Latest News

വിദ്യാര്‍ഥികള്‍ ജിജ്ഞാസ ഉള്ളവരും മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നവരുമാകണമെന്ന് ഗവര്‍ണര്‍

വിദ്യാഭ്യാസം ഒരു മനുഷ്യനെ സമ്പൂര്‍ണമായി മാറ്റിയെടുക്കുന്നതാവണം. ആര്‍ക്കിടെക്ട് വിദ്യാര്‍ഥികള്‍ക്ക് ഒട്ടേറെ അവസരങ്ങള്‍ രാജ്യത്ത് ലഭ്യമാണ്.മികച്ച പരിസ്ഥിതി കെട്ടിപ്പടുക്കാന്‍ യുവ ആര്‍ക്കിടെക്ടുമാരുടെ സേവനം രാജ്യത്തിന് ആവശ്യമാണ്

വിദ്യാര്‍ഥികള്‍ ജിജ്ഞാസ ഉള്ളവരും മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നവരുമാകണമെന്ന് ഗവര്‍ണര്‍
X

കൊച്ചി: പതിനഞ്ച് വര്‍ഷം മുന്‍പുള്ള സാങ്കേതികവിദ്യകള്‍ പോലും കലഹരണപ്പെടുന്ന നവീന കാലഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ എപ്പോഴും ജിജ്ഞാസയുള്ളവര്‍ ആയിരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നവേഷന്‍സ് (ആസാദി) ല്‍ നടന്ന പഞ്ചവല്‍സര ബി ആര്‍ക് വിദ്യാര്‍ഥികളുടെ ബിരുദദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ വിദ്യാര്‍ഥികള്‍ തയാറാകണം. ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കണം. നമ്മുടെ ജീവിതത്തില്‍ നേടിയതിനേക്കാള്‍ അറിവും അനുഭവവും നമ്മുടെ കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

വിദ്യാഭ്യാസം ഒരു മനുഷ്യനെ സമ്പൂര്‍ണമായി മാറ്റിയെടുക്കുന്നതാവണം. ആര്‍ക്കിടെക്ട് വിദ്യാര്‍ഥികള്‍ക്ക് ഒട്ടേറെ അവസരങ്ങള്‍ രാജ്യത്ത് ലഭ്യമാണ്. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ലക്ഷക്കണക്കിന് ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയില്‍ ആര്‍ക്കിടെക്ട് വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരം ലഭ്യമാണ്. മികച്ച പരിസ്ഥിതി കെട്ടിപ്പടുക്കാന്‍ യുവ ആര്‍ക്കിടെക്ടുമാരുടെ സേവനം രാജ്യത്തിന് ആവശ്യമാണ്. ഗ്രാമീണ മേഖലയിലെ പാര്‍പ്പിട പ്രശ്‌നങ്ങള്‍ പരിഹരിക്കാനും നഗരമേഖലയില്‍ മാറി വരുന്ന ട്രെന്‍ഡുകള്‍ക്ക് അനുസൃതമായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും യുവ ആര്‍ക്കിടെക്ടുമാര്‍ക്ക് അവസരം നല്‍കണം. പരിസ്ഥിതി ഏറെ നിര്‍ണായകമായ ഇന്നത്തെ കാലഘട്ടത്തില്‍ വിദ്യാര്‍ഥികളുടെ ക്രിയാത്മകത അനിവാര്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

വിദ്യാര്‍ഥികള്‍ ആര്‍ജിക്കുന്ന അറിവുകള്‍ ജീവിതാവസാനം വരെ വര്‍ധിപ്പിച്ചു കൊണ്ടേയിരിക്കണം. മത്സര പരീക്ഷകളിലും ആര്‍ക്കിടെക്ച്ചര്‍ പോലെയുള്ള മേഖലകളിലും പെണ്‍കുട്ടികള്‍ കൂടുതലായി കടന്നുവരികയും മികച്ച വിജയം നേടുകയും ചെയ്യുന്നത് അഭിമാനകരമാണ്. ആണ്‍കുട്ടികള്‍ നിരന്തരമായ പരിശ്രമങ്ങള്‍ നടത്തേണ്ട സമയമാണിതെന്നും ഗവര്‍ണര്‍ പറഞ്ഞു.നമ്മള്‍ നേടിയ അറിവുകള്‍ തിരികെ സമൂഹത്തിന് നല്‍കാന്‍ തയാറാകണമെന്ന് ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തിയ കൊച്ചി മെട്രോ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സ്വയം ചോദ്യങ്ങള്‍ ചോദിക്കുന്നവരായിരിക്കണം വിദ്യാര്‍ഥികള്‍. സാങ്കേതിക മുന്നേറ്റങ്ങള്‍ സായത്തമാക്കുകയും അവ പ്രയോജനപ്പെടുത്തുകയും ചെയ്തില്ലെങ്കില്‍ പഠനം കൊണ്ട് പ്രയോജനമില്ലാതാകും. നവീന സാങ്കേതിക വിദ്യയുമായി ഒത്തുപോകുന്നതാകണം ആര്‍ക്കിടെക്ച്ചറല്‍ രീതികളെന്നും ബെഹ്‌റ ചൂണ്ടിക്കാട്ടി.

ആര്‍ക്കിടെക്ച്ചര്‍ പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് മികച്ച പരിശീലനം നല്‍കണമെന്നും കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പോലെയുള്ള വിഷയങ്ങളില്‍ അവര്‍ക്ക് മികച്ച പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ കഴിയുമെന്നും ചടങ്ങില്‍ സംസാരിച്ച ആസാദി ചെയര്‍മാനും ഡയറക്ടറുമായ ആര്‍ക്കിടെക്ട് പ്രഫ. ബി ആര്‍ അജിത് പറഞ്ഞു. സമൂഹത്തിന് മികച്ച സേവനം നല്കാന്‍ ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയും. ഇവരുടെ സേവനം പ്രയോജനപ്പെടുത്തേണ്ടത് സര്‍ക്കാര്‍ സംവിധാനങ്ങളുടെയും പൊതു സമൂഹത്തിന്റെയും ഉത്തരവാദിത്വം കൂടിയാണ്. കേരളം ഇന്ന് നേരിടുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാര മാര്‍ഗം നിര്‍ദേശിക്കാന്‍ ആര്‍ക്കിടെക്ച്ചര്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

എം ജി സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. സി ടി അരവിന്ദകുമാര്‍, ആസാദി പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്ട്. പ്രത്യുഷ് പ്രസന്‍, ഡയറക്ടര്‍ ആര്‍ക്കിടെക്ട് പ്രതീക് സുധാകര്‍, ഫിനാന്‍സ് ഡയറക്ടര്‍ ദേവി അജിത് ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it