കൂടെ നിന്ന് ഫോട്ടോ എടുത്തതിന് തന്നെ പാര്‍ട്ടി അംഗമാക്കി; ബിജെപി പ്രചരണം പൊളിച്ച് ഫാദര്‍ മാത്യു മണവത്ത്കോട്ടയം: അഞ്ച് ക്രിസ്ത്യന്‍ പുരോഹിതര്‍ ബിജെപിയില്‍ അംഗത്വമെടുത്തുവെന്നുള്ള ബിജെപിയുടെ പ്രചരണം പൊളിഞ്ഞു. പാര്‍ട്ടി അംഗമായെന്ന് ബിജെപി ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് പ്രചരിപ്പിച്ച ഫാദര്‍ മാത്യു മണവത്ത് തന്നെ നിഷേധക്കുറിപ്പുമായി രംഗത്തെത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുടെ അടുത്ത് ഒരു സഹായം തേടിച്ചെന്ന തന്റെ ഫോട്ടോ എടുത്ത് വ്യാജം പ്രചരിപ്പിക്കുകയാണെന്ന് ഫാദര്‍ മാത്യു മണവത്ത് ഫെയ്‌സ്ബുക്കില്‍ അറിയിച്ചു.

ബിജെപി കേരളയെന്ന ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വിവരം തെറ്റായിട്ടാണ് നല്‍കിയിരിക്കുന്നത്. ഇത് ബന്ധപ്പെട്ടവര്‍ തിരുത്തണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. ഫാ. മാത്യു മണവത്തിന്റെ പ്രസ്താവനയ്ക്കു പിന്നാലെ പാര്‍ട്ടി പോസ്റ്റ് തിരുത്തി. മാധ്യമങ്ങളെയും അഞ്ചു പുരോഹിതര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തതായിട്ടാണ് ബിജെപി അറിയിച്ചിരുന്നത്. അതില്‍ ഫാ. മാത്യു മണവത്തിന്റെ പേരുണ്ടായിരുന്നു.

താന്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തിട്ടില്ലെന്ന് വൈദികന്റെ പ്രസ്താവനയോടെ ബിജെപി വന്‍ പ്രതിരോധത്തിലായിരിക്കുകയാണ്. എന്റെ പ്രവര്‍ത്തന മണ്ഡലം ആത്മീയ രംഗവും, വിദ്യാഭ്യാസ രംഗവുമാണ്. രാഷ്ട്രീയം എന്റെ മേഖലയല്ലെന്ന് ഫാ. മാത്യു മണവത്ത് വിശദമാക്കി.
എല്ലാ രാഷ്ടീയ പാര്‍ട്ടികളിലെയും നേതാക്കളുമായി പരിചയമുണ്ട്. ജന്മനാട്ടിലെ ഒരു സഹോദരന്‍ സൗദിയില്‍ മരണപ്പെട്ടിരുന്നു. നിര്‍ധന കുടുംബമായ ആ സഹോദരനെ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന അപേക്ഷയുമായി ശ്രീധരന്‍ പിള്ളയെ കണ്ടിരുന്നുവെന്നത് സത്യമാണ്.

ശ്രീധരന്‍പിള്ളയെ കണ്ടാല്‍ മെമ്പര്‍ ആകുമോയെന്നും വൈദികന്‍ ചോദിക്കുന്നു. ഈ ആവശ്യത്തിന് താന്‍ ജോസ് കെ മാണിയെയും കണ്ടിരുന്നു. അതിന്റെ പേരില്‍ താന്‍ ആ പാര്‍ട്ടികാരന്‍ ആവുമോ? ചിലയിടങ്ങളില്‍ ചെല്ലുമ്പോള്‍ അവര്‍ നല്‍കുന്ന ജ്യൂസ് കുടിക്കേണ്ടി വരും, അവര്‍ ഒരു നല്ല വാക്ക് പറയാന്‍ പറയുമ്പോള്‍ നിഷേധിക്കാന്‍ പറ്റാതെ വരും. അവര്‍ ഫോട്ടോ എടുക്കും. അവരുടെ അനുയായി അല്ലെങ്കില്‍ അനുഭാവി എങ്കിലും ആക്കുമെന്നും വൈദികന്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയും ഫാ മാത്യു മണവത്ത് ഉള്‍പ്പെടെയുള്ളവരുടെ ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു. കേരളത്തിലെ മാറുന്ന രാഷ്ട്രീയത്തിന്റെ സൂചനയാണിതെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

[embed]https://www.facebook.com/photo.php?fbid=1902914606457087&set=a.810944412320784&type=3&__xts__[0]=68.ARC7iR7OSW4syj0uNm9l4U6emxwzqCtTK-eX3d5jYzWCp_H_b4mhftuEM_PfuKoYTgJGvmjaCxuBe-5YPmWiLkUGR0Y6WLDXU_zinLBvwWpvuJL_FdmXzfg5eGsJ-hGngzBM0OmI_xO3vM7-OVET4676Dn7h1U5dhdwOf4eOw_Q1Ya3Tb_p4QA&__tn__=-R[/embed]

RELATED STORIES

Share it
Top