Family

പ്രതിരോധശേഷി കുറഞ്ഞവരില്‍ അപകടം; അല്ലെങ്കില്‍ അതൊരു ചുക്കും ചെയ്യില്ല- ബ്ലാക്ക് ഫംഗസിനെക്കുറിച്ച് ഡോ.ഷിംന അസീസ്

ബ്ലാക് ഫംഗസ് അപകടകാരിയാണോ, അറിയേണ്ടതെല്ലാം

പ്രതിരോധശേഷി കുറഞ്ഞവരില്‍ അപകടം; അല്ലെങ്കില്‍ അതൊരു ചുക്കും ചെയ്യില്ല- ബ്ലാക്ക് ഫംഗസിനെക്കുറിച്ച് ഡോ.ഷിംന അസീസ്
X

തിരുവനന്തപുരം: ബ്ലാക് ഫംഗസിനെക്കുറിച്ച് അവ്യക്തമായ വിവരങ്ങളാണ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്്. പ്രതിരോധ ശേഷിക്കുറവുള്ളവരെ മാത്രമേ രോഗം ഗുരുതരമായി ബാധിക്കൂവെന്ന് പൊതു ജനാരോഗ്യ വിദഗ്ധ ഡോ. ഷിംന അസീസ് പറയുന്നു.

ഭീതി വിതക്കുന്ന രോഗത്തെക്കുറിച്ച് ഡോ. ഷിംന അസീസ് അവരുടെ ഫേസ് ബുക്കില്‍ കുറിച്ചത്.

ബ്ലാക്ക് ഫംഗസ് ചിത്രങ്ങളാണ് വാട്ട്‌സ്ആപ്പ് നിറയെ. ഓരോ ചിത്രവും അസ്വസ്ഥയുണ്ടാക്കുന്ന വോയ്‌സ് മെസേജുകളുടെ അകമ്പടിയോടെയാണ് വരുന്നതും. ഇപ്പോഴത്തെ പ്രധാന പ്രചാരണം ഒരേ മാസ്‌ക് തുടര്‍ച്ചയായുപയോഗിക്കുന്നതാണ് ബ്ലാക് ഫംഗസുണ്ടാക്കുന്നത് എന്നാണ്.

ചില കാര്യങ്ങള്‍ പറയാനുണ്ട്.

ബ്ലാക്ക് ഫംഗസുണ്ടാക്കുന്ന, ആ മനുഷ്യനെ പേടിപ്പിക്കുന്ന പേരുള്ള പൂപ്പല്‍ ഇവിടെ നമുക്ക് ചുറ്റുമുപാടും ഈര്‍പ്പമുള്ള എല്ലായിടത്തുമുണ്ട്. ആള്‍ പുതുമുഖമല്ല. നനഞ്ഞ മണ്ണിലും ചെടികളിലും പ്രതലങ്ങളിലുമെല്ലാം ഈ പൂപ്പലിന്റെ സാന്നിധ്യമുണ്ട്. ഇത് സാധാരണ ഗതിയില്‍ നമ്മളെ ഉപദ്രവിക്കാനും പോണില്ല.

അപ്പോ വാട്ട്‌സാപ്പളിയന്‍ പറഞ്ഞത്? പാതി വെന്ത മെസേജാണ്. എന്ന് വെച്ചാല്‍?

കടുത്ത രീതിയില്‍ പ്രതിരോധശേഷിക്കുറവുള്ളവരിലാണ് മ്യൂക്കര്‍മൈക്കോസിസ് ഉള്‍പ്പെടെയുള്ള പൂപ്പല്‍രോഗങ്ങള്‍ സാരമായ രോഗബാധയുണ്ടാക്കുന്നത്. അല്ലെങ്കില്‍ അതൊരു ചുക്കും ചെയ്യൂല.

അതാരൊക്കെയാ?

കാന്‍സര്‍ രോഗികള്‍, കാന്‍സറിന് കീമോതെറപ്പി എടുക്കുന്നവര്‍, അവയവദാനം സ്വീകരിച്ചവര്‍, കുറേ കാലം തുടര്‍ച്ചയായി സ്റ്റിറോയ്ഡ് മരുന്നുകള്‍ എടുക്കുന്നവര്‍, ഏറ്റവും പ്രധാനവും സാധാരണവുമായി അനിയന്ത്രിതമായ പ്രമേഹമുള്ളവര്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവര്‍ക്കൊക്കെ കൊവിഡ് വന്നിരിക്കുന്ന സമയവും വന്ന് പോയ ശേഷമുള്ള പോസ്റ്റ് കൊവിഡ് പിരീഡും നിര്‍ണായകമാണ്.

ഇവര്‍ക്കൊക്കെ രോഗം വരാതെ തടയാന്‍ എന്ത് ചെയ്യും?

പ്രമേഹം നിയന്ത്രിക്കുന്നത് സുപ്രധാനമാണ്. വര്‍ഷങ്ങളായി ഡോക്ടറെ കാണാതെ ഒരേ ഡോസ് മരുന്ന് കൃത്യതയില്ലാതെ കഴിച്ചു കൊണ്ടിരിക്കുന്നവര്‍, സ്വയം ചികിത്സ ചെയ്തും അശാസ്ത്രീയമായ ഒറ്റമൂലികളിലും വിശ്വസിച്ച് ഭക്ഷണനിയന്ത്രണമോ വ്യായാമമോ ഇല്ലാതെ കഴിയുന്നവര്‍, കൊവിഡ് ചികിത്സ ആവശ്യമായി വന്ന സമയത്ത് സ്റ്റിറോയ്ഡ് ചികിത്സ ആവശ്യമായി വന്ന പ്രമേഹരോഗികള്‍ തുടങ്ങിയവര്‍ തീര്‍ച്ചയായും നിലവിലെ ആരോഗ്യസ്ഥിതി ഒരു ഡോക്ടറെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട് വിലയിരുത്തുന്നത് നന്നാവും. ടെന്‍ഷനാക്കാനല്ല, ആരോഗ്യസ്ഥിതി എന്താണെന്നറിയാനും സുരക്ഷിതരാകാനും വേണ്ടി മാത്രം. ആ പിന്നേ, നേരത്തേ പറഞ്ഞ പ്രതിരോധശേഷി കുറവുള്ളവര്‍ എന്ന് പറഞ്ഞ് വെച്ച എല്ലാവരും തന്നെ മണ്ണിലും ചെടികള്‍ക്കിടയിലുമൊക്കെ ജോലി ചെയ്യുമ്പോള്‍ മാസ്‌കും ഗ്ലൗസും സുരക്ഷാബൂട്ടുകളുമൊക്കെ ഉപയോഗിക്കുന്നതാവും നല്ലത്. സാധിക്കുമെങ്കില്‍ ഇത്തരം ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കാം, അഥവാ ചെയ്യുന്നുവെങ്കില്‍ അതിന് ശേഷം നന്നായി സോപ്പിട്ട് വൃത്തിയായി കുളിക്കാം.

രോഗം വന്നോന്ന് എങ്ങനെയറിയാം? ലക്ഷണങ്ങള്‍ എന്തൊക്കെയാ?

മുഖത്തും കണ്ണിലും തലച്ചോറിലും ശ്വാസകോശത്തിലും തൊലിപ്പുറത്തും ദഹനവ്യവസ്ഥയിലും ചിലപ്പോള്‍ ഒന്നിലേറെ ആന്തരികവ്യവസ്ഥകളില്‍ ചിതറിപ്പടര്‍ന്നുമെല്ലാം മ്യൂക്കര്‍മൈക്കോസിസ് വരാം. മുഖത്താണ് പൂപ്പല്‍ ബാധിച്ചതെങ്കില്‍ മൂക്കിന്റെ ഒരു വശത്ത് അടവ്, തവിട്ട് നിറത്തിലോ രക്തം കലര്‍ന്നോ മൂക്കില്‍ നിന്നുള്ള സ്രവം, കണ്ണിന് ചുറ്റും മരവിപ്പ്, തടിപ്പ്, കണ്ണ് പുറത്തേക്ക് തള്ളി വരല്‍, തലവേദന, തലകറക്കം, പരസ്പരബന്ധമില്ലാത്ത പെരുമാറ്റം, അപസ്മാരം തുടങ്ങിയവ ഉണ്ടാകാം. ഈ അവസ്ഥയുടെ ചിത്രങ്ങളാണ് നമ്മളേറ്റവും കൂടുതലായി സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. ശ്വാസകോശത്തിനകത്ത് വരുമ്പോള്‍ പനി, നെഞ്ചുവേദന തുടങ്ങിയവയൊക്കെ വരാം. തൊലിപ്പുറത്തോ അണ്ണാക്കിലോ കറുത്ത നിറം വരാം. ഇതിലേതൊക്കെ വന്നാലും ആദ്യഘട്ടത്തില്‍ മരുന്ന് ചികിത്സ വഴിയും ചെറുതോ വലുതോ ആയ സര്‍ജറി വഴിയും രോഗിയെ രക്ഷപ്പെടുത്താനാവും. അനിയന്ത്രിതമാം വിധം രോഗം ശരീരത്തില്‍ പടര്‍ന്നു കഴിഞ്ഞാല്‍ മരണസാധ്യത 40-80% വരെയാണ്.

മാസ്‌ക് കുറേ നേരം മാറ്റാതിരുന്നാല്‍ ഈ സൂക്കേട് വരുമോ?

നനഞ്ഞിരിക്കുന്ന മാസ്‌കില്‍ നിന്നും മ്യൂക്കര്‍മൈക്കോസിസ് അപൂര്‍വ്വമായെങ്കിലും പ്രതിരോധശേഷിക്കുറവുള്ളവര്‍ക്ക് വന്നു കൂടെന്നില്ല. മാസ്‌ക് വൃത്തിയായി സൂക്ഷിക്കണം, എട്ട് മണിക്കൂറിലപ്പുറമോ/നനയുന്നത് വരെയോ (ഏതാണ് ആദ്യം, അത് വരെ) മാത്രമേ ഒരു മാസ്‌ക് ഉപയോഗിക്കാവൂ എന്നറിയാമല്ലോ. കോട്ടന്‍ മാസ്‌കുകള്‍ നന്നായി കഴുകി, വെയിലത്തിട്ടുണക്കി മാത്രം രണ്ടാമത് ഉപയോഗിക്കുക. എന്‍95 മാസ്‌കുകള്‍, സര്‍ജിക്കല്‍ മാസ്‌കുകള്‍ തുടങ്ങിയവയെല്ലാം തന്നെ നിര്‍ദേശിക്കപ്പെട്ട രീതിയില്‍ ഉപയോഗിക്കുക, ശേഷം. ഒഴിവാക്കുക. ഒരേയൊരു കാര്യം, ബ്ലാക്ക് ഫംഗസ് വരുമെന്ന് പറഞ്ഞ് മാസ്‌ക് ഒഴിവാക്കരുത്. അപൂര്‍വ്വമായൊരു രോഗബാധയെ ഭയന്ന് നാല് പാടും കൊമ്പ് കുലുക്കി നടക്കുന്ന കൊറോണയെ അവഗണിക്കരുത്. അത് വലിയ ഭവിഷ്യത്തുകളുണ്ടാക്കും.

പ്രതിരോധശേഷി കുറഞ്ഞാലല്ലേ ഈ സൂക്കേട് വരിക? അപ്പോ അത് കൂട്ടാന്‍ പറ്റൂലേ?

സ്വച്ചിട്ട പോലെ പ്രതിരോധശേഷി കൂട്ടുന്ന ഒരു സൂത്രപ്പണിയും നിലവിലില്ല. നേരത്തിന് ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, വ്യായാമം ചെയ്യുക, വിശ്രമിക്കുക, രോഗലക്ഷണങ്ങള്‍ തോന്നിയാല്‍ കൃത്യമായി ചികിത്സ തേടുക, കൊറോണ ഉള്‍പ്പെടെയുള്ള രോഗങ്ങളില്‍ നിന്നും മുന്‍കരുതലുകള്‍ ശക്തമായി തുടരുക. അല്ലാതെ ചില പ്രത്യേക ഗുളികകളോ, പഴങ്ങളോ, പൊടിയോ, പുകയോ, വസ്ത്രമോ കിടക്കയോ മിഠായിയോ ഒന്നും പ്രതിരോധശേഷി ഒറ്റയടിക്ക് കൂട്ടില്ല.

ഇങ്ങനെയൊക്കെ ശ്രദ്ധിച്ചിട്ടും സൂക്കേട് വന്നാല്‍?

എന്തിനാ സംശയിക്കുന്നത്...ഞങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇവിടുണ്ടല്ലോ... സാധിക്കുന്നതെല്ലാം ചെയ്യും, കൂടെയുണ്ടാകും.


Next Story

RELATED STORIES

Share it