Top

മഹത്തായ ഭാരതീയ അടുക്കളയില്‍ വേവുന്നത്?

കേരളീയ സ്ത്രീജീവിതത്തെ വരച്ചിടുന്ന കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'മഹത്തായ ഭാരതീയ അടുക്കള' എന്ന സിനിമയെ കുറിച്ച്

മഹത്തായ ഭാരതീയ അടുക്കളയില്‍ വേവുന്നത്?
X

കെ കെ ബാബുരാജ്

'മഹത്തായ ഭാരതീയ അടുക്കള 'എന്ന സിനിമ കണ്ടു. ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ് അധികവും. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുകയാണ് ചെയ്യുന്നത്. ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ടു ആചാരസംരക്ഷകര്‍ നടത്തിയ പ്രതിലോമ സമരത്തെയും, ആര്‍ത്തവത്തോടുള്ള വെറുപ്പിനെയും നന്നായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. തുടക്കത്തിലുള്ള ഇഴച്ചില്‍ ഇത്തരം പ്രതിപാദനങ്ങളിലേക്ക് കടക്കുമ്പോള്‍ മറികടക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ടെന്നാണ് അഭിപ്രായം.

ഇതേസമയം, കേരളീയ പുരോഗമനം ഇപ്പോഴും തള്ളിപ്പറയാന്‍ കൂട്ടാക്കാത്ത സവര്‍ണ്ണ സംവരണ / ഇര വാദം ഈ സിനിമയിലും ഉണ്ടെന്നാണ് വിയോജിച്ചുകൊണ്ട് പറയാനുള്ളത്. നല്ല ഫ്യൂഡല്‍ സമ്പത്തും, സമകാലീന വിദ്യാഭ്യാസം ഉള്ളവരുമായ കേരളത്തിലെ ഒരു ഉപരി മധ്യവര്‍ഗ്ഗ കുടുംബം നിലനില്‍ക്കുന്നത് സവര്‍ണ്ണ സ്ത്രീയുടെ ഗാര്‍ഹിക അധ്വാനത്തില്‍ കേന്ദ്രീകരിച്ചാണോ? ഇത്തരത്തിലുള്ള അടിമത്വവും, സ്ത്രീപീഡനങ്ങളും, കൊലപാതകങ്ങളും, ചതികളും ഇല്ലെന്നല്ല പറയുന്നത്. മറിച്ചു; പഴയ കാലത്തു കീഴാളരും ഇക്കാലത്തു ശുചീകരണ വേലക്കാര്‍ മുതല്‍ ഇതര സംസ്ഥാന ജോലിക്കാര്‍ വരെ ചെയ്യുന്ന അധ്വാനവും ഇത്തരം പദവികളെ സൂചിപ്പിക്കുമ്പോള്‍ മറഞ്ഞുപോകുന്നത് ആശാസ്യമല്ല എന്നാണ് സൂചിപ്പിക്കുന്നത്. അണുകുടുംബങ്ങളില്‍ ആണെങ്കില്‍ ഒരു പരിധിവരെയെങ്കിലും വീട്ടുവേലകള്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.ഇത്തരം കാര്യങ്ങളെ ഒട്ടും പരിഗണിക്കാതെ ,സവര്‍ണ്ണ സ്ത്രീയെ ഗാര്‍ഹിക കഠിനാദ്ധ്വാനത്തിന്റെ ഇരകള്‍ മാത്രമായി കാണുമ്പോള്‍ കേരളീയ സ്ത്രീ മുന്നേറ്റങ്ങളെ മാത്രമല്ല, സവര്‍ണ്ണ സ്ത്രീകളുടെ സ്വത്വപരമായ പുനര്‍നിര്‍മിതികളെയും വിദൂരമാക്കുന്നു എന്നു പറയേണ്ടിവരും.

ഉദാഹരണമായി ' ചിന്താമണി കൊലക്കേസ് 'എന്ന പടത്തില്‍ സവര്‍ണ്ണ സ്ത്രീയെ മഹാ പട്ടിണിക്കാരി, ശുദ്ധ നാട്ടിന്‍പുറത്തുകാരി എന്നെക്കെ വിളിച്ചുകൊണ്ടു അവളുടെ സ്വത്വത്തെയും ലൈംഗീക നിര്‍വഹത്വത്തെയും വിദൂരമാക്കുന്നുണ്ട്. പുതുതായി ഉയര്‍ന്നു വന്നിട്ടുള്ള കീഴാള സ്വത്തുടമസ്ഥതയെ പിശാചുവല്‍ക്കരിക്കാനാണ് അവളുടെ കര്‍തൃത്വത്തെ ഇങ്ങനെ ശോഷിപ്പിക്കുന്നത്. സമാനമായ നിലയില്‍, ഭാരതീയ അടുക്കളയിലെ സവര്‍ണ്ണ സ്ത്രീയെ വീട്ടടിമയായും കുടുംബത്തിലെ സ്ത്രീകള്‍ അടക്കമുള്ളവരുടെ അക്രമണത്തിന് വിധേയയും ചിത്രീകരിക്കുന്നു. സവര്‍ണ്ണ സ്ത്രീയുടെ അവസ്ഥ എന്നതിനുപരി സിനിമയുടെ രാഷ്ട്രീയ ലക്ഷ്യമാണ് ഇവിടെ വെളിപ്പെടുന്നത് .

അതായത് , ഇന്ത്യയിലും കേരളത്തിലും ലിബറല്‍ സ്ത്രീവാദം ഉയര്‍ന്നു വന്നതു 'ദേവി'യില്‍ നിന്നും 'കാളി'യിലേക്കുള്ള രൂപാന്തരണത്തെ പ്രതീകവല്‍ക്കരിച്ചു കൊണ്ടാണ്. ഹൈന്ദവവും ഇതിഹാസ പുരാണങ്ങളില്‍ തളം കെട്ടിക്കിടക്കുന്നതുമായ ഇതേ സ്ത്രീവാദം ഈ സിനിമയിലും തുടരുന്നുണ്ട് .

കുടുംബത്തെ നിരാകരിച്ചു കൊണ്ട് ഗുജറാത്തി നൃത്ത വിദ്യാപീഠത്തില്‍ എത്തുന്ന നായിക, ശക്തിസ്വരൂപിണിയായ ദേവിയുടെ ഭാവങ്ങളെയാണ് ആവിഷ്‌കരിക്കുന്നത്. സഹനത്തില്‍ നിന്നും ശക്തിയിലേക്കുള്ള ഈ പരിവര്‍ത്തനം കഌസിക്കല്‍ നൃത്തശില്പങ്ങളിലൂടെയാവുന്നത് യാദൃച്ഛികമല്ല. ഇതിലൂടെ സവര്‍ണ്ണ സ്ത്രീയുടെ അധികാരം വീണ്ടെടുക്കപ്പെടുന്നുണ്ടെങ്കിലും, അപരത്തോടുള്ള സംവാദം ഒഴിവാക്കപ്പെടുകയാണ് ചെയ്യുന്നത്.

ഈ സിനിമയില്‍പരിചാരികയായി വരുന്ന കീഴാള സ്ത്രീ ' സൂചക' മാകാതെ' പാസ്സിങ് റഫറന്‍സ്' മാത്രമാകുന്നത് ഈ പശ്ചാത്തലത്തിലാണ് . ശ്രുതീഷ് കണ്ണാടി, ശരിയായി ചൂണ്ടിക്കാണിച്ചത് പോലെ 'വി .ടി യുടെ സ്ത്രീകള്‍ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് ഇറങ്ങുന്നതിനും എത്രയോ കാലങ്ങള്‍ക്ക് മുന്‍പ് തന്നെ കീഴാള സ്ത്രീകള്‍ നടത്തിയിട്ടുള്ള ജാതിവിരുദ്ധ, സമത്വാവകാശ സമരങ്ങള്‍ അദൃശ്യമായി തുടരുന്നതിന്റെ മറ്റൊരു പകര്‍പ്പാണ് ഈ സിനിമ'എന്നതാണ് ഇതിനു കാരണം എന്നു തോന്നുന്നു.

Next Story

RELATED STORIES

Share it