Women

കൊവിഡും ന്യൂമോണിയയും കീഴടങ്ങി;39കാരിയ്ക്ക് സുഖപ്രസവം

കലൂര്‍ എളമക്കര സ്വദേശിയായ കിരണ്‍ സുരേഖയും പൂര്‍ണആരോഗ്യവതിയായ പെണ്‍കുഞ്ഞും ആശുപത്രി വിട്ടു. കഴിഞ്ഞ മെയ് മാസത്തിലാണ് കൊവിഡ് ബാധിച്ച് കിരണിനെ ഒരു കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ പ്രവേശിപ്പിച്ചത്. പിന്നീടുണ്ടായ ന്യൂമോണിയയും കടുത്ത ശ്വാസതടസവും അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയായതിനെത്തുടര്‍ന്ന് കിരണിനെ വിപിഎസ് ലേക്ക്ഷോറിലേയ്ക്ക് മാറ്റുകയായിരുന്നു

കൊവിഡും ന്യൂമോണിയയും കീഴടങ്ങി;39കാരിയ്ക്ക് സുഖപ്രസവം
X

കൊച്ചി: തന്റെ മാത്രമല്ല 28 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭസ്ഥ ശിശുവിന്റേയും ജീവന് വെല്ലുവിളിയുമായെത്തിയ ഗുരുതരമായ കൊവിഡ് ന്യൂമോണിയയെ കീഴടക്കി 39 വയസുകാരിക്ക് കൊച്ചി വിപിഎസ് ഹോസ്പിറ്റലില്‍ സുഖപ്രസവം. കലൂര്‍ എളമക്കര സ്വദേശിയായ കിരണ്‍ സുരേഖയും പൂര്‍ണആരോഗ്യവതിയായ പെണ്‍കുഞ്ഞും ആശുപത്രി വിട്ടു. കഴിഞ്ഞ മെയ് മാസത്തിലാണ് കൊവിഡ് ബാധിച്ച് കിരണിനെ ഒരു കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ പ്രവേശിപ്പിച്ചത്. പിന്നീടുണ്ടായ ന്യൂമോണിയയും കടുത്ത ശ്വാസതടസവും അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയായതിനെത്തുടര്‍ന്ന് കിരണിനെ വിപിഎസ് ലേക്ക്ഷോറിലേയ്ക്ക് മാറ്റുകയായിരുന്നു. ശരീരത്തില്‍ ഓക്സിജന്റെ അളവ് തീരെ കുറഞ്ഞ് ഇന്‍വേസീവ് വെന്റിലേഷനും എമര്‍ജന്‍സി സിസേറിയനും അത്യാവശ്യമായ ഘട്ടത്തിലായിരുന്നു കിരണ്‍ അപ്പോള്‍.

എന്നാല്‍ ഇന്‍വേസീവ് വെന്റിലേഷന്‍ ഉയര്‍ത്തിയ ഗുരുതരമായ അപകടസാധ്യതകള്‍ കണക്കിലെടുത്ത് നോണ്‍-ഇന്‍വേസീവ് വെന്റിലേറ്റര്‍ എന്ന റിസ്‌ക്കെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. അമ്മയുടേയും ഗര്‍ഭസ്ഥശിശുവിന്റേയും ഹൃദയമിടിപ്പ് സസൂക്ഷ്മം നിരീക്ഷിച്ച് ഹൈ ഫ്ളോ നാസല്‍ കാനുല (എച്ച്എഫ്എന്‍സി) എന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് ഇത് ചെയ്തത്. കിരണിന്റെ രക്തത്തിലെ ഉയര്‍ന്ന കീറ്റോണ്‍ അളവു മൂലമുണ്ടായ ഗുരുതരമായ കീറ്റോആസിഡോസിസ് എന്ന അവസ്ഥയായിരുന്നു മറ്റൊരു വെല്ലുവിളി. ഫ്ളൂയിഡ് ഇന്‍ഫ്യൂഷനുകള്‍ നല്‍കിയും ഭക്ഷണക്രമം മാറ്റിയുമാണ് ഇത് നേരിട്ടത്.

തുടര്‍ന്ന് നല്‍കിയ തുടര്‍ച്ചയായ ചികില്‍സയിലൂടെ കിരണ്‍ ന്യൂമോണിയമുക്തയായി, മൂന്നാഴ്ചയ്ക്കു ശേഷം ആശുപത്രി വിട്ടു. തുടര്‍ന്നും ശ്വാസകോശരോഗ, ഗൈനക്കോളജി വിഭാഗങ്ങളുടെ ചികിത്സയില്‍ തുടര്‍ന്ന കിരണിന്റെ ശ്വാസകോശത്തിന്റെ ആരോഗ്യമായിരുന്നു പ്രസവമടുത്തപ്പോള്‍ നേരിട്ട പ്രശ്നം. എന്നാല്‍ വിദഗ്ധസംഘത്തിന്റെ നേതൃത്വത്തില്‍ സാധാരണ പ്രസവത്തിലൂടെ തന്നെ ഇക്കഴിഞ്ഞ ജൂലൈ 6-ന് കിരണ്‍ പൂര്‍ണആരോഗ്യവതിയായ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

ഭര്‍ത്താവ് ബെന്നി എം എസ്, 17-കാരനായ മകന്‍ പ്രിന്‍സ് ജെ ചാള്‍സ്, 10 വയസ്സുകാരിയായ സാറ മരിയ തോമസ് എന്നിവരുള്‍പ്പെടുന്നതാണ് കിരണിന്റെ കുടുംബം.വിപിഎസ് ലേക്ക്ഷോറിലെ പള്‍മനോളജി, ക്രിട്ടിക്കല്‍ കെയര്‍, അനസ്തേഷ്യോളജി, കൊവിഡ് കെയര്‍, ഒബ്സ്റ്റെട്രിക്സ്, ഗൈനക്കോളജി, എന്‍ഡോക്രിനോളജി വിഭാഗങ്ങളില്‍ നിന്നുള്ള ഡോ ഹരി ലക്ഷ്മണന്‍ പി, ഡോ നിതാ ജോര്‍ജ്, ഡോ സ്മിതാ ജോയ്, ഡോ ടീന, ഡോ. ജാസിം അബ്ദുള്‍ ജലാല്‍, ഡോ ജോസഫ് കെ ജോസഫ് എന്നിവരുള്‍പ്പെട്ട ടീമാണ് കിരണിന്റെ ചികില്‍സയ്ക്കും പ്രസവത്തിനും നേതൃത്വം നല്‍കിയത്.

Next Story

RELATED STORIES

Share it