In Quest

നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ 22ന് നടപ്പാക്കാനാവില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍

പ്രതി മുകേഷ്‌കുമാര്‍ സമര്‍പ്പിച്ചിരിക്കുന്ന ദയാഹരജിയില്‍ തീരുമാനമായ ശേഷം പുതിയ വാറണ്ട് പുറപ്പെടുവിക്കേണ്ടിവരുമെന്ന് സര്‍ക്കാരും പോലിസും ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ 22ന് നടപ്പാക്കാനാവില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും. പ്രതികളുടെ വധശിക്ഷ ഈമാസം 22ന് നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതികളിലൊരാള്‍ ദയാഹരജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് വധശിക്ഷ 22ന് നടപ്പാക്കുന്നത് സംബന്ധിച്ച് അവ്യക്തത ഉടലെടുത്തത്. പ്രതി മുകേഷ്‌കുമാര്‍ സമര്‍പ്പിച്ചിരിക്കുന്ന ദയാഹരജിയില്‍ തീരുമാനമായ ശേഷം പുതിയ വാറണ്ട് പുറപ്പെടുവിക്കേണ്ടിവരുമെന്ന് സര്‍ക്കാരും പോലിസും ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. മരണവാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള മുകേഷ് സിങ്ങിന്റെ ഹരജി പരിഗണിക്കവെയാണ് ഇക്കാര്യമറിയിച്ചത്.

വിശദമായ വാദത്തിനുശേഷം മരണവാറന്റ് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച ഹൈക്കോടതി മുകേഷ് സിങ്ങിന്റെ ഹരജി തള്ളി. മുകേഷ് സിങ്ങിന് ഇനി സുപ്രിംകോടതിയെ സമീപിക്കാം. പുതിയ മരണവാറണ്ട് പുറപ്പെടുവിക്കാന്‍ കീഴ്‌ക്കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വിധി വന്ന് രണ്ടരവര്‍ഷമായിട്ടും തിരുത്തല്‍ ഹരജിയും ദയാഹരജിയും നല്‍കാന്‍ വൈകിപ്പിച്ചത് എന്തിനെന്ന് കോടതി വാദത്തിനിടെ ചോദിച്ചു. പ്രതികള്‍ പലതവണകളായി ഹരജികള്‍ സമര്‍പ്പിക്കുന്നത് നിയമത്തിന്റെ നടപടിക്രമത്തെ പരാജയപ്പെടുത്താനാണെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചു.

മുകേഷ് സിങ്ങിന്റെയും കൂട്ടുപ്രതി വിനയ് ശര്‍മയുടെയും തിരുത്തല്‍ ഹരജികള്‍ ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്നലെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുകേഷ് സിങ് രാഷ്ട്രപതിക്ക് മുമ്പാകെ ദയാഹരജിക്ക് അപേക്ഷ സമര്‍പ്പിച്ചത്. ഗവര്‍ണര്‍ക്ക് ഇത് കൈമാറിയിട്ടില്ല. നേരത്തെ അക്ഷയ് സിങ് ദയാഹരജി നല്‍കിയെങ്കിലും അവസാന നിമിഷം അത് പിന്‍വലിച്ചിരുന്നു. കേസിലെ രണ്ടുപ്രതികള്‍ക്കുകൂടി ദയാഹരജി നല്‍കാനുള്ള സാഹചര്യമുണ്ട്. ദയാഹരജി തള്ളിയാല്‍ 14 ദിവസത്തെ നോട്ടീസ് പിരീഡ് പ്രതികള്‍ക്ക് നല്‍കണം.

രാഷ്ട്രപതി ദയാഹരജിയില്‍ തീരുമാനമെടുക്കുന്നതുവരെ വധശിക്ഷ നീട്ടിവയ്ക്കണമെന്നാണ് മുകേഷ് സിങ് കോടതിയില്‍ ആവശ്യപ്പെട്ടത്. നിയമപരമായ എല്ലാ സാധ്യതകളും തേടാന്‍ അവസരം നല്‍കണമെന്നും മുകേഷ് സിങ് കോടതിയെ ബോധിപ്പിച്ചു. അതേസമയം, പ്രതികളുടെ ദയാഹരജി എത്രയും വേഗത്തില്‍ നിരസിക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് നിര്‍ഭയയുടെ അമ്മ ആവശ്യപ്പെട്ടു. ഏത് കോടതിയെ അവര്‍ സമീപിച്ചാലും തീരുമാനിക്കപ്പെട്ട ദിവസം തന്നെ ഇവരെ തൂക്കിലേറ്റണമെന്നും നിര്‍ഭയയുടെ അമ്മ ആവശ്യപ്പെട്ടു. ജനുവരി 22ന് രാവിലെ ഏഴുമണിക്ക് തിഹാര്‍ ജയിലിലാണ് വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്.

Next Story

RELATED STORIES

Share it