Latest News

''വലിയ വില നല്‍കേണ്ടി വരും''; ഔഫ് വധത്തില്‍ ലീഗിനെതിരേ ഷുക്കൂറിന്റെ സഹോദരന്‍

വലിയ വില നല്‍കേണ്ടി വരും; ഔഫ് വധത്തില്‍ ലീഗിനെതിരേ ഷുക്കൂറിന്റെ സഹോദരന്‍
X

കാസര്‍കോട്: കാഞ്ഞങ്ങാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫിനെ കൊലപ്പെടുത്തിയ സംഭവത്തെ തള്ളിപ്പറയുന്നതിനു പകരം ന്യായീകരിക്കുന്നതിനെതിരേ അരിയില്‍ ഷുക്കൂറിന്റെ സഹോദരന്‍. ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരേ ഷുക്കൂറിന്റെ സഹോദരനും മാധ്യമപ്രവര്‍ത്തകനുമായ ദാവൂദ് മുഹമ്മദ് രംഗത്തുവന്നത്. സിപിഎം അക്രമത്തില്‍ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകനാണ് അരിയില്‍ ഷുക്കൂര്‍.

''കൊലയാളികളെ തള്ളിപ്പറയുന്നതിനു പകരം വീണ്ടും വീണ്ടും ന്യായീകരിക്കുന്നത് മനുഷ്യത്വത്തിന് അപമാനമാണ്. തെറ്റുപറ്റിയെങ്കില്‍ അത് തുറന്നു പറയുക. ദുരൂഹത ഉണ്ടെങ്കില്‍ അന്വേഷണം കഴിയും വരെ കാത്തിക്കുക. അല്ലാതെ, കൊല്ലപെട്ടവനെ വീണ്ടും വീണ്ടും കൊല്ലുന്നതിന് വലിയ വില നല്‍കേണ്ടി വരും''- ദാവൂദ് ഫെയ്‌സ് ബുക്കില്‍ എഴുതിയ കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

ബുധനാഴ്ച രാത്രി കാഞ്ഞങ്ങാട് കല്ലൂരാവി മുണ്ടത്തോട് റോഡിലൂടെ ബൈക്കില്‍ വന്ന ഔഫിനെ മതിലിന് പിന്നില്‍ പതുങ്ങിയിരുന്ന മൂന്നംഗ സംഘം ചാടിവീണ് വെട്ടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ലീഗ് പ്രാദേശിക നേതാവ് ഇര്‍ഷാദ്, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആഷിര്‍, എംഎസ്എഫ് പ്രവര്‍ത്തകന്‍ ഹസന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. തദ്ദേശതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കല്ലൂരാവിയിലെ ആയിശയുടെയും മഞ്ചേശ്വരത്തെ അബ്ദുള്ള ദാരിമിയുടെയും മകനാണ് ഔഫ്. ലോക്ക് ഡൗണിനെ തുടര്‍ന്നാണ് ഷാര്‍ജയില്‍ നിന്ന് തിരിച്ചെത്തിയത്.

സംഭവത്തില്‍ ഉള്‍പ്പെട്ട ഇര്‍ഷാദിനെ ലീഗ് നേതൃത്വം പുറത്താക്കിയെങ്കിലും അതുസംബന്ധിച്ച് രൂപപ്പെട്ട വിവിധ നേതാക്കളുടെ അഭിപ്രായങ്ങള്‍ വിവാദത്തിന് കാരണമായിരുന്നു.

Next Story

RELATED STORIES

Share it