Latest News

പോപുലര്‍ ഫ്രണ്ടിനെതിരേയുള്ള നടപടി ജനാധിപത്യ ധാര്‍മികതക്ക് എതിര്: ജമാഅത്തെ ഇസ് ലാമി നേതാവ് സയ്യിദ് സദഅത്തുല്ല ഹുസയ്‌നി

പോപുലര്‍ ഫ്രണ്ടിനെതിരേയുള്ള നടപടി ജനാധിപത്യ ധാര്‍മികതക്ക് എതിര്: ജമാഅത്തെ ഇസ് ലാമി നേതാവ് സയ്യിദ് സദഅത്തുല്ല ഹുസയ്‌നി
X

ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫിസുകളിലും സ്ഥാപനങ്ങളിലും നേതാക്കളുടെ വീടുകളിലും നടന്ന എന്‍ഐഎ, ഇഡി പരിശോധനക്കും നേതാക്കളുടെ അറസ്റ്റിനുമെതിരേ ജമാഅത്തെ ഇസ് ലാമി ഹിന്ദ് പ്രസിഡന്റ് സയ്യിദ് സദഅത്തുല്ല ഹുസയ്‌നി.

''പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) ഓഫിസുകളിലും അവരുടെ നേതാക്കളുടെ വീടുകളിലും എന്‍ഐഎയും ഇഡിയും നടത്തിയ റെയ്ഡുകളില്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന് ആശങ്കയുണ്ട്. എന്‍ഐഎ പോലുള്ള ഏജന്‍സികള്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം അന്വേഷണം നടത്തേണ്ടത്. അത്തരം നടപടികള്‍ പക്ഷപാതരഹിതവും രാഷ്ട്രീയ പ്രേരണയില്ലാത്തതുമാവണം. എന്‍ഐഎയും ഇ ഡിയും നടത്തുന്ന പരിശോധനകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷന്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നുണ്ടോ? പിഎഫ്‌ഐയെ ലക്ഷ്യമിട്ട് എന്‍ഐഎയും ഇ ഡിയും രാജ്യത്തുടനീളം ഒരേസമയം റെയ്ഡുകള്‍ നടത്തിയ രീതി നമ്മുടെ സമൂഹത്തില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു''- ജമാഅത്ത് ഇസ് ലാമിയുടെ പ്രസ്താവനയില്‍ പറയുന്നു.

ഇന്ന് രാവിലെ മുതല്‍ 93 പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് എന്‍ഐഎ, ഇഡി പരിശോധന നടന്നത്.

'എന്‍ഐഎ, ഇഡി, സിബിഐ, പോലിസ് തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രതിപക്ഷത്തിനും പ്രതിപക്ഷ നേതാക്കള്‍ക്കുമെതിരെ നടത്തിയ നിരവധി നടപടികളുടെ പശ്ചാത്തലത്തില്‍ ഈ ഓപ്പറേഷന്‍ സംശയാസ്പദമാണ്. ഇത് നമ്മുടെ ജനാധിപത്യ ധാര്‍മികതയെ വ്രണപ്പെടുത്തുകയും അധികാരത്തിലിരിക്കുന്നവരെ വിമര്‍ശിക്കാനും വിലയിരുത്താനുമുള്ള പൗരന്മാരുടെ അവകാശങ്ങളെ അപകടത്തിലാക്കുകയും ചെയ്യുന്നു. ഈ പരിശോധനയില്‍ സമൂഹത്തിനു മുമ്പില്‍ അസുഖകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനാണോ ഇത്തരം പരിശോധനകള്‍? അങ്ങനെയാണെങ്കില്‍, അത് ഒരു തരം പ്രീണനവും വോട്ട് ബാങ്ക് രാഷ്ട്രീയവുമല്ലേ?'- പ്രസ്താവന പറയുന്നു.

തെളിവുകളും ന്യായീകരണവുമില്ലാതെ പക്ഷപാതപരമായി പോപുലര്‍ ഫ്രണ്ടിനെതിരേ സ്വീകരിക്കുന്ന നടപടികളെ ജമാഅത്തെ ഇസ് ലാമി അസന്നിഗ്ദ്ധമായി അപലപിച്ചു.

Next Story

RELATED STORIES

Share it