Latest News

പ്രവാസികളെ ചേര്‍ത്തു പിടിച്ച് നാടിനു മാതൃകയായി മറ്റൊരു പ്രവാസി

പ്രവാസികളെ ചേര്‍ത്തു പിടിച്ച് നാടിനു മാതൃകയായി മറ്റൊരു പ്രവാസി
X

കാളികാവ്: കൊവിഡ് കാലത്ത് മടങ്ങി വരുന്ന പ്രവാസികളെ പുച്ഛത്തോടെ കാണുകയും ആട്ടിയോടിക്കുകയും ചെയ്യുന്നവര്‍ക്കൊരു തിരുത്ത്. ലക്ഷങ്ങള്‍ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ അപ്പാര്‍ട്ട്‌മെന്റ് ഉല്‍ഘാടനം നടത്തും മുമ്പു തന്നെ മടങ്ങി വന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ കേന്ദ്രമാക്കാന്‍ നല്‍കിയാണ് ഖത്തറില്‍ പ്രവാസിയായ മാളിയേക്കല്‍ സ്വദേശി മൂച്ചിക്കല്‍ ഷാജഹാന്‍ നാടിന് തണലായത്.

ഖത്തര്‍ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടര്‍. പി കെ മുസ്തഫ ഹാജി, ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് നസീമ തറമ്മലിന് താക്കോല്‍ കൈമാറി ക്വാറന്റീന്‍ സെന്റര്‍ നാട്ടുകാര്‍ക്ക് തുറന്നുകൊടുത്തു. വീട്ടില്‍ ക്വാറന്റീന്‍ സൗകര്യമില്ലാത്ത മാളിയേക്കല്‍ സ്വദേശികള്‍ക്കാണ് ഇവിടെ മുറികള്‍ ലഭിക്കുക.

മാളിയേക്കലില്‍ പുതുതായി പണികഴിപ്പിച്ച മെഹ്ദി മുഹമ്മദ് അപ്പാര്‍ട്ട്‌മെന്റാണ് സൗജന്യമായി വിട്ടു നല്‍കിയിട്ടുള്ളത്. പത്ത് പേര്‍ക്കുള്ള ക്വാറന്റീന്‍ സംവിധാനമാണ് ഈ കെട്ടിടത്തിലുള്ളത്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളുടെ അഭ്യര്‍ത്ഥനയാണ് അപ്പാര്‍ട്ട്‌മെന്റ് വിട്ടുനല്‍കാന്‍ ഷാജഹാന് പ്രേരണയായത്. ഇനി ഈ അപ്പാട്ട്‌മെന്റ് ആരെങ്കിലും വാടകക്കെടുക്കുമൊ എന്ന കാര്യമൊന്നും ഷാജഹാനെ അലട്ടുന്നില്ല. ഷാജഹാന്റെ നാട്ടിലുള്ള സഹോദരന്‍ സഫ്‌വാനാണ് എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നത്.

വിദേശത്ത് നിന്നുമെത്തുന്ന പ്രവാസികളെ സ്വന്തം നാട്ടില്‍ സ്വീകരിക്കാന്‍ പോലും പലരും തയ്യാറാകാത്ത സാഹചര്യത്തിലാണ് പുതിയ കെട്ടിടത്തിന്റെ ഉല്‍ഘാടനം തന്നെ ക്വാറന്റീന്‍ സംവിധാനത്തിന് വിട്ടുകൊടുത്തത്. ഇവിടെ കഴിയുന്നവര്‍ക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കാന്‍ നാട്ടുകാര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കെട്ടിടത്തിന്റെ ശുചീകരണ പ്രവര്‍ത്തി കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കി.

Next Story

RELATED STORIES

Share it