മന്‍വീര്‍സിങ് ഡബിളില്‍ പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍

 സാഫ് കപ്പിന്റെ സെമി ഫൈനലില്‍ മിഡ്ഫീല്‍ഡര്‍ മന്‍വീര്‍ സിങിന്റെ ഇരട്ടഗോള്‍ മികവില്‍ ചിരവൈരികളായ പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍. രണ്ട് ചുവപ്പ് കാര്‍ഡ് കണ്ട മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. സുമിത് പാസ്സിയാണ് ഇന്ത്യയുടെ മൂന്നാമത്തെ ഗോള്‍ നേടിയത്. മലയാളി താരം ആഷിഖ് കുരുണിയന്‍ രണ്ടു അസിസ്റ്റുകളുമായി ഇത്തവണയും കരുത്തുകാട്ടി. നേപ്പാളിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത മാലദ്വീപാണ് കലാശപ്പോരാട്ടത്തിലെ ഇന്ത്യയുടെ എതിരാളികള്‍. എട്ടാം കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഫൈനല്‍ 15ന് നടക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മാലദ്വീപിനെ തോല്‍പ്പിച്ചിരുന്നു.
തുടര്‍ച്ചയായ മൂന്നാം കളിയിലും മലയാളി താരം ആഷിഖ് കുരുണിയനെ ആദ്യ ഇലവനില്‍ നിലനിര്‍ത്തിയാണ് കോച്ച് സ്റ്റീവ് കോണ്‍സ്റ്റന്റൈന്‍ നിര്‍ണായക മല്‍സരത്തിന് ടീമിനെയിറക്കിയത്.രണ്ടാം പകുതിയിലാണ് മല്‍സരത്തിലെ ഗോളുകളെല്ലാം പിറന്നത്. 49ാം മിനിറ്റില്‍ ആഷിക് കുരുണിയന്റെ പാസില്‍ നിന്നാണ് മന്‍വീര്‍ സിങ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്.
69ാം മിനിറ്റില്‍ മന്‍വീര്‍ വീണ്ടും വലകുലുക്കി. കളി അവസാനിക്കാന്‍ ആറു മിനിറ്റ് ശേഷിക്കേ ഇന്ത്യ ഗോള്‍ നേട്ടം മൂന്നാക്കി. ഇത്തവണ ആഷിഖിന്റെ പാസില്‍ നിന്ന് പകരക്കാരനായി ഇറങ്ങിയ സുമിത് പാസിയാണ് ഇന്ത്യയുടെ അവസാന ഗോള്‍ കണ്ടെത്തിയത്. പിന്നീട് ഉണ്ടായ അടിപിടിയെ തുടര്‍ന്ന് പാകിസ്താന്റെ മൊഹ്‌സിന്‍ അലിയും ഇന്ത്യയുടെ ചങ്‌തെയും ചുവപ്പ് കാര്‍ഡ് കണ്ടതോടെ 10 പേരുമായാണ് ഇരുടീമും കളി തുടര്‍ന്നത്. മല്‍സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ പാകിസ്താന്‍ ഒരു ഗോള്‍ മടക്കിയെങ്കിലും ഇന്ത്യ അനായാസജയം സ്വന്തമാക്കുകയായിരുന്നു.

്്്‌

RELATED STORIES

Share it
Top