Latest News

പാര്‍ലമെന്റ് ആക്രമണത്തിലും പുല്‍വാമ ആക്രമണത്തിലും ദേവീന്ദര്‍ സിങിന്റെ പങ്ക് അന്വേഷിക്കുമെന്ന് കശ്മീര്‍ ഡിജിപി

ജമ്മു-ശ്രീനഗര്‍ ഹൈവെയില്‍ വച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് ദേവീന്ദര്‍ സിങിനെ രണ്ട് ഹിസ്ബുല്‍ പ്രവര്‍ത്തകരോടൊപ്പം അറസ്റ്റ് ചെയ്തത്.

പാര്‍ലമെന്റ് ആക്രമണത്തിലും പുല്‍വാമ ആക്രമണത്തിലും ദേവീന്ദര്‍ സിങിന്റെ പങ്ക് അന്വേഷിക്കുമെന്ന് കശ്മീര്‍ ഡിജിപി
X

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അറസ്റ്റിലായ ദേവീന്ദര്‍ സിങിന് പാര്‍ലമെന്റ് ആക്രമണക്കേസിലുള്ള പങ്ക് അന്വേഷിക്കുമെന്ന് കശ്മീര്‍ ഡിജിപി. 2001 ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ ദേവീന്ദറിന് എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യം കശ്മീര്‍ പോലിസ് അന്വേഷിക്കുമെന്ന് ഒരു ചോദ്യത്തിന് മറുപടിയായി ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു. അതിനും പുറമെ പുല്‍വാമ ആക്രമണത്തിലെ ദേവീന്ദര്‍സിങിന്റെ പങ്കും അന്വേഷണ വിധേയമാക്കിയേക്കും. പുല്‍വാമ ആക്രമണത്തില്‍ പങ്കെടുത്തതിനാണ് ദേവീന്ദറിന് പോലിസ് മെഡല്‍ ലഭിച്ചത്.

കഴിഞ്ഞ ദിവസം ദേവീന്ദര്‍, ഹിസ്ബുള്‍ പ്രവര്‍ത്തകര്‍ക്കൊപ്പം എന്തിനാണ് ഡല്‍ഹിയിലേക്ക് പുറപ്പെട്ടതെന്ന കാര്യം കൂടെ അന്വേഷണത്തിന്റെ പരിധിയിലുണ്ട്. ജനുവരി 26ലെ റിപബ്ലിക്ക് ദിന ആഘോഷവുമായി ബന്ധപ്പെട്ടതാണോ യാത്രയെന്നും അന്വേഷിക്കും.

ജമ്മു-ശ്രീനഗര്‍ ഹൈവെയില്‍ വച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് ദേവീന്ദര്‍ സിങിനെ രണ്ട് ഹിസ്ബുല്‍ പ്രവര്‍ത്തകരോടൊപ്പം അറസ്റ്റ് ചെയ്തത്. പിന്നീട് അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്ത പോലിസിന് എകെ ഇനത്തില്‍ പെട്ട തോക്കുകളും മറ്റ് ആയുധങ്ങളും ലഭിച്ചു.

15 രാഷ്ട്രങ്ങളില്‍ നിന്നുളള നയതന്ത്ര പ്രതിനിധികളുടെ കശ്മീര്‍ സന്ദര്‍ശന സമയത്ത് ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതല ദേവേന്ദറിനായിരുന്നു.

പാര്‍ലമെന്റാക്രമണക്കേസിലെ ദേവീന്ദറിന്റെ പങ്ക് അന്വേഷിക്കുമോ എന്ന ചോദ്യത്തിന് ഒരു വശവും വിട്ടുകളയുകയില്ലെന്നും എല്ലാം അന്വേഷിക്കുമെന്നും ആരെയും ഒഴിവാക്കുകയില്ലെന്നും ഡിജിപി പറഞ്ഞു.

പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയായ അഫ്‌സല്‍ ഗുരു കൊല്ലപ്പെടുന്നതിനു മുമ്പ് അയച്ച കത്തില്‍ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതികളെ തന്നോടൊപ്പം ഡല്‍ഹിയിലേക്ക് അയച്ചത് ദേവീന്ദറാണെന്ന്് പറഞ്ഞിരുന്നു.

ദേവീന്ദറിനെ ജമ്മു-കശ്മീര്‍ പോലിസും കേന്ദ്ര രഹസ്യന്വേഷണ വിഭാഗവും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.

Next Story

RELATED STORIES

Share it