Cricket

ഒരിക്കല്‍കൂടി മാറ്റ് തെളിയിച്ച് കോഹ്‌ലി

ഒരിക്കല്‍കൂടി മാറ്റ് തെളിയിച്ച് കോഹ്‌ലി
X


കേപ് ടൗണ്‍: ഒരു പരമ്പരയിലെ മൂന്ന് മല്‍സരങ്ങളും ജയിച്ച് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ചരിത്രം കുറിക്കാനിറങ്ങിയ ഇന്ത്യന്‍ നീലപ്പടയ്ക്ക് മികച്ച സ്‌കോര്‍.പരമ്പരയില്‍ രണ്ടാം സെഞ്ച്വറിയും കണ്ടെത്തിയ  ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ അപരാജിത സെഞ്ച്വറി ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെടുത്തു. ക്യാപ്റ്റന്റെ കളി പുറത്തെടുത്ത വിരാട് (160) ഓപ്പണര്‍ ശിഖര്‍ ധവാന്‍ (76) പുറത്തായശേഷം ഒറ്റയ്ക്കായിരുന്നു ടീമിനെ ചുമലിലേറ്റിയത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശര്‍മയെ റണ്ണെടുക്കും മുമ്പ് നഷ്ടപ്പെട്ടെങ്കിലും  രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വിരാട് കോലിയും ശിഖര്‍ ധവാനും മുന്നോട്ടു നയിക്കുകയായിരുന്നു.  അപാര ഫോമിലായിരുന്ന ധവാന്‍ അനായാസം റണ്‍സ് വാരിക്കൂട്ടിയതോടെ ദക്ഷിണാഫ്രിക്ക സമ്മര്‍ദത്തിലായി. തുടക്കത്തിലേ കോഹ്‌ലി പുറത്താകേണ്ടതായിരുന്നു. റിവ്യൂ സിസ്റ്റത്തിലൂടെ വിരാട് രണ്ടാം ജന്മം ലഭിച്ചു. ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ മൂന്നാം പന്തിലായിരുന്നു നാടകീയ സംഭവം. കോഹ്‌ലിയുടെ സ്‌കോര്‍ അപ്പോള്‍ പൂജ്യം. റബാദയുടെ പന്തില്‍ കോഹ്‌ലി വിക്കറ്റിന്് മുന്നില്‍ കുരുങ്ങിയെന്ന് അംപയര്‍ വിധിച്ചെങ്കിലും ഡിആര്‍എസില്‍ ഭാഗ്യം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. അതിനുശേഷം വിരാടിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഇരുവരും രണ്ടാം വിക്കറ്റില്‍ 140 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 63 പന്തില്‍ 12 ഫോറിന്റെ അകമ്പടിയോടെ 76 റണ്‍സെടുത്ത ധവാനെ പുറത്താക്കി ഡുമിനി ഈ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു.പിന്നീട് ക്രീസിലെത്തിയ അജിന്‍ക്യ രഹാനെയും ഹാര്‍ദിക് പാണ്ഡ്യയും എംഎസ് ധോണിയും പെട്ടെന്ന് പുറത്തായി. രഹാനെ 11 റണ്‍സെടുത്ത് പുറത്തായപ്പോള്‍ പാണ്ഡ്യയുടെ സംഭാവന 14 റണ്‍സായിരുന്നു. ധോണി പത്ത് റണ്‍സെടുത്ത് പുറത്തായി. വിരാട് ഒരുവശത്ത് മികച്ച രീതിയില്‍ കളിക്കുമ്പോഴും മറുവശത്ത് കാര്യമായ പിന്തുണ ലഭിച്ചില്ല. അവസാന ഓവറുകളില്‍ വാലറ്റത്തെ കൂട്ടുപിടിച്ചായിരുന്നു വിരാടിന്റെ ബാറ്റിംഗ്. 157 പന്തിലായിരുന്നു ക്യാപ്റ്റന്‍ 150 പിന്നിട്ടത്.  40 ഓവറിനുള്ളിലാണ് ഇന്ത്യ 200 റണ്‍സ് പിന്നിട്ടത്. പിന്നീട് അടുത്ത 10 ഓവറില്‍ ട്വന്റി20 ബാറ്റിങ് ശൈലി പുറത്തെടുത്ത ഇന്ത്യ 100 റണ്‍സ് കണ്ടെത്തി 300 കടത്തി. കഴിഞ്ഞ ഏകദിനത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് ഇന്ത്യ കളിച്ചത്. അതേസമയം ക്ലാസെനും ലുംഗി എന്‍ഗിഡിയും ദക്ഷിണാഫ്രിക്കയ്ക്കായി ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു. ആദ്യ രണ്ടു ഏകദിനങ്ങളിലും തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ഈ മല്‍സരം നിര്‍ണായകമായിരുന്നു. ആകെ ആറു ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. അതേസമയം ഈ ഏകദിനത്തില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് റെക്കോഡ് നേട്ടത്തിലെത്താം. ദക്ഷിണാഫ്രിക്കയില്‍ നടന്ന ഏകദിന പരമ്പരയില്‍ ഇന്ത്യ ഇതുവരെ മൂന്നു മല്‍സരം വിജയിച്ചിട്ടില്ല. ആ റെക്കോഡാണ് വഴിമാറുക. 1992-93,2010-11 പര്യടനങ്ങളില്‍ രണ്ട് ഏകദിനങ്ങളില്‍ വിജയിച്ചെങ്കിലും പരമ്പര നഷ്ടമായിരുന്നു.   ഇന്നലത്തെ സെഞ്ച്വറിയോടെ ദക്ഷിണാഫ്രിക്കയില്‍ അവര്‍ക്കെതിരേ മൂന്നു കളികളില്‍ രണ്ടാം സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി കോഹ്‌ലി മാറി.നേരത്തെ ഡര്‍ബനില്‍ നടന്ന ആദ്യ ഏകദിനത്തിലും കോലി സെഞ്ചുറി നേടിയിരുന്നു.ആറു മല്‍സരങ്ങളാണ് പരമ്പരയിലുള്ളത്.
Next Story

RELATED STORIES

Share it