Latest News

ഹൈപ്പര്‍ ആക്റ്റീവായ മകനുമായി വാക്‌സിനെടുക്കാനെത്തിയ മാതാവിന് പരിഹാസം; പരാതി ലഭിച്ച് പതിനഞ്ച് മിനിറ്റിനകം വിഷയത്തിലിടപെട്ട് ആരോഗ്യമന്ത്രി

ഹൈപ്പര്‍ ആക്റ്റീവായ മകനുമായി വാക്‌സിനെടുക്കാനെത്തിയ മാതാവിന് പരിഹാസം; പരാതി ലഭിച്ച് പതിനഞ്ച് മിനിറ്റിനകം വിഷയത്തിലിടപെട്ട് ആരോഗ്യമന്ത്രി
X

തിരുവനന്തപുരം: കൊവിഡ് രണ്ടാം ഡോസ് എടുക്കാന്‍ കുന്ദംകുളം ആര്‍ത്താറ്റ് പിച്ച്‌സിയില്‍ ഹൈപ്പര്‍ ആക്റ്റീവായ മകനുമായെത്തിയ മാതാവിനെ പരിഹസിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയോടും ആശാ വര്‍ക്കറോടും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിശദീകരണം ആവശ്യപ്പെട്ടു.

അഭിഭാഷക കൂടിയായ സ്മിത ഗിരീഷിനാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് ദുരനുഭവമുണ്ടായത്. തനിക്കുണ്ടായ മനോവിഷമം അവര്‍ മന്ത്രിയെ ഫേസ് ബുക്ക് മെസഞ്ചര്‍ വഴി അറിയിച്ച് മിനിറ്റുകള്‍ക്കകമാണ് വിശദീകരണം ആവശ്യപ്പെട്ടതായി മന്ത്രിയുടെ ഓഫിസ് അറിയിച്ചത്. സ്മതി ഗീരീഷ് തന്നെയാണ് തന്റെ അനുഭവവും മന്ത്രിയുടെ ഇടപെടലിനെക്കുറിച്ചുള്ള വിവരവും ഫേസ് ബുക്കിലൂടെ പങ്ക് വച്ചത്.

സ്മിത ഗിരീഷിന്റെ പോസ്റ്റ്

കൊവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് എടുക്കുന്നതിന് വേണ്ടി എന്റെ അമ്മയും ഞാനും എന്റെ മകനുമായി കുന്നുകുളം, അഞ്ഞൂര്/ചിറ്റഞ്ഞൂര്‍, ആര്‍ത്താറ്റ് പി എച്ച് സി യില്‍ ഇന്നലെ ഉച്ചയ്ക്ക് ഏകദേശം 2 മണിയോടെ ചെന്നു.. മകന്‍ഹൈപ്പര്‍ ആക്ടീവാണ്. പല്ലുവേദനയാല്‍ സുഖമില്ലാത്തതു കൊണ്ടും അവന്റെ അവസ്ഥ കൊണ്ടും പെട്ടെന്ന് പാനിക്ക് ആവും. ആള്‍ക്കൂട്ടത്തില്‍ അസ്വസ്ഥതയും ബുദ്ധിമുട്ടും കാണിക്കും. ഫസ്റ്റ് ഡോസിന് ചെന്നപ്പോള്‍ ഞങ്ങളുടെ വാര്‍ഡ് കൗണ്‍സിലറും, ആശാ വര്‍ക്കറും സഹായിച്ചത് കൊണ്ട് വേഗം ക്യൂവില്‍ നില്‍ക്കാതെ വാക്‌സിന്‍ എടുത്ത് മടങ്ങി.

ഇന്നലെ, ഞങ്ങളുടെ വാര്‍ഡിലെ ആശാ വര്‍ക്കറെ വിളിച്ചു കിട്ടിയില്ല. എങ്കിലും അവിടെ നിന്ന ഒരു ആശാ വര്‍ക്കറോട്, മകന്‍ കുട്ടിയാണ്. ചില്ലറ കമ്യൂണിക്കേഷന്‍ പ്രശ്‌നങ്ങളുണ്ട്. പെട്ടന്ന് ഒന്നു വാക്‌സിന്‍ എടുത്തു മടങ്ങാന്‍ സഹായിക്കുമോ എന്ന് ഞാന്‍ ചോദിച്ചു. അവര്‍ ആദ്യം ശ്രദ്ധിച്ചില്ല. അവിടെ ചില ആളുകള്‍ നിന്നിരുന്നു.

