Latest News

ഇന്ത്യയില്‍ 60 ശതമാനം വിദ്യാര്‍ത്ഥികളും കാല്‍നടയായി സ്‌കൂളില്‍ പോകുന്നവരാണെന്ന് സര്‍വേ റിപോര്‍ട്ട്

ഇന്ത്യയില്‍ 60 ശതമാനം വിദ്യാര്‍ത്ഥികളും കാല്‍നടയായി സ്‌കൂളില്‍ പോകുന്നവരാണെന്ന് സര്‍വേ റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഭൂരിഭാഗം കുട്ടികളും കാല്‍നടയായാണ് സ്‌കൂളില്‍ പോകുന്നതെന്ന് സര്‍വേ റിപോര്‍ട്ട്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. രാജ്യത്ത് 59.7 ശതമാനം വിദ്യാര്‍ത്ഥികളാണ് കാല്‍നടയായി സ്‌കൂളില്‍ എത്തുന്നത്. ഗ്രാമീണമേഖലയിലാണ് നടന്ന് സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ എണ്ണം ഏറ്റവും കൂടുതലുള്ളത്.

കാല്‍നടയായി സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളുടെ ശതമാനം ശരാശരിയേക്കാള്‍ ഉയര്‍ന്നതാണ്, 62 ശതമാനം. ആണ്‍കുട്ടികള്‍ക്ക് ഇത് 57.9 ശതമാനമാണ്. ഗ്രാമീണ, നഗര പ്രദേശങ്ങളുടെ ഡാറ്റ പ്രത്യേകം നോക്കുമ്പോഴും ഇതേ പ്രവണത തന്നെയാണ് കാണുന്നത്. ഗ്രാമപ്രദേശങ്ങളില്‍ 61.4 ശതമാനം ആണ്‍കുട്ടികളും സ്‌കൂളിലേക്ക് നടന്നു പോകുമ്പോള്‍ പെണ്‍കുട്ടികളുടെ ശതമാനം 66.5 ആണ്, ഇത് നഗരപ്രദേശങ്ങളില്‍ യഥാക്രമം 57.9 ശതമാനവും 62 ശതമാനവുമാണ്.

കാല്‍നട കഴിഞ്ഞാല്‍ കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് പൊതുഗതാഗതമാണ്. 12.4 ശതമാനം വിദ്യാര്‍ത്ഥികളാണ് പൊതുവാഹനങ്ങളില്‍ സ്‌കൂളിലെത്തുന്നത്. ഗ്രാമപ്രദേശങ്ങളില്‍, 11.3 ശതമാനം വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്കുള്ള യാത്രയ്ക്ക് പൊതുഗതാഗതം ഉപയോഗിക്കുന്നു, നഗരപ്രദേശങ്ങളില്‍ ഇത് 15.3 ശതമാനമാണ്.

വിദ്യാര്‍ത്ഥികള്‍ പൊതുഗതാഗതത്തില്‍ യാത്രാ ഇളവുകള്‍ തേടുന്നതിനെ കുറിച്ചും സര്‍വെ നടത്തിയിരുന്നു. 48.3 ശതമാനം വിദ്യാര്‍ത്ഥികള്‍ പൊതുഗതാഗതത്തില്‍ യാത്രാ ഇളവുകള്‍ ഉപയോഗിക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ ഇത് 51.3 ശതമാനവും നഗരപ്രദേശങ്ങളില്‍ 42.7 ശതമാനവുമാണ്.

ഗ്രാമപ്രദേശങ്ങളില്‍ 92.7 ശതമാനം കുടുംബങ്ങളുടെയും ഒരു കിലോമീറ്ററിനുളളില്‍ പ്രൈമറി സ്‌കൂളുണ്ട്. നഗരങ്ങളില്‍ 87.2 ശതമാനം കുടുംബങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ അകലെ പ്രൈമറി സ്‌കൂളുണ്ട്.

Next Story

RELATED STORIES

Share it