Latest News

സിബിഎസ്ഇ ചോദ്യപേപ്പര്‍ വിവാദത്തില്‍ രണ്ട് പേര്‍ക്കെതിരേ നടപടി; ഗുജറാത്ത് വംശഹത്യത്തെകുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയ വിദഗ്ധനെയും പുറത്താക്കി

പുറത്താക്കപ്പെട്ടവരുടെ പേരുകള്‍ സിബിഎസ്ഇ പരസ്യപ്പെടുത്തിയിട്ടില്ല

സിബിഎസ്ഇ ചോദ്യപേപ്പര്‍ വിവാദത്തില്‍ രണ്ട് പേര്‍ക്കെതിരേ  നടപടി; ഗുജറാത്ത് വംശഹത്യത്തെകുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയ വിദഗ്ധനെയും പുറത്താക്കി
X

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പറില്‍ വിവാദ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ രണ്ടു പേര്‍ക്കെതിരേ നടപടി. വിഷയ വിദഗ്ധരായ രണ്ടു പേരെ ചോദ്യപേപ്പര്‍ നിര്‍ണയ സമിതിയില്‍ നിന്ന് പുറത്താക്കി. ഇംഗ്ലീഷ്, സോഷ്യോളജി എന്നീ വിഷയങ്ങളിലെ വിദഗ്ധരെയാണ് സമിതിയില്‍ നിന്നു പുറത്താക്കിയത്.

സിബിഎസ്ഇ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരേ നടപടി. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ 10ാംതരം ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയതിനും 12ാം ക്ലാസ്സിനുള്ള ചോദ്യപേപ്പറില്‍ ഗുജറാത്ത് "കലാപത്തെ" കുറിച്ച് ചോദിച്ചതിനുമാണ് ഇവരെ പുറത്താക്കിയത്. നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ നടന്ന ആദ്യ ടേം പരീക്ഷാ ചോദ്യപേപ്പറാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. ചോദ്യപേപ്പറിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

ഏതു സര്‍ക്കാരിന്റെ കാലത്താണ് ഗുജറാത്ത് "കലാപം" നടന്നത് എന്ന് 12ാം ക്ലാസ് സോഷ്യോളജി പരീക്ഷാ പേപ്പറില്‍ ചോദ്യമുണ്ടായിരുന്നു. ഇത് തയ്യാറാക്കിയ വിദഗ്ധനും പുറത്താക്കപ്പെട്ടു. 10ാം ക്ലാസ്സിലെ ഇംഗ്ലീഷ് ചോദ്യപേപ്പറിലാണ് സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നത്. സ്ത്രീ ശാക്തീകരണവും സ്ത്രീ-പുരുഷ തുല്യതയും കുട്ടികളിലെ അച്ചടക്കം ഇല്ലാതാക്കിയെന്നും കുട്ടികള്‍ക്ക് മേല്‍ രക്ഷകര്‍ത്താക്കള്‍ക്കുള്ള സ്വാധീനം കുറച്ചെന്നും ചോദ്യപേപ്പറില്‍ പരാമര്‍ശമുണ്ടായിരുന്നു.

'ഭാര്യമാരുടെ വിമോചനം' എന്നാണ് സ്ത്രീസമത്വത്തെ പരാമര്‍ശിക്കാന്‍ ഉപയോഗിച്ച വാക്ക്. ചേദ്യപേപ്പര്‍ വിവാദമായതോടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഈ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് ലോകസഭയില്‍ ചോദ്യമുന്നയിച്ചിരുന്നു. പിന്നാലെ ചോദ്യങ്ങള്‍ പിന്‍വലിച്ച് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നല്‍കുമെന്ന് സിബിഎസ്ഇ അറിയിച്ചു.

വകുപ്പുതല അന്വേഷണത്തിനു ശേഷമാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയ വിഷയ വിദഗ്ധര്‍ക്കെതിരേ നടപടി. അതേസമയം, പുറത്താക്കപ്പെട്ടവരുടെ പേരുകള്‍ സിബിഎസ്ഇ പരസ്യപ്പെടുത്തിയിട്ടില്ല. ചോദ്യപ്പേപ്പര്‍ പ്രക്രിയ അവലോകനം ചെയ്യാനായി മുന്‍ പരീക്ഷാ കണ്‍ട്രോളര്‍ പവനേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെയും സിബിഎസ്‌സി നിയമിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it