അകത്ത് സിസ്റ്ററോട് വേണേല്‍ ചോദിക്ക് എനിക്കറിയില്ല എന്ന് ധാര്‍ഷ്ട്യത്തില്‍ പറഞ്ഞു. ഞാന്‍ മകനും അമ്മയുമായി ചെന്നു. സിസ്റ്ററോട് കാര്യം പറഞ്ഞു അവിടെ തിരക്കായിട്ടും അവര്‍ മാന്യമായി പെരുമാറി. ഇരിക്കാന്‍ പറഞ്ഞു. ഞങ്ങള്‍ അവിടെ ഇരിക്കുമ്പോള്‍ പുറത്ത് ആശാ വര്‍ക്കര്‍ ഉച്ചത്തില്‍ എന്നെയും കുഞ്ഞിനേയും പരിഹസിച്ച മട്ടില്‍ ഓരോന്നൊക്കെ വന്നോളും കുട്ടിക്ക് ഓട്ടിസമാണ്, സുഖമില്ല എന്നൊക്കെ പറഞ്ഞ് അവിടെ കൂടിയ ആളുകളോട് ഞങ്ങളെ പരിഹസിച്ചു.

സ്‌പെഷ്യല്‍ കാറ്റഗറിയിലോ അല്ലാതെയോ വരുന്ന കുഞ്ഞുങ്ങള്‍ക്കും അവരുടെ അമ്മമാര്‍ക്കും സംസ്ഥാന സര്‍ക്കാരും ഓഫീസുകളും അനുഭാവപൂര്‍ണമായ അന്തരീക്ഷം ഒരുക്കി കൊടുക്കണമെന്നിരിക്കെ,

ഇങ്ങനെയൊരു കുഞ്ഞുമായി ചെന്ന എന്നെ, കുന്നംകുളം ആനായ്ക്കല്‍ സ്വദേശിയായ ആശാ വര്‍ക്കര്‍ അപഹസിച്ച രീതിയില്‍ 'വല്ലാത്ത വേദന തോന്നി. ഞാനവരോട് നിങ്ങളെന്താണ് ഇങ്ങനെയൊക്കെ കുട്ടിയെ അപഹസിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ വീണ്ടും അവര്‍ എന്റെ നേരെ കയര്‍ത്തു. ഞാന്‍ തിരിച്ചുപോയി റൂമില്‍ കസേരയില്‍ ഇരുന്നു. അപ്പോള്‍ അവിടെ രജിസ്റ്റര്‍ എഴുതാന്‍ സിസ്റ്ററിന്റെ അടുത്തിരുന്ന, കണ്ടാലറിയാവുന്ന ഒരു സ്ത്രീ ഉദ്യോഗസ്ഥ വീണ്ടും ആധാര്‍ കാര്‍ഡ് നീട്ടിയപ്പോള്‍, നിങ്ങള്‍ക്കിത് വൃത്തിയില്‍ സൂക്ഷിച്ചു കൂടെ, എന്നും മറ്റും ചോദിച്ചു ആളുകളുടെ മുന്നില്‍ കളിയാക്കി. എന്റെ ആധാര്‍ കാര്‍ഡ് വൃത്തിയുള്ളതാണ്. ലാമിനേറ്റ് ചെയ്തിട്ടില്ല എന്ന് മാത്രം. അതിലെ ഒരു കാര്യ വിവരവും വായിക്കാന്‍ സാധിക്കാതെയുമില്ല. മാത്രമല്ല എന്നോട്, എന്റെ ആധാര്‍ കാര്‍ഡ് പറഞ്ഞ് കളിയാക്കേണ്ട ,ടീച്ചര്‍ ചമയേണ്ട ഇടം അതല്ല. അവരുടെ ജോലി ചെയ്താല്‍ മതി. സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുമ്പോള്‍, പൊതുജനങ്ങളെ കഴുത എന്ന മട്ടില്‍, അവരെ ബാധിക്കാത്ത കാര്യത്തിന് കളിയാക്കേണ്ട കാര്യവുമില്ല.

മേല്‍പ്പറഞ്ഞ ആ ശാ വര്‍ക്കറുടേയും, ഓഫീസ് ഉദ്യോഗസ്ഥയുടേയും പെരുമാറ്റത്തില്‍ എനിക്കും അമ്മയ്ക്കും മാനഹാനിയുണ്ടായി. എന്റെ സങ്കടവും, അവിടുത്തെ പ്രശ്‌നവും കണ്ട്

എന്റെ കുഞ്ഞ് പാനിക്ക് ആയി. വീട്ടില്‍ വന്ന് കരഞ്ഞ് കിടപ്പിലായി

ആര്‍ത്താറ്റ് പിഎച്ച്‌സിയിലെ ഇത്തരം സംഭവം പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നതാണ്.

വാക്‌സിനേഷനും, അല്ലാതെയും വരുന്നവരോട് മര്യാദയ്ക്ക് പെരുമാറാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. ഞാന്‍ അഡ്വക്കറ്റാണ്. ഇങ്ങനെ പ്രതികരിച്ചു.പാവപ്പെട്ട മനുഷ്യരോട് ഇത്തരം രീതിയില്‍ പെരുമാറിയാല്‍ അവര്‍ എന്തു ചെയ്യാന്‍.ഓട്ടിസമുള്ള കുഞ്ഞ് എന്നൊക്കെ ഉറക്കെപ്പറഞ്ഞ കളിയാക്കിയ ആശാ വര്‍ക്കറും, ഉദ്യോഗപ്പദവി കാണിക്കാന്‍ കുറച്ചാളുകളുടെ മുന്നില്‍ എന്നെ അപഹസിച്ച ജീവനക്കാരിയും വിശദീകരണം തരണം.

കേരളമൊട്ടാകെയുള്ള ഹെല്‍ത് സെന്ററുകളില്‍ വരുന്ന എല്ലാ വിഭാഗം ആളുകളും അവിടുത്തെ ഉദ്യോഗസ്ഥരില്‍ നിന്ന് നല്ല പെരുമാറ്റം അര്‍ഹിക്കുന്നവരാണ്. അവരെ മോശമായി ട്രീറ്റ് ചെയ്യാന്‍ പാടില്ല. ഇത്തരം കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാര്‍ക്ക് 'പരിഹാസമില്ലാതെ പരിഗണന വേണം.

നാടൊന്നടങ്കം അശാന്തിയിലും രോഗാതുരമായ അന്തരീക്ഷത്തിലും വലുപ്പചെറുപ്പമില്ലാതെ, ആരോഗ്യ കാര്യങ്ങള്‍ക്കായി ആതുരസേവന സ്ഥാപനങ്ങളെ സമീപിക്കുമ്പോള്‍, അവിടുത്തെ തന്നെയല്ല, കേരളമൊന്നടങ്കമുള്ള ആരോഗ്യരംഗത്തെ ഉദ്യോഗസ്ഥര്‍ മിനിമം മാന്യമായ പെരുമാറ്റം പൊതുജനങ്ങളോട് പാലിക്കാന്‍ ബാധ്യസ്ഥരാണ്.

കുട്ടികള്‍ക്ക് വാക്‌സിന്‍ എടുക്കാന്‍ പോയ പരിചയത്തിലും ബന്ധത്തിലുമുള്ള രണ്ടു അമ്മമാര്‍ക്കും അവിടെ നിന്നും ജീവനക്കാരുടെ ധാര്‍ഷ്ട്യം സഹിക്കേണ്ട വന്നത് അവര്‍ പറഞ്ഞു. ഞാന്‍ പ്രതികരിച്ചത്, എനിക്ക് വേണ്ടി മാത്രമല്ല. ചികിത്സയ്ക്കും വാക്‌സിനേഷനും ഹെല്‍ത് സെന്ററുകളെ ആശ്രയിച്ച്, മോശമായി ട്രീറ്റ് ചെയ്യപ്പെടുന്ന സംസ്ഥാനത്തെ എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ്.

ഈ വിവരമൊക്കെ കാണിച്ച് ഇന്നലെ വൈകിട്ട് തിടുക്കത്തില്‍ തയ്യാറാക്കിയ ഒരു പരാതി ഞാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജിന്റെ ഫേസ്ബുക്ക് മെസഞ്ചറില്‍ ഏറെ സങ്കടത്തോടെ അയച്ചു.

പത്തു മിനിട്ടിനുള്ളില്‍ ആരോഗ്യ മന്ത്രി ,എനിക്ക് നേരിട്ട് മറുപടി അയച്ചു എന്നതാണ് !

ആരോഗ്യ മന്ത്രി എന്ന നിലയില്‍, ആര്‍ത്താറ്റ് പിഎച്ച്‌സിയില്‍ ഞങ്ങള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ മാപ്പു പറഞ്ഞു കൊണ്ട്, അതില്‍ റിപ്പോര്‍ട്ട് സ്ഥാപനത്തില്‍ നിന്നും ചോദിച്ച വിവരവും അറിയിച്ചു..

എനിക്ക് ഏറെ അത്ഭുതവും ആദരവും മിനിസ്റ്ററുടെ നേരിട്ടുള്ള ഇടപെടലില്‍ ഉണ്ടായി.

ശൈലജ ടീച്ചര്‍ മാറിയപ്പോള്‍, തോന്നിയ സങ്കടം, വ്യക്തിപരമായ ഈ അനുഭവത്തിലൂടെ പൂര്‍ണമായും മാറി.

ഇത്തരത്തിലുള്ള മന്ത്രിമാരുള്ള കേരളത്തില്‍ ജീവിക്കാന്‍ ആത്മ വിശ്വാസവും പ്രതീക്ഷയും കൂടുന്നു.

പ്രതീക്ഷിക്കാതെ, എന്റെ അമ്മത്തത്തിനും വ്യക്തിത്വത്തിനും ഏറ്റ അപമാനത്തില്‍, ആശ്വസിപ്പിച്ച മിനിസ്റ്റര്‍ വീണാ ജോര്‍ജ്ജിനോട് എന്റെ കൃതജ്ഞത ഏതു ഭാഷയില്‍ പറഞ്ഞാലും മതിയാവില്ല. ചികിത്സാവശ്യങ്ങള്‍ക്ക് ചെല്ലുന്ന പൊതു ജനങ്ങളോട്

ഇത്തരം മോശം പെരുമാറ്റ സംസ്‌കാരം ഒരു ആരോഗ്യസ്ഥാപനങ്ങളും, ഇത്തരമൊരു മിനിസ്റ്റര്‍ ഉള്ളപ്പോള്‍ പ്രോത്സാഹിപ്പിക്കില്ല എന്ന ആത്മവിശ്വാസത്തില്‍ ഇങ്ങനൊരു കുറിപ്പ് അവസാനിപ്പിക്കുന്നു.ഈക്കാര്യത്തില്‍

ആര്‍ത്താറ്റ് പി എച്ച് സി മേല്‍പ്പറഞ്ഞ രണ്ടു പ്രവര്‍ത്തകരുടെയും പേരില്‍ തുടര്‍നടപടികള്‍ പ്രതീക്ഷിക്കുന്നു. ആരോഗ്യ മന്ത്രിയുടെ മറുപടിയുടെ എസ്.എസ്.അഭിമാനത്തോടെ ഇവിടെ പോസ്റ്റുന്നു

സ്‌നേഹാദരം ആരോഗ്യ മന്ത്രി

ഹാറ്റ്‌സ് ഓഫ് വീണാ ജോര്‍ജ്ജ്

സ്മിത ഗിരീഷ്‌

Next Story

RELATED STORIES

Share it