Latest News

മുഖ്യമന്ത്രിയെയും പൗരത്വഭേദഗതി നിയമത്തെയും വിമര്‍ശിച്ചു; ത്രിപുരയില്‍ സര്‍ക്കാര്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും പൗരത്വഭേദഗതി നിയമത്തെയും ബിജെപിയെയും മുഖ്യമന്ത്രി വിപ്ലബ് കുമാര്‍ ദുബെയെയും വിമര്‍ശിച്ചതിനാണ് നടപടി.

മുഖ്യമന്ത്രിയെയും പൗരത്വഭേദഗതി നിയമത്തെയും വിമര്‍ശിച്ചു; ത്രിപുരയില്‍ സര്‍ക്കാര്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
X

അഗര്‍ത്തല: പൗരത്വഭേദഗതി നിയമത്തെ വിമര്‍ശിച്ച് സാമൂഹികമാധ്യമങ്ങളില്‍ കമന്റ് ഇട്ട അഗര്‍ത്തല മെഡിക്കല്‍ കോളജ് & ജിബിപി ആശുപത്രിയിലെ ഡോക്ടറെ സസ്‌പെന്റ് ചെയ്തു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ കൗഷിക് ചക്രബര്‍ത്തിയെയാണ് സസ്‌പെന്റ് ചെയ്തത്. ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും പൗരത്വഭേദഗതി നിയമത്തെയും ബിജെപിയെയും മുഖ്യമന്ത്രി വിപ്ലബ് കുമാര്‍ ദുബെയെയും വിമര്‍ശിച്ചതിനാണ് നടപടി. പൊതു തെരഞ്ഞെടുപ്പിനു മുമ്പ് പൗരത്വഭേദഗതി നിയമം കൊണ്ടുവന്ന ബിജെപിയെ കൗഷിക് നിശിതമായി വിമര്‍ശിച്ചിരുന്നു.

ഒക്ടോബര്‍ 2 ന് ത്രിപുര ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് കൗഷിക്കിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. കൗഷിക് മുഖ്യമന്ത്രിയെ വിമര്‍ശിച്ചും പരിഹസിച്ചും സാമൂഹികമാധ്യമങ്ങളില്‍ എഴുതി, പൗരത്വഭേദഗതി ബില്ലിനെ വിമര്‍ശിക്കുകയും അതുവഴി സാമൂഹികസ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു, ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയിരുന്നിട്ടും ഭരണഘടനാ സ്ഥാപനത്തിന്റെ മേധാവിയായ മുഖ്യമന്ത്രിയെ വിമര്‍ശിക്കുകയും സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിക്കുകയു ചെയ്തു തുടങ്ങിയവയാണ് കാരണം കാണിക്കല്‍ നോട്ടിസില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നടപടി എടുക്കാതിരിക്കുന്നതിന് വിശദീകരണം നല്‍കണമെന്നാണ് നോട്ടിസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

താന്‍ പറഞ്ഞതായി ആരോപിക്കുന്നവയുടെ തെളിവുകള്‍ നല്‍കാതെ മറുപടി നല്‍കാനാവില്ലെന്ന് ഡോക്ടര്‍ കൗഷിക്, ആഗസ്റ്റ് 19 ന് സര്‍ക്കാരിനെ അറിയിച്ചു. സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ സ്‌പെഷ്യല്‍ ഓഫിസര്‍ കൂടിയാണ് ഡോ. കൗഷിക് ചക്രബര്‍ത്തി. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആഗസ്റ്റ് 31 ന് ഡോ. കൗഷിക്കിന്റെ ഇംഗ്ലീഷിലും ബംഗാളിയിലുമുള്ള മൂന്ന് കമന്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ അയച്ചുകൊടുത്തു. അവയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പോസ്റ്റ് ചെയ്ത ഒന്ന് പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതികരിച്ച കോണ്‍ഗ്രസ് മേധാവി പ്രദ്യോദ് മാണിക്യ ദെബ്ബര്‍മാന് പിന്തുണ നല്‍കുന്നതാണ്. മറ്റൊന്നില്‍ മണ്ടത്തരത്തിന് നൊബേല്‍ സമ്മാനമില്ലെന്ന് മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നു. താനൊരു പ്രധാനപ്പെട്ട സ്ഥാനത്താണ് ഇരിക്കുന്നതെന്നും അത് മറക്കരുതെന്നും മുഖ്യമന്ത്രിയെ ഉപദേശിക്കുന്നുമുണ്ട്.

Next Story

RELATED STORIES

Share it