Latest News

മണ്ണ് ഖനന മാഫിയക്കെതിരേ വിജിലന്‍സ് റെയ്ഡ്; ഡിജിറ്റല്‍ ഇടപാടുകളിലൂടെ മാത്രം പിടികൂടിയത് 4,69,800 രൂപ

മണ്ണ് ഖനന മാഫിയക്കെതിരേ വിജിലന്‍സ് റെയ്ഡ്; ഡിജിറ്റല്‍ ഇടപാടുകളിലൂടെ മാത്രം പിടികൂടിയത് 4,69,800 രൂപ
X

തിരുവനന്തപുരം: സംസ്ഥാനത്തെ മണ്ണ് ഖനന മേഖലയിലെ അഴിമതിയും അനധികൃത ഇടപാടുകളും കണ്ടെത്താന്‍ വിജിലന്‍സ് നടത്തിയ 'ഓപ്പറേഷന്‍ എര്‍ത്ത് ഗാര്‍ഡ്' മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ പുറത്തുവന്നു. വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനവ്യാപകമായി ഇന്നലെ രാവിലെയാണ് പരിശോധന ആരംഭിച്ചത്. 14 ജില്ലാ മൈനിങ് ആന്‍ഡ് ജിയോളജി ഓഫീസുകളിലും വിവിധ തദ്ദേശ സ്ഥാപനങ്ങളിലുമായി നടത്തിയ പരിശോധനയില്‍ 14 ഉദ്യോഗസ്ഥര്‍ ഡിജിറ്റല്‍ ഇടപാടുകളിലൂടെ മാത്രം 4,69,800 രൂപ കൈപ്പറ്റിയതായി കണ്ടെത്തി. യുപിഐ, ഗൂഗിള്‍ പേ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് പണം സ്വീകരിച്ചതെന്ന് വിജിലന്‍സ് വ്യക്തമാക്കി.

കെട്ടിട നിര്‍മാണത്തിനെന്ന പേരില്‍ കുന്നുകള്‍ ഇടിച്ച് മണ്ണ് കടത്തല്‍, അനുവദിച്ചതിലും കൂടുതല്‍ മണ്ണ് നീക്കം ചെയ്യല്‍, വീട് നിര്‍മ്മിക്കാതെ ഭൂമി പ്ലോട്ടുകളാക്കി വില്‍പ്പന നടത്തല്‍ തുടങ്ങിയ ഗുരുതര നിയമലംഘനങ്ങളും പരിശോധനയില്‍ കണ്ടെത്തി.

തിരുവനന്തപുരം ചെറുന്നിയൂര്‍ ഗ്രാമ പഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്കും ടെക്‌നിക്കല്‍ അസിസ്റ്റന്റും ചേര്‍ന്ന് പണം വാങ്ങിയതായി കണ്ടെത്തി. കൊല്ലം ജില്ലാ മൈനിങ് ഓഫീസിലെ മിനറല്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ വലിയ തുക കൈപ്പറ്റിയതായും കണ്ടെത്തി. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും സമാനമായ ക്രമക്കേടുകള്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ ജിയോളജിസ്റ്റ് ഇടനിലക്കാരില്‍ നിന്ന് മാത്രം 1.55 ലക്ഷം രൂപ കൈപ്പറ്റിയതായും റിപോര്‍ട്ടിലുണ്ട്.

ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്ന അനധികൃത ഖനന പ്രവര്‍ത്തനങ്ങള്‍ മൂലം സര്‍ക്കാരിന് റോയല്‍റ്റി ഇനത്തിലും പിഴ ഇനത്തിലും വലിയ നഷ്ടമുണ്ടാകുന്നതായി വിജിലന്‍സ് ചൂണ്ടിക്കാട്ടി. നധികൃതമായി മണ്ണ് നീക്കിയ സ്ഥലുടമകളില്‍ നിന്ന് റോയല്‍റ്റിയുടെ അഞ്ചിരട്ടി പിഴ ഈടാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കും മണ്ണ് മാഫിയയ്ക്കുമെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു.

അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ 1064, 8592900900 എന്നീ ടോള്‍ഫ്രീ നമ്പറുകളിലോ 9447789100 എന്ന വാട്‌സ്ആപ്പ് നമ്പറിലോ അറിയിക്കാമെന്നും വിജിലന്‍സ് അറിയിച്ചു.

Next Story

RELATED STORIES

Share it