Emedia

മതേതര സൂപ്പര്‍മാനെ തേടിപ്പോകുന്ന കാലം മുസ്‌ലിം സമുദായത്തിന് കഴിഞ്ഞിരിക്കുന്നു

മതേതര സൂപ്പര്‍മാനെ തേടിപ്പോകുന്ന കാലം മുസ്‌ലിം സമുദായത്തിന് കഴിഞ്ഞിരിക്കുന്നു
X

വസീം ആര്‍ എസ്

ന്യൂഡല്‍ഹി: ജഹാംഗീര്‍പുരിയിലെ മുസ് ലിംസ്ഥാപനങ്ങളും ഭവനങ്ങളും ഇടിച്ചുനിരത്തിയ നീക്കം സുപ്രിംകോടതി ഇടപെട്ടാന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. സുപ്രിംകോടതി ഉത്തരവിട്ടിട്ടും അത് ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി പൊളിക്കന്‍ തുടരാനും കോര്‍പറേഷന്‍ തുനിഞ്ഞുവെന്നത് എത്ര പ്രതികാരബുദ്ധിയോടെയാണ് ഇക്കാര്യങ്ങളില്‍ ബിജെപി ഇടപെടുന്നത് എന്നതിന് തെളിവാണ്. വൃന്ദാകാരാട്ട് നേരിട്ടെത്തി വിധിപ്പകര്‍പ്പ് കൈമാറും വരെ പൊളിക്കല്‍ തുടര്‍ന്നു. ഇടപെടാന്‍ ശ്രമിച്ച മുസ് ലിം രാഷ്ട്രീയക്കാരെ പ്രവേശിപ്പിക്കാന്‍ പോലിസ് അനുവദിക്കുകയും ചെയ്തില്ല. ഈ സാഹചര്യത്തില്‍ പ്രദേശം സന്ദര്‍ശിച്ച വസിം ആര്‍ എസ് ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ്.

പോസ്റ്റിന്റെ പൂര്‍ണരൂപം

ജഹാംഗീര്‍പുരി സന്ദര്‍ശിച്ചു. വളരെ പാവപ്പെട്ട മുസ് ലിംകള്‍ താമസിക്കുന്ന, ഒരു ജനവാസ പ്രദേശമാണ് അത്. ഭൂരിഭാഗം പേര്‍ ( സി പി എം കാലങ്ങളോളം ഭരിച്ച )ബംഗാളില്‍ നിന്നും ജോലി ആവശ്യാര്‍ത്ഥം കുടിയേറിയവര്‍. രാമ നവമിയുമായി ബന്ധപ്പെട്ട് ബജറങ്ദള്‍ പള്ളിയില്‍ കയറി കലാപശ്രമം നടത്താന്‍ ശ്രമിച്ചതിനെ അവിടത്തെ മുസ് ലിംകള്‍ എല്ലാ അര്‍ഥത്തിലും പ്രതിരോധിച്ചിരുന്നു. സായുധമായും. ഇന്ന് അവിടെ ഗവണ്മെന്റ് നേതൃത്വത്തില്‍ നടന്ന കുടിയൊഴിപ്പിക്കല്‍ അതിന്റെ പ്രതികാരമാണ് എന്ന് തന്നെ പറയാം. അതില്‍ ഗോപാല്‍ ശര്‍മ എന്ന ഒരു ഹിന്ദു സഹോദരന്റെ ഷോപ്പ് കൂടി ഉള്‍പ്പെട്ടു എന്ന് മാത്രം.

ജഹാംഗീര്‍ പുരിയിലെ മുസ് ലിം ജനത വളരെ അടിത്തട്ടിലുള്ള ജീവിതം അനുഭവിച്ചവരാണ്. അതിന്റെ കനം അവരുടെ ഓരോ പ്രതികരണങ്ങള്‍ക്കുമുണ്ട്. അവിടത്തെ പള്ളിയിലെ ഇമാമിന്റെ വീഡിയോകള്‍ എല്ലാവരും കണ്ടിരിക്കും. രാം നവമി യാത്രയോ എന്തോ നടന്നു കൊള്ളട്ടെ, ഞങ്ങള്‍ക്ക് പ്രശ്‌നമില്ല, പക്ഷെ ഞങ്ങളുടെ പള്ളിയിലേക്ക് അവരുടെ കൊടി വെക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഞങ്ങള്‍ക്കും കയ്യും കാലും ഉണ്ട്. അത് കൊണ്ട് ഞങ്ങള്‍ അത് ഉപയോഗിക്കും എന്ന് അദ്ദേഹം പറയുന്നുണ്ട്. അവിടത്തെ ധീരയായ മറ്റൊരു മുസ്ലിം സ്ത്രീയുടെ വീഡിയോയും വൈറലായിരുന്നു. ഞങ്ങള്‍ ഉറുമ്പിനെ പോലും ഉപദ്രവിക്കാത്ത ഈ റമദാന്‍ മാസത്തില്‍ ഞങ്ങള്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കും എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? കള്ളന്മാര്‍ പോലും കക്കാന്‍ മടിക്കുന്ന മാസമാണിത്. രണ്ട് രാം നവമി ജാഥകള്‍ ഇവിടെ സമാധാനമായി നടന്നു. മൂന്നാമത്തെത് അവര്‍ പള്ളിയില്‍ കയറിയപ്പോള്‍ ആണ് ഞങ്ങള്‍ക്കും പെരുമാറേണ്ടി വന്നത്. ഇത് ഞാന്‍ പറയാന്‍ കാരണം, വളരെയധികം സ്വയം ശാക്തീകരിക്കപ്പെട്ട, അഭിമാന ബോധമുള്ള മുസ്ലിം ജനതയാണ് അവിടെയുള്ളത് എന്ന് ബോധ്യപ്പെടുത്താനാണ്.

ഇന്ന് അവിടത്തെ മുസ് ലിംകളെ സംബന്ധിച്ചടത്തോളം തീര്‍ത്തും പ്രയാസകരമായിരുന്ന ദിവസം ആയിരുന്നു. ആ പ്രദേശത്തുള്ള ഒരുപാട് മുസ്‌ലിം യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തും എന്‍ എസ് എ അടക്കമുള്ള ഭീകര നിയമങ്ങള്‍ ചാര്‍ത്തിയും കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്. പ്രതിഷേധിച്ചവരെ ഒക്കെ ആയിരത്തി നന്നൂറോളം വരുന്ന പോലീസ് ഫോഴ്‌സ് എടുത്തു കൊണ്ട് പോവുകയാണ്. അവിടെയാണ് വൃന്ദ കാരാട്ട് എന്ന, ഇന്ത്യയിലെ ഒരുപാട് പ്രിവിലേജുള്ള ഒരു ഹിന്ദു സ്ത്രീക്ക് സംഭവ സ്ഥലത്തേക്ക് എന്‍ട്രി ലഭിക്കുന്നത്. അവരുടെ പ്രിവിലേജ് കാരണം. മാധ്യമ പ്രവര്‍ത്തകരെ അല്ലാതെ ആരെയും അവിടേക്ക് കടത്തി വിടുന്നില്ല. ഒറ്റ മുസ്‌ലിം നേതാക്കള്‍ക്കും അങ്ങോട്ട് പ്രവേശനം ലഭിക്കുന്നില്ല. എന്നിട്ട് വൃന്ദ കാരാട്ട് ചെയ്തത് എന്താണ്? അവിടെ നടക്കുന്ന ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള തകര്‍ക്കലുകള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ അവര്‍ അവിടെ ഉണ്ടായിരുന്നില്ല. ജാമിയ്യത്തതുല്‍ ഉലമ ഹിന്ദിന്റെ കോടതി ഇടപെടലില്‍ കോടതി വിധി വന്നപ്പോള്‍, അത് എത്തിയില്ല എന്ന് പറഞ്ഞു വീണ്ടും ബുള്‍ഡോസര്‍ പണി തുടര്‍ന്നപ്പോള്‍ അവര്‍ അവിടെ എത്തി പോലിസ്സിനോട് സംസാരിച്ചു, ഒരു ചെറിയ സമയം ബുള്‍ഡോസറിന്റെ അടുത്ത് നിന്ന് പ്രതിഷേധിച്ചു. നല്ലത് തന്നെ.

പക്ഷെ കോടതി വിധിയില്‍ എല്ലാ ആശ്വാസവും കണ്ടെത്തുകയും, വൃന്ദ കാരാട്ടിനെ പോലുള്ള മാസ്റ്റര്‍ ഫിഗറുകളെ തേടുകയും ചെയ്യുന്നത് മുസ്‌ലിം ജന സാമാന്യത്തിന് ഒരു ഗുണവും ചെയ്യില്ല. മുസ്‌ലിം ലീഗ് വര്‍ഗീയ പ്രസ്ഥാനമാണെന്ന് പ്രസംഗിച്ച, ഡല്‍ഹി സി എ എ വിരുദ്ധ സമരത്തിലെ മുസ് ലിം സംഘടനകളുടെ പങ്കിനെ തീവ്രവാദം എന്ന് വിശേഷിപ്പിച്ച സി പി എം റിപോര്‍ട്ടിനെ കുറിച്ച് സുഹൃത്ത് ശര്‍ജീല്‍ ഉസ്മാനി ചോദിച്ചപ്പോള്‍, dont harass me എന്ന് പറഞ്ഞ സ്ത്രീയാണവര്‍. അവരില്‍, മുസ്‌ലിം ജനതയുടെ പ്രതീക്ഷയെ കാണുന്നവര്‍ രാഷ്ട്രീയപരമായി അടിമപ്പെട്ടവരാണെന്നു പറയേണ്ടി വരും.

ചആ:ഡല്‍ഹിയിലെ ചില മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇത്തരം മതേതര ബിബംങ്ങളോട് വലിയ ഇഷ്ടമാണ്. ദീപിക സിംഗ് രാജാവത്ത് ഇന്ത്യന്‍ മുസ് ലിംകളുടെ പ്രതീക്ഷയായി, കേരള മാധ്യമങ്ങളുടെ എഡിറ്റൊറിയല്‍ പേജുകളില്‍ അവരെ അവതരിപ്പിച്ചവരുണ്ട്. അവരുടെ ഒക്കെ ഫാസിസ്റ്റ് വിരുദ്ധ കഥകള്‍ പിന്നെപ്പറയാം. പക്ഷെ, ഒരു കാര്യം പറയട്ടെ. സ്വയം സംഘടിക്കുക. മതേതര സൂപ്പര്‍മാനെ തേടിപ്പോകുന്ന കാലം ഇനിയെങ്കിലും ഇന്ത്യയില്‍ മുസ്‌ലിം സമുദായത്തിന് കഴിഞ്ഞിരിക്കുന്നു.

Next Story

RELATED STORIES

Share it