്രക്കാരില്‍ ഒരാള്‍ മാത്രം അന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

Next Story

RELATED STORIES

Share it