Latest News

നാസിക്കില്‍ മൂന്ന് ബൗദ്ധഗുഹകള്‍ കണ്ടെത്തി

നാസിക്കില്‍ മൂന്ന് ബൗദ്ധഗുഹകള്‍ കണ്ടെത്തി
X

നാസിക്ക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ മൂന്ന് ബൗദ്ധ ഗുഹകള്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പ് കണ്ടെത്തി. രണ്ട് നൂറ്റാണ്ടുമുമ്പ് ഒരു ബ്രിട്ടീഷ് മിലിറ്ററി ഓഫിസര്‍ കണ്ടെത്തിയ ത്രിരാശ്മി ബൗദ്ധ ഗുഹയുടെ ഭാഗമാണ് ഇതെന്ന് കരുതുന്നു.

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബുദ്ധസന്യാസിമാര്‍ ഉപവസിക്കാനും താമസിക്കാനും ഉപയോഗിച്ചിരുന്ന ഗുഹകളാണ് ഇതെന്നാണ് കരുതുന്നത്. ഇവയ്ക്ക് ഇതുവരെ കണ്ടെത്തിയിട്ടുള്ള ത്രിരാശ്മി ഗുഹകളേക്കാള്‍ പഴക്കം കണക്കാക്കുന്നുണ്ട്.

ത്രിരാശ്മി അഥവാ പാണ്ഡവ് ലെനി എന്ന് അറിയപ്പെടുന്ന 25ഓളം ഗുഹകളാണ് ഉള്ളത്. ത്രിരാശ്മി കുന്നില്‍ കൊത്തിയെടുത്തവയാണ് ഇവ. ബിസി രണ്ടാം നൂറ്റാണ്ടിനും എഡി ആറാം നൂറ്റാണ്ടിനും ഇടയിലാണ് കാലം കണക്കാക്കുന്നത്.

ത്രിരാശ്മി ഗുഹകള്‍ 1823ല്‍ ക്യാപ്റ്റന്‍ ജയിംസ് ഡെലമെയ്ന്‍ ആണ് ആദ്യം കണ്ടെത്തിയത്. അതിപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ നിയന്ത്രണത്തിലാണ്.






ആര്‍ക്കിയോളജി വകുപ്പിലെ സലിം പട്ടേലാണ് കഴിഞ്ഞ മെയ് 22ന് ഇത് ആദ്യം തിരിച്ചറിഞ്ഞത്. നാസിക്ക് ഡിവിഷനിലെ സീനിയര്‍ കണ്‍സര്‍വേഷന്‍ അസിസ്റ്റന്റായ രാകേഷ് ഷിന്‍ഡെ മണ്‍സൂണിനു മുമ്പായി അഴുക്കുചാലുകള്‍ വൃത്തിയാക്കി ചവറ് കത്തിക്കുന്ന പണിയില്‍ ഏര്‍പ്പെട്ടിരുന്നു. അതിനിടയിലാണ് ചവറ് നിക്ഷേപിക്കാന്‍ സ്ഥലം അന്വേഷിക്കുന്നതിനിടയില്‍ ഒരു ഗുഹ കണ്ടെത്തിയത്. അദ്ദേഹമാണ് ആര്‍ക്കിയോളജി വകുപ്പിന് വിവരം കൊടുത്തത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ മറ്റ് രണ്ട് ഗുഹകള്‍ കണ്ടെത്തുകയായിരുന്നു.

ഷിന്‍ഡെ സ്ഥലം വൃത്തിയാക്കിപ്പിക്കുകയും റിപോര്‍ട്ട് മുകളിലേക്ക് അയക്കുകയും ചെയ്തു.

തിരാശ്മി ഗുഹകളെ കുറിച്ച് പഠിക്കുന്ന മുംബൈയിലെ ത്രിരാശ്മി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബുദ്ധിസം ഡയറക്ടര്‍ അതുല്‍ ഭോസെകര്‍ സ്ഥലം സന്ദര്‍ശിച്ചു. മൂന്നാമത്തെ ഗുഹ താനും കൂടിയുള്ളപ്പോഴാണ് ആര്‍ക്കിയോളജി വിഭാഗം കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ഗുഹകളുടെ ഘടനയില്‍ നിന്ന് സന്യാസിമാര്‍ താമസിക്കാന്‍ ഉപയോഗിക്കുന്നതായാണ് കരുതേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് ഗുഹകള്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് തങ്ങാവുന്നതും അടുത്തത് ഒരാള്‍ക്ക് മാത്രം കഴിയാവുന്നതുമാണ്.

എല്ലാ ഗുഹകളിലും വരാന്തകളും കല്ലു കട്ടിലുകളും ഉണ്ട്. ധ്യാനത്തിനുള്ള പ്രത്യേക ഇടവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it