Latest News

കൂടത്തായി കേസ് : നാല് മൃതദേഹങ്ങളിൽ സയനൈഡും വിഷാംശവും കണ്ടെത്താനായില്ല

കൂടത്തായി കേസ് : നാല് മൃതദേഹങ്ങളിൽ സയനൈഡും വിഷാംശവും കണ്ടെത്താനായില്ല
X

കോഴിക്കോട് : പ്രമാദമായ കൂടത്തായി കൊലപാതക പരമ്പര കേസിൽ വഴിത്തിരിവ്. പുറത്തെടുത്ത് പരിശോധന നടത്തിയതിൽ നാല് മൃതദേഹാവശിഷ്ടങ്ങളിൽ സയനൈഡോ വിഷാംശമോ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ദേശീയ ഫോറൻസിക് ലാബ് റിപ്പോർട്ട്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഫോറൻസിക് റിപ്പോർട്ടിലുള്ളത്.

കൊല്ലപ്പെട്ട അന്നമ്മ തോമസ് , ടോം തോമസ് , മഞ്ചാടിയിൽ മാത്യൂ, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്. 2002 മുതൽ 2014 വരെയുള്ള കാലത്താണ് ഇവർ മരിച്ചത്. 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധനക്കയച്ചത്.

അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നൽകിയും ഒന്നാം പ്രതി ജോളി കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. റോയ് തോമസ് , സിലി എന്നിവരുടെ മൃതദേഹത്തിൽ സയനൈഡ് സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു.

2019 ഒക്ടോബർ നാലിനാണ് ഒരു കുടുബത്തിലെ ആറ് മരണങ്ങളിലെ ദുരൂഹതയുടെ കാരണം തേടി അന്വേഷണ സംഘം പള്ളി സെമിത്തേരിയിലെ കല്ലറകള്‍ തുറന്നത്.

കോടഞ്ചേരി സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ അടക്കം ചെയ്ത സിലി, മകൾ ആൽഫൈൻ, കൂടത്തായി ലൂർദ്ദ് മാത പള്ളി സെമിത്തേരിയിൽ അടക്കം ചെയ്ത പൊന്നാമറ്റം വീട്ടിൽ ടോം മാത്യൂ, ഭാര്യ അന്നമ്മ, മകൻ റോയ് തോമസ്, അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യൂ എന്നിവരുടെ മൃതദേഹവഷിഷ്ടങ്ങളാണ് ഒക്ടോബർ നാലിന് പുറത്തെടുത്തത്. പിന്നീട് ആറ് മരണവും കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

14 വർഷത്തിനിടെ നടന്ന ആറ് കൊലപാതകങ്ങളുടേയും കൊലപാതക ശ്രമങ്ങളുടെയും ഞെട്ടിക്കുന്ന കഥകളാണ് പിന്നീട് പുറത്ത് വന്നത്. പൊന്നാമറ്റം റോയ് തോമസിന്‍റെ ഭാര്യയായിരുന്ന ജോളി ജോസഫ് സ്വത്തിന് വേണ്ടി ഭർത്താവിനേയും രക്ഷിതാക്കളേയും സയനൈഡ് നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇവരുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച മഞ്ചാടിയിൽ മാത്യുവിനെയും ഇതേ രീതിയില്‍ കൊലപ്പെടുത്തി.

പിന്നീട് ബന്ധുവായ ഷാജുവിനെ വിവാഹം കഴിക്കാൻ ഷാജുവിന്‍റെ ഭാര്യ സിലിയേയും മകൾ ഒന്നര വയസ്സുകാരി ആൽഫൈനേയും സയനൈഡ് നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്. കൊല്ലപ്പെട്ട റോയ് മാത്യുവിന്‍റെ സഹോദരൻ റോജോ റൂറൽ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് കൊലപാത പരമ്പരയുടെ ചുരുളഴിഞ്ഞത്. ജോളി, ജോളിയുടെ ബന്ധു എംഎസ് മാത്യൂ, സ്വർണ്ണപ്പണിക്കാരനായ പ്രജു കുമാർ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.

Next Story

RELATED STORIES

Share it