Latest News

പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ നിയമനിര്‍മാണം നടത്തണം; എസ്ഡിപിഐ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

ഓരോ വിഭാഗത്തിനും ലഭിച്ചിട്ടുള്ള ആനുകൂല്യങ്ങളെ കുറിച്ച് ധവളപത്രം ഇറക്കണം. ഒരേ തരം സ്‌കോളര്‍ഷിപ്പുകളില്‍ തന്നെ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ളതിനേക്കാള്‍ വലിയ തുകയാണ് മുന്നാക്കക്കാര്‍ക്ക്. ഇത്തരം വിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എസ്ഡിപിഐ.

പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ നിയമനിര്‍മാണം നടത്തണം;  എസ്ഡിപിഐ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
X

തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പ് നടപ്പിലാക്കിയിരുന്ന സ്‌കോളര്‍ഷിപ്പ് അനുപാതം 80:20 റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക നീതി ഉറപ്പാക്കുന്നതിന് പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.

മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിച്ച് സാമൂഹിക നീതി ഉറപ്പാക്കുന്നതിന് പത്ത് വര്‍ഷമായി സംസ്ഥാനത്ത് നടപ്പാക്കി വന്നിരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ പോലും കേരള ഹൈക്കോടതിയുടെ 2021 മെയ് 28 ലെ വിധി മൂലം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. മുസ്‌ലിംകളെ മാത്രമല്ല, ദലിത് ക്രൈസ്തവരെയും പരിവര്‍ത്തിത ക്രൈസ്തവരെയും ഈ വിധി പ്രതികൂലമായി ബാധിക്കും. മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ജസ്റ്റിസ് രജീന്ദര്‍ സിങ് സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതിനാണ് 2007 ല്‍ അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പാലോളി കമ്മിറ്റിയെ നിയോഗിച്ചത്. റദ്ദാക്കപ്പെട്ട 16/08/2008 ലെ 278/2008 ാം നമ്പര്‍ ഉത്തരവ് പാലോളി കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള മുസ്‌ലിം ന്യൂനപക്ഷത്തിന്റെ സാമൂഹികവിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടിയുള്ളതായിരുന്നു. ഈ ഉത്തരവ് റദ്ദാക്കിയ പശ്ചാത്തലത്തില്‍ ഇനി സംസ്ഥാനത്ത്് ന്യൂനപക്ഷ ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട യാതൊരുവിധ സ്‌കോളര്‍ഷിപ്പോ ക്ഷേമ പദ്ധതികളോ നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയില്ല.

രാഷ്ട്രീയ, സാമൂഹിക രംഗങ്ങളില്‍ ഏറെ അവഗണിക്കപ്പെട്ട ദലിത് ക്രൈസ്തവര്‍ ഉള്‍പ്പെടെ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹികാവസ്ഥയെ കുറിച്ചും ഓരോ വിഭാഗത്തിനും കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷം സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടുള്ള വിവിധ ആനുകൂല്യങ്ങളെ കുറിച്ചും സര്‍ക്കാര്‍ ധവളപത്രം ഇറക്കണം. ഒരേ തരം സ്‌കോളര്‍ഷിപ്പുകളില്‍ തന്നെ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ളതിനേക്കാള്‍ വലിയ തുകയാണ് മുന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്നത്. ഇത്തരം വിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സമുദായങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയും തെറ്റിദ്ധാരണയും പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്നും നിവേദനത്തിലൂടെ മജീദ് ഫൈസി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it