Latest News

''സ്ത്രീകള്‍ക്ക് സുരക്ഷയും ആത്മവിശ്വാസവും പകര്‍ന്നുനല്‍കിയ സര്‍ക്കാര്‍''- വനിതാദിനത്തില്‍ സര്‍ക്കാരിന്റെ സ്ത്രീസൗഹൃദനയങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

സ്ത്രീകള്‍ക്ക് സുരക്ഷയും ആത്മവിശ്വാസവും പകര്‍ന്നുനല്‍കിയ സര്‍ക്കാര്‍- വനിതാദിനത്തില്‍ സര്‍ക്കാരിന്റെ സ്ത്രീസൗഹൃദനയങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
X

തിരുവനന്തപുരം: പുരുഷാധിപത്യലോകത്ത് സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കെതിരെ നിരന്തരമായി നടന്നു വരുന്ന പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജവും ദിശാബോധവും, അതേപ്പറ്റി സാമൂഹികാവബോധവും നല്‍കുന്നതിനായാണ് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുന്നതെന്നും ചരിത്രപരമായി ഉരുത്തിരിഞ്ഞ സങ്കീര്‍ണ്ണമായ സാമൂഹികസാമ്പത്തിക ബന്ധങ്ങള്‍ അടിമുടി പരിഷ്‌കരിച്ചുകൊണ്ടു മാത്രമേ നമുക്ക് ലിംഗനീതിയിലധിഷ്ഠിതമായ ഒരു ലോകക്രമം നിര്‍മ്മിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇടതുപക്ഷ രാഷ്ട്രീയം അതിന്റെ ആരംഭദശയില്‍ തന്നെ വളരെ ഗൗരവത്തോടെ കണ്ടൊരു പ്രമേയമാണത്. സ്ത്രീപക്ഷ പോരാട്ടങ്ങളെ സൈദ്ധാന്തികതലത്തിലും പ്രായോഗികതലത്തിലും വിളക്കിച്ചേര്‍ത്തുകൊണ്ടാണ് ഇടതുപക്ഷത്തിന്റെ വിശാലമായ വര്‍ഗരാഷ്ട്രീയ കാഴ്ചപ്പാടുകള്‍ വളര്‍ന്നു വന്നത്. ആ കാഴ്ചപ്പാടുകളെ ഉള്‍ക്കൊണ്ടുകൊണ്ടാണ്, ഈ സര്‍ക്കാരും ഇതുവരെ മുന്നോട്ടു പോയിട്ടുള്ളത്. പരിമിതികളെ മറികടന്നുകൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കടന്നുവരാനാവശ്യമായ പിന്തുണയും സുരക്ഷയും ആത്മവിശ്വാസവും നല്‍കുന്ന നിരവധി പദ്ധതികളും പ്രവര്‍ത്തനങ്ങളും ഇക്കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നടപ്പിലാക്കുകയുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

സത്രീകള്‍ക്കായി പ്രത്യേക വകുപ്പ് ആരംഭിച്ച രാജ്യത്തെ ആദ്യത്തെ സംസ്ഥാനം കേരളമാണ്. ഇടതുപക്ഷം സ്ത്രീ മുന്നേറ്റത്തിനു നല്‍കുന്ന പ്രാധാന്യത്തിന്റെ ഭാഗമായാണ് പ്രത്യേക വകുപ്പ് സ്ഥാപിച്ചത്. കുടുംബശ്രീ പ്രസ്ഥാനത്തിന് ഇക്കാലയളവില്‍ വലിയ പുരോഗതി ഉണ്ടായി. 2015-16ലെ യുഡിഎഫ് ഭരണകാലത്ത് കുടുംബശ്രീയുടെ ബജറ്റ് വിഹിതമായ 75 കോടി രൂപ, 2021-22 ബജറ്റില്‍ 260 കോടി രൂപയായി ഉയര്‍ത്തി. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കൂടി കുടുംബശ്രീ വഴി നടത്താന്‍ നിശ്ചയിച്ചതും പ്രധാനമാണ്. ഇതുവഴി ബജറ്റ് വിഹിതം 1,749 കോടി രൂപയായി ഉയര്‍ന്നു. കുടുംബശ്രീ വഴി മാത്രം 40,000 തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിച്ചു. കുടുംബശ്രീ മുഖാന്തരം 1,000 വീടുകള്‍ പണിതീര്‍ത്തു. 22,000 സ്ത്രീകള്‍ക്കായി സര്‍ക്കാര്‍ നല്‍കിയത് 480 കോടി രൂപ വായ്പ നല്‍കി.

സ്ത്രീകളുടെ പോഷകാഹര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ 'സമ്പുഷ്ട കേരളം', ഒറ്റയ്ക്ക് നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ 'എന്റെ കൂട്', വിധവകളുടെ മക്കള്‍ക്ക് പഠിക്കാന്‍ ധനസഹായം, സ്ത്രീസൗഹൃദ ശൗചാലയങ്ങള്‍ക്കായി 'ഷീ ടോയ്‌ലറ്റ്', സ്വയംസംരഭകത്വം പ്രോത്സാഹിപ്പിക്കാന്‍ 'നാനോ സ്റ്റാര്‍ട്ടപ്പുകള്‍', ഒരു ഫോണ്‍കോളില്‍ സുരക്ഷ ഉറപ്പാക്കുന്ന 'മിത്ര ഹെല്‍പ്ലൈന്‍', ലൈംഗികാതിക്രമം അതിജീവിച്ച സ്ത്രീകള്‍ക്ക് അടിയന്തര ധനസഹായം, അതിക്രമത്തിനിരയാകുന്ന സ്ത്രീകളെ സംരക്ഷിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 'വണ്‍സ്‌റ്റോപ് സെന്ററുകള്‍' തുടങ്ങി അനവധി പദ്ധതികള്‍ സ്്ത്രീകള്‍ക്കുവേണ്ടി നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it