Latest News

മാധ്യമങ്ങളെ കാണരുത്, അഭിമുഖം നല്‍കരുത്: ചിദംബരത്തിന് ജാമ്യം നല്‍കിയത് വിചിത്ര വ്യവസ്ഥകളോടെ

രണ്ട് മൗലികാവകാശങ്ങളില്‍ ഒന്ന് വ്യക്തിയോട് തിരഞ്ഞെടുക്കാന്‍ നിര്‍ദേശിക്കുന്നതിന് തുല്യമാണ് ഇതെന്ന് നിയമവിദഗ്ധര്‍ കരുതുന്നു.

മാധ്യമങ്ങളെ കാണരുത്, അഭിമുഖം നല്‍കരുത്: ചിദംബരത്തിന് ജാമ്യം നല്‍കിയത് വിചിത്ര വ്യവസ്ഥകളോടെ
X

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ പി ചിദംബരത്തിന് ജാമ്യം നല്‍കിയത് വിചിത്രമായ വ്യവസ്ഥകളോടെയെന്ന് റിപോര്‍ട്ട്. രണ്ട് ലക്ഷം രൂപയും രണ്ട് ആള്‍ ജാമ്യത്തിനും പുറമെ പൊതു പ്രസ്താവനകള്‍ നടത്തരുത്, മാധ്യമങ്ങളുമായി അഭിമുഖം നടത്തരുത് തുടങ്ങിയവും ജാമ്യ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എ എസ് ഭൂപണ്ണ, ഋഷികേഷ് റായി അംഗങ്ങളും ആര്‍ ഭാനുമതി അധ്യക്ഷയുമായ സുപ്രിം കോടതി ബഞ്ചാണ് ജാമ്യം അനുവദിച്ചത്.

ധനമന്ത്രിയായിരിക്കെ ഐഎന്‍എക്‌സ് മീഡിയയ്ക്ക് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കി എന്നാണ് ചിദംബരത്തിന് എതിരേയുള്ള കേസ്. ഇത്തരത്തില്‍ അനുമതി നല്‍കിയതില്‍ ചട്ടലംഘനവും അഴിമതിയും നടന്നിട്ടുണ്ടെന്നാണ് പരാതി. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ചിദംബരം കഴിഞ്ഞ 106 ദിവസമായി തിഹാര്‍ ജയിലില്‍ കഴിയുകയാണ്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സുപ്രിം കോടതിയെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട് സിബിഐ എടുത്ത മറ്റൊരു കേസിലും ചിദംബരത്തിന് ജാമ്യം ലഭിച്ചിട്ടുണ്ട്.

ജാമ്യവ്യവസ്ഥയില്‍ ഉള്‍പ്പെടുത്തിയ അഭിമുഖങ്ങള്‍പാടില്ല എന്ന നിബന്ധന ഏത് സാഹചര്യത്തിലാണ് ഉള്‍പ്പെടുത്തിയതെന്ന് വ്യക്തമല്ല. ജാമ്യവ്യവസ്ഥയുടെ കൂട്ടത്തില്‍ ഇത് ഉള്‍പ്പെടുത്തുന്നത് അപൂര്‍വമാണ്. ഇത്തരമൊരു നിബന്ധന ജാമ്യവ്യവസ്ഥയില്‍ ഉള്‍പ്പെടുത്തുന്നത് വ്യക്തിയുടെ ആവിഷ്‌കാരസ്വാതന്ത്ര്യമടക്കമുള്ള മൗലികാവകാശങ്ങളുടെ ലംഘനമാണ്. സാധാരണ വ്യക്തികള്‍ തങ്ങള്‍ പ്രതിചേര്‍ക്കപ്പെട്ട കേസുകളില്‍ അഭിപ്രായം പറയുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാറുണ്ടെങ്കിലും കോടതി തന്നെ ഇത് നിര്‍ദേശിക്കുക പതിവില്ല. രണ്ട് മൗലികാവകാശങ്ങളില്‍ ഒന്ന് വ്യക്തിയോട് തിരഞ്ഞെടുക്കാന്‍ നിര്‍ദേശിക്കുന്നതിന് തുല്യമാണ് ഇതെന്ന് നിയമവിദഗ്ധര്‍ കരുതുന്നു.

കോടതിയില്‍ മുദ്ര വച്ച കവറില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതും അതിന്റെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവിക്കുന്നതും നീതീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചിദംബരത്തിന് സുപ്രിം കോടതി ജാമ്യമനുവദിച്ചത്. ചിദംബരത്തിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുദ്ര വച്ച കവറിലാണ് ഡല്‍ഹി ഹൈക്കോടയില്‍ രേഖകള്‍ സമര്‍പ്പിച്ചത്. നവംബര്‍ 15 ന് അതിന്റെ അടിസ്ഥാനത്തില്‍ ചിദംബരത്തിന്റെ ജാമ്യാപേക്ഷ തളളുകയും ചെയ്തു.

പി ചിദംബരത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കബില്‍ സിബല്‍, എ എം സിങ്‌വി തുടങ്ങിയവര്‍ മുദ്ര വച്ച കവറില്‍ രേഖകള്‍ സമര്‍പ്പിച്ചതിനെതിരേ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റിനുവേണ്ടി തുഷാര്‍ മേത്തയാണ് ഹാജരായത്.

Next Story

RELATED STORIES

Share it