Latest News

പിതൃസഹോദരനെ രക്ഷിക്കാനെത്തിയ യുവാവ് കുത്തേറ്റുമരിച്ചു; ഏഴുപേര്‍ അറസ്റ്റില്‍

പിതൃസഹോദരനെ രക്ഷിക്കാനെത്തിയ യുവാവ് കുത്തേറ്റുമരിച്ചു; ഏഴുപേര്‍ അറസ്റ്റില്‍
X

കൊല്ലം: പിതൃസഹോദരനെ ഒരുസംഘം വീടുകയറി ആക്രമിക്കുന്നതറിഞ്ഞ് രക്ഷിക്കാനെത്തിയ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. കേരളപുരം ഗവ. ഹൈസ്‌കൂളിനു പുറകുവശം മുണ്ടന്‍ചിറ മാടന്‍കാവിനു സമീപം ജിതേഷ്ഭവനത്തില്‍ സജീവിന്റേയും ഷീലയുടേയും മകന്‍ സജിത്താ(27)ണ് ശനിയാഴ്ച അര്‍ധരാത്രി കൊല്ലപ്പെട്ടത്.

സംഭവത്തില്‍ നെടുമ്പന ആയുര്‍വേദ ആശുപത്രിക്കടുത്ത് അനുജാഭവനില്‍ അനന്തു ആനന്ദന്‍(29), വര്‍ക്കല പനയറ സനോജ്ഭവനില്‍ പ്രസാദ്(46), നെടുമ്പന ആയുര്‍വേദ ആശുപത്രിക്കടുത്ത് സുരാജ്ഭവനില്‍ സുനില്‍രാജ്(38), നെടുമ്പന ഇടപ്പനയം നൈജുഭവനില്‍ ഷൈജു(40), ഇടപ്പനയം ബിബി സദനത്തില്‍ ബൈജു(42), ഇടപ്പനയം അതുല്‍നിവാസില്‍ അതുല്‍ രാമചന്ദ്രന്‍(27), സഹോദരന്‍ അഖില്‍ രാമചന്ദ്രന്‍(24) എന്നിവരാണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന ഒരാള്‍കൂടി പ്രതിയാണ്. സജിത്തിന്റെ സഹോദരന്‍ സുജിത്ത്(19), അയല്‍വാസി അശ്വിന്‍ എന്നിവര്‍ക്ക് സംഘര്‍ഷത്തില്‍ ഗുരുതരമായ പരിക്കേറ്റു.

സജിത്തും സഹോദരനും അച്ഛന്റെ സഹോദരന്‍ പവിത്രന്റെ നെടുമ്പന ഇടപ്പനയം ശ്രീവള്ളിയില്‍ വീട്ടിലെത്തിയതായിരുന്നു. അയല്‍വാസിയായ ഷൈജുവുമായി തര്‍ക്കം നടക്കുന്നതറിഞ്ഞാണ് ഇവര്‍ കേരളപുരത്തുനിന്ന് ഇവിടെയെത്തിയത്. പ്രതികള്‍ സംഘര്‍ഷമുണ്ടാക്കിയപ്പോള്‍ പവിത്രന്‍ രക്ഷതേടി പോലിസില്‍ അറിയിച്ചു. കണ്ണനല്ലൂര്‍ പോലിസെത്തി ഇരുകൂട്ടരേയും താക്കീതുചെയ്ത് മടങ്ങിയശേഷമാണ് കൊലപാതകം നടന്നത്.

പോലിസിന്റെ നിര്‍ദേശപ്രകാരം സജിത്തും സഹോദരനും മടങ്ങിപ്പോകാനായി റോഡിലേക്കിറങ്ങുമ്പോഴാണ് പ്രതികള്‍ ഇവരെ ആക്രമിച്ചത്. വീടിനു സമീപം വടക്കടത്ത് ഏലാ-ചങ്ങാതിമുക്ക് റോഡില്‍ ഇവരെ തടഞ്ഞശേഷം വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു. പോലിസിനെ വിളിച്ചുവരുത്തിയതായിരുന്നു ആക്രമണത്തിനു പ്രകോപനം. രാത്രി 12.30നാണ് സജിത്തിനും സഹോദരനും കുത്തേല്‍ക്കുന്നത്. മുറിവേറ്റ് റോഡില്‍ കിടന്ന സജിത്തിനെ അവിടെനിന്നു മാറ്റാനും അക്രമിസംഘം അനുവദിച്ചില്ല. കണ്ണനല്ലൂര്‍ പോലിസെത്തി പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.

സംഘര്‍ഷത്തിനിടെ പ്രതികള്‍ക്കും പരിക്കേറ്റിരുന്നു. ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. വെല്‍ഡിങ് തൊഴിലാളിയായ സജിത്തിന്റെ വിവാഹം രണ്ടുമാസംമുന്‍പാണ് നടന്നത്. ശ്രുതിയാണ് ഭാര്യ. അനധികൃത മദ്യക്കച്ചവടം നടക്കുന്നതിനെ എതിര്‍ത്തതിന്റെ പേരില്‍ പവിത്രനും കുടുംബത്തിനും നേരേ മുന്‍പും ആക്രമണമുണ്ടായതായി നാട്ടുകാര്‍ പറയുന്നു. ഭീഷണിയെത്തുടര്‍ന്ന് ഇവര്‍ വീട്ടില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദീപാവലിയുടെ തലേദിവസം പൂത്തിരി കത്തിച്ചതിന്റെ പേരില്‍ പവിത്രനേയും കുടുംബത്തേയും അയല്‍വാസി ആക്രമിക്കുകയും പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it