Latest News

ചരിത്രത്തിലെ വനിതാ മുന്നേറ്റം;കേരള ഹൈക്കോടതിയില്‍ 7 വനിതാ ജഡ്ജിമാര്‍

പുതിയ അഡീഷണല്‍ ജഡ്ജിയായി ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ ചുമതലയേറ്റതോടെയാണ് നേട്ടം

ചരിത്രത്തിലെ വനിതാ മുന്നേറ്റം;കേരള ഹൈക്കോടതിയില്‍ 7 വനിതാ ജഡ്ജിമാര്‍
X
രിത്രത്തിലാദ്യമായി 7 വനിതാ ജഡ്ജിമാര്‍ കേരള ഹൈക്കോടതിയില്‍.പുതിയ അഡീഷണല്‍ ജഡ്ജിയായി ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ ചുമതലയേറ്റതോടെയാണ് നേട്ടം. ഇന്ത്യയിലെതന്നെ ആദ്യത്തെ വനിതാ ഹൈക്കോടതി ജഡ്ജിയായ അന്നാ ചാണ്ടിയെയും സുപ്രിംകോടതിയിലെ ആദ്യത്തെ വനിത ജഡ്ജി ഫാത്തിമ ബീവിയെയും സംഭാവന ചെയ്ത കേരളത്തിന്റെ സ്ത്രീ സമൂഹത്തിന് ഈ നേട്ടത്തില്‍ അഭിമാനിക്കാം.

ആകെ 38 ജഡ്ജിമാരാണ് ഇപ്പോള്‍ കേരള ഹൈക്കോടതിയില്‍ ഉള്ളത്.ജസ്റ്റിസ് അനു ശിവരാമന്‍, സോഫി തോമസ്, വി ഷിര്‍സി, ശോഭ അന്നാമ്മ ഈപ്പന്‍, എംആര്‍ അനിത, മേരി ജോസഫ്, സിഎസ് സുധ എന്നിവരാണ് നിലവിലെ വനിതാ ജഡ്ജിമാര്‍.ഹൈക്കോടതി ബാറില്‍ നിന്ന് ജഡ്ജിയായി ഉയര്‍ത്തപ്പെടുന്ന നാലാമത്തെ വനിതയാണ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍. കഴിഞ്ഞ ഒക്ടോബറിലാണ് പേര് സുപ്രിംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്.

1991 ല്‍ എറണാകുളം ലോ കോളജില്‍ നിന്ന് നിയമബിരുദം നേടിയ ശേഷം കൊച്ചി ബാറില്‍ അഡ്വ എ ബി പ്രഭുവിന്റെ കീഴിലാണ് പ്രാക്ടീസ് ആരംഭിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആയിരുന്നു.റാന്നി മണ്ഡലത്തേയും,പള്ളുരുത്തി മണ്ഡലത്തേയും പ്രതിനിധികരിച്ച അന്തരിച്ച മുന്‍ എംഎല്‍എ തോപ്പുപടി ഇടത്തില്‍ ഈപ്പന്‍ വര്‍ഗീസിന്റെയും അന്നമ്മയുടെയും മകളാണ്. യൂനിയന്‍ ബാങ്ക്,എച്ച്ഡിഎഫ്‌സി,ആക്‌സിസ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ ലീഗല്‍ അഡൈ്വസറായിരുന്നു.

ഇന്ത്യയിലെ കോടതി ചരിത്രത്തില്‍ വനിതാ മുന്നേറ്റത്തിന്റെ നാള്‍ വഴികള്‍

കേരളത്തിന്റെയും കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും ജുഡീഷ്യല്‍ ഭരണ നിര്‍വഹണത്തിന്റെ കേന്ദ്ര ആസ്ഥാനമായ കേരള ഹൈക്കോടതി 1956 നവംബര്‍ ഒന്നിനാണ് ആരംഭിച്ചത്. കേരളം രൂപീകരിക്കുന്നതിനു മുന്‍പ് തിരുവിതാംകൂറിനു തിരുവനന്തപുരത്തും കൊച്ചിക്ക് എറണാകുളത്തും ഹൈക്കോടതികളുണ്ടായിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ കീഴിലായിരുന്നു മലബാര്‍. 1949 ജൂലൈ ഏഴിന് തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്നതിനു പിന്നാലെ ട്രാവന്‍കൂര്‍-കൊച്ചി ഹൈക്കോടതി എറണാകുളത്ത് 1949 ജൂലൈ ഏഴിന് ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാനം 1956 നവംബര്‍ ഒന്നിനു രൂപീകരിച്ചതിനുശേഷം നവംബര്‍ അഞ്ചിന് എറണാകുളത്ത് ഹൈക്കോടതി ഉദ്ഘാടനം ചെയ്തു.

ഇക്കാലത്ത്, ജസ്റ്റിസ് അന്നാ ചാണ്ടിയിലൂടെ ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹൈക്കോടതി ജഡ്ജിയെയും ജസ്റ്റിസ് ഫാത്തിമ ബീവിയിലൂടെ ആദ്യ വനിതാ സുപ്രിംകോടതി ജഡ്ജിയെയും സംഭാവന ചെയ്ത് കേരള ഹൈക്കോടതി ഇന്ത്യയിലെ കോടതി ചരിത്രത്തില്‍ വനിതാ മുന്നേറ്റത്തിന്റെ പേരെഴുതിച്ചേര്‍ത്തു.

നിയമബിരുദം നേടിയ സംസ്ഥാനത്തെ ആദ്യ വനിതയാണ് 1905 ല്‍ ജനിച്ച ജസ്റ്റിസ് അന്നാ ചാണ്ടി. 1929 ല്‍ പ്രാക്ടീസ് തുടങ്ങി. 1937 ല്‍ തിരുവിതാംകൂറില്‍ മുന്‍സിഫ് ആയതോടെ അന്നാ ചാണ്ടി ഇന്ത്യയിലെ ആദ്യ വനിത ജഡ്ജിയാകുകയായിരുന്നു. 1948 ല്‍ ജില്ലാ ജഡ്ജിയായി. കേരള ഹൈക്കോടതിയില്‍ 1959 ന് ജഡ്ജിയായി നിയമിതയായതോടെ, ഹൈക്കോടതിയില്‍ ഇന്ത്യയിലെ ആദ്യത്തെ വനിതാ ജഡ്ജിയായി.

തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളജില്‍നിന്ന് ബിഎല്‍ നേടിയ ഫാത്തിമ ബീവി 1950 ല്‍ അഡ്വക്കറ്റ് ആയി എന്റോള്‍ ചെയ്തു. 1958 ല്‍ മുന്‍സിഫ് ആയി. 1974ല്‍ ജില്ല, സെഷന്‍സ് ജഡ്ജിയായി. 1983ല്‍ ഹൈക്കോടതി ജഡ്ജിയായി. 1989 ഒക്ടോബറില്‍ ജസ്റ്റിസ് ഫാത്തിമ ബീവി സുപ്രിംകോടതി ജഡ്ജിയായി.

വനിതാ ജഡ്ജിമാരുടെ എണ്ണത്തില്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ മുന്‍പന്തിയിലാണെങ്കിലും കേരളത്തിലെ ജനസംഖ്യയും ഉന്നത വിദ്യാഭ്യാസ നിലവാരവും കണക്കിലെടുക്കുമ്പോള്‍ ഇക്കാര്യത്തില്‍ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ടെന്നത് വ്യക്തം.

Next Story

RELATED STORIES

Share it