Latest News

ഏഴുമാസം പ്രായമായ കുട്ടിയെ ആനയുടെ തുമ്പിക്കൈയില്‍ ഇരുത്തി പാപ്പാന്റെ അഭ്യാസം

ഏഴുമാസം പ്രായമായ കുട്ടിയെ ആനയുടെ തുമ്പിക്കൈയില്‍ ഇരുത്തി പാപ്പാന്റെ അഭ്യാസം
X

ആലപ്പുഴ: ഹരിപ്പാട്ടില്‍ ഏഴുമാസം പ്രായമായ കുഞ്ഞുമായി ആനയുടെ മുമ്പില്‍ പാപ്പാന്റെ അഭ്യാസം. പാപ്പാനെ കൊന്ന ആനയുടെ മുന്നിലാണ് പിഞ്ചുകുഞ്ഞിനെ പേടിമാറ്റാന്‍ കൊണ്ടുവന്നത്. ഒരു പാപ്പാന്‍ കുഞ്ഞിനെ ആനയുടെ തുമ്പികൈക്കടിയിലൂടെ ആദ്യം ഏതിര്‍വശത്തു നിന്ന പാപ്പാന് കൈമാറി. ഇതിനിടെ കുഞ്ഞ് പാപ്പാന്റെ കൈയില്‍നിന്ന് വഴുതി ആനയുടെ അടിയിലേക്ക് വീഴുകയും ചെയ്തു. ഹരിപ്പാട് സ്‌കന്ദന്‍ എന്ന ആനയുടെ പാപ്പാനായ കൊട്ടിയം അഭിലാഷാണ് സാഹസം കാണിച്ചത്. രണ്ടുമാസം മുന്‍പ് പാപ്പാനെ കുത്തിക്കൊലപ്പെടുത്തിയ ആനയുടെ സമീപത്തേക്കാണ് ഏഴു മാസം പ്രായമായ കുഞ്ഞിനെ കൊണ്ടുപോയത്. ഹരിപ്പാട് സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. താത്കാലിക പാപ്പാന്റെ തന്നെ കുട്ടിയാണിത്.

കുഞ്ഞിനെ ചോറൂണിന് വേണ്ടിയാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന്, ഹരിപ്പാട് സ്‌കന്ദന്‍ എന്ന ആനയുടെ മുന്നിലേക്ക് എത്തിക്കുകയായിരുന്നു. ഇവിടെ എത്തിച്ച ശേഷമാണ് കുട്ടിയെ ആനയുടെ തുമ്പിക്കൈയില്‍ ഇരുത്താന്‍ ശ്രമിച്ചതും ആനയുടെ അടിയില്‍കൂടി പാപ്പാന്‍ നടന്നതും. ഇയാള്‍ ആനയോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ കൈകളില്‍ നിന്ന് വഴുതി കുഞ്ഞ് ആനയുടെ കാല്‍ചുവട്ടില്‍ വീണു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മൂന്ന് പാപ്പാന്മാരായിരുന്നു ആനയ്ക്ക് ഉണ്ടായിരുന്നത്.

കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ രണ്ടു പാപ്പാന്മാരെ സ്‌കന്ദന്‍ ആക്രമിക്കുകയും ഇതില്‍ ഒരു പാപ്പാന്‍ മരിക്കുകയും ചെയ്തിരുന്നു. ഒരാള്‍ ഗുരുതരമായി പരിക്കേറ്റ് ഇപ്പോഴും ചികില്‍സയിലാണ്. പാപ്പാനെ കൊന്നതിനെത്തുടര്‍ന്ന് മാസങ്ങളായി തളച്ചിട്ടിരിക്കുകയാണ് സ്‌കന്ദനെ. ഇതുവരെ ഇവിടെനിന്ന് ആനയെ മാറ്റിയിരുന്നില്ല. കെട്ടിയ സ്ഥലത്തു തന്നെയാണ് ആനക്ക് ഭക്ഷണമടക്കം നല്‍കുന്നത്. ഈ ആനയുടെ അടുത്തേക്കാണ് പാപ്പാന്‍ കുട്ടിയുമായെത്തിയത്. വീഡിയോ പുറത്തുവന്നതോടെ താത്കാലിക പാപ്പാനെ മാറ്റി നിര്‍ത്തി. കുട്ടിയുമായി എത്തിയ പാപ്പാന്‍ അഭിലാഷിനെതിരേയാണ് നടപടി. അഭിലാഷിന്റെ കുഞ്ഞാണിത്. ആനക്കടിയിലൂടെ കുട്ടിയുമായി നടന്നത് പേടി മാറാനെന്ന് അഭിലാഷ് ക്ഷേത്രം ഭാരവാഹികളോട് പറഞ്ഞു.

Next Story

RELATED STORIES

Share it