സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് നാളെ തുടക്കമാകും


തിരുവനന്തപുരം: 62-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് വെള്ളിയാഴ്ച്ച തലസ്ഥാനത്ത് തുടക്കം. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയമാണ് മുഖ്യവേദി. കേരളത്തിലുണ്ടായ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ചെലവ് ചുരുക്കിയാണ് കായികമേള സംഘടിപ്പിക്കുന്നത്. 1700ഓളം മല്‍സരാര്‍ഥികളാണ് ഇത്തവണത്തെ മേളയില്‍ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച്ച രാവിലെ 7ന് മല്‍സരങ്ങള്‍ ആരംഭിക്കും. 31 ഫൈനലുകള്‍ വെള്ളിയാഴ്ച്ച നടക്കും. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവര്‍ക്ക് മാത്രമേ ഇത്തവണ സംസ്ഥാനതലത്തില്‍ പങ്കെടുക്കാനാവൂ. അതിനാല്‍ സംസ്ഥാനതല കായികമേളയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണത്തിലും കുറവുണ്ട്. മൂന്നാം സ്ഥാനക്കാരെ ഒഴിവാക്കുന്നതിനാല്‍ പല താരങ്ങള്‍ക്കും ഗ്രേസ് മാര്‍ക്ക് നഷ്ടമാവും. ഉദ്ഘാടനം, സമാപന സമ്മേളനങ്ങള്‍ ദീപശിഖാ പ്രയാണം, മാര്‍ച്് പാസ്റ്റ് എന്നിവയെല്ലാം ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ മികച്ച സ്‌കൂളുകള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്, പ്രൈസ് മണി, മെഡലുകള്‍, ട്രോഫികള്‍ എന്നിവ ഈ വര്‍ഷം ഉണ്ടായിരിക്കില്ല. പങ്കെടുക്കുന്നതിനുള്ള സാക്ഷ്യപത്രങ്ങള്‍, മെരിറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നല്‍കും. നാലുദിവസങ്ങളിലായി നടന്നിരുന്ന മല്‍സരങ്ങള്‍ മൂന്ന് ദിവസങ്ങളിലായാണ് ഈവര്‍ഷം നടത്തുന്നത്. ഓരോ ജില്ലയില്‍ നിന്നും ഒരിനത്തില്‍ മൂന്ന് പേര്‍ക്ക് എന്‍ട്രി നല്‍കിയിരുന്നത് ഈവര്‍ഷം രണ്ട് ആയി കുറയും. കഴിഞ്ഞവര്‍ഷം 95 ഇനങ്ങളിലായിരുന്നു മല്‍സരങ്ങള്‍. സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ 96 ഇനങ്ങളാക്കിയിട്ടുണ്ട്. അണ്ടര്‍ 19 പെണ്‍വിഭാഗം 5000 മീറ്റര്‍ ഓട്ടം ഒഴിവാക്കി. അണ്ടര്‍ 17 ആണ്‍, പെണ്‍വിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സ് പുതുതായി ഉള്‍പ്പെടുത്തി.

RELATED STORIES

Share it
Top