Latest News

ആശ്വാസം പകര്‍ന്ന് സാന്ത്വന സ്പര്‍ശം അദാലത്ത്; കണ്ണൂര്‍, തലശ്ശേരി താലൂക്കുകളുടെ അദാലത്തിന് തുടക്കമായി

ആശ്വാസം പകര്‍ന്ന് സാന്ത്വന സ്പര്‍ശം അദാലത്ത്; കണ്ണൂര്‍, തലശ്ശേരി താലൂക്കുകളുടെ അദാലത്തിന് തുടക്കമായി
X

കണ്ണൂര്‍: ജനങ്ങളുടെ അടിയന്തര പ്രശ്‌നങ്ങള്‍ക്ക് സത്വര പരിഹാരം കണ്ടെത്തുന്നതിനായി മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ സാന്ത്വന സ്പര്‍ശം അദാലത്തിന് കണ്ണൂര്‍ മുനിസിപ്പല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടക്കുന്നത്. പലവിധ ജീവിത സാഹചര്യങ്ങളാല്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകന്‍ സാന്ത്വന സ്പര്‍ശം അദാലത്തുകളിലൂടെ സാധിക്കുമെന്ന് തലശ്ശേരി, കണ്ണൂര്‍ താലൂക്കുകള്‍ക്കായുള്ള സാന്ത്വന സ്പര്‍ശം അദാലത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ വിവിധ ജനക്ഷേമ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചു. എന്നാല്‍ പല കാരണങ്ങളാല്‍ ആശ്വാസം ലഭിക്കാന്‍ അവശേഷിക്കുന്നവരുടെയും പല സാഹചര്യങ്ങളാല്‍ പ്രശ്‌ന പരിഹാരത്തിന് സാധിക്കാത്തവരെയും പരിഗണിച്ചാണ് അദാലാത്തുകള്‍ സംഘടിപ്പിക്കുന്നത്. നേരത്തേ ഓണ്‍ലൈനായി നല്‍കിയ എല്ലാ പരാതികളിലും പ്രാഥമിക പരിശോധന നടത്തി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. പെട്ടെന്ന് തീര്‍പ്പു കല്‍പ്പിക്കാന്‍ നിയമപരമായ തടസ്സങ്ങളുള്ളവ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുവാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. സാന്ത്വന സ്പര്‍ശം എന്ന പേര് അന്വര്‍ഥമാക്കുന്ന അദാലത്തുകളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചു കൊണ്ട് ആളുകള്‍ അദാലത്തില്‍ പങ്കെടുക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

ഓണ്‍ലൈനായി നല്‍കിയ അപേക്ഷകള്‍ പരിഗണിച്ച് മുന്‍ഗണനാ കാര്‍ഡ് അനുവദിച്ച 11 പേരില്‍ അഞ്ച് പേര്‍ക്ക് മന്ത്രിമാര്‍ വേദിയില്‍ വെച്ച് റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തുകൊണ്ടായിരുന്നു അദാലത്തിന് തുടക്കം കുറിച്ചത്. രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച അദാലത്തില്‍ തലശ്ശേരി താലൂക്കിന്റെ പരാതികളാണ് ആദ്യം പരിഗണിച്ചത്. രണ്ടു താലൂക്കുകളില്‍ നിന്നുമുള്ള 1500ലേറെ അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. ഓണ്‍ലൈനായി അപേക്ഷ നല്‍കിയവര്‍ക്കു പുറമെ, നേരിട്ട് എത്തുന്നവരുടെ അപേക്ഷകള്‍ സ്വീകരിക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ അദാലത്ത വേദിയില്‍ ഒരുക്കിയിരുന്നു.

റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ക്കു പുറമെ, റവന്യൂപഞ്ചായത്ത് സേവനങ്ങള്‍, ചികില്‍സാ സഹായം, വിദ്യാഭ്യാസ വായ്പ, പ്രവാസി പുനരധിവാസം, ബാങ്ക് വായ്പ തുടങ്ങിയവയുമായി ബന്ധപ്പെട്ടവയാണ് അദാലത്തില്‍ ലഭിച്ച അപേക്ഷകളിലേറെയും.

ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, എഡിഎം ഇ പി മേഴ്‌സി, കണ്ണൂര്‍ തഹസില്‍ദാര്‍ പി വി അശോകന്‍, തലശ്ശേരി തഹസില്‍ദാര്‍ എം ടി സുഭാഷ് ചന്ദ്രബോസ്, വകുപ്പ് ഉദ്യോഗസ്ഥര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കുകളുടെ അദാലത്ത് ഫെബ്രുവരി നാലിന് തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്ത് നടക്കും.

Next Story

RELATED STORIES

Share